എമ്പുരാന്‍ രാജ്യവിരുദ്ധ സിനിമയെന്ന് ദേവന്‍, 'സിനിമ കള്ളം പറയരുത്, ചിലതൊക്കെ സംഭവിച്ച് കാണും'
മലയാളത്തിലെ എക്കാലത്തേയും വലിയ ബോക്‌സോഫീസ് ഹിറ്റായ എമ്പുരാന്‍ എന്ന സിനിമ രാജ്യവിരുദ്ധ സിനിമയാണ് എന്ന് നടന്‍ ദേവന്‍. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമല്ല ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ എമ്പുരാന്‍ സിനിമയ്ക്ക് എതിരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ എമ്പുരാന്‍ എന്ന സിനിമയ്ക്ക് പൂര്‍ണമായും എതിരാണ്. വെറും അസംബന്ധം മാത്രമായിരുന്നു അത്. ആ ചിത്രം ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും എതിരായ ദേശവിരുദ്ധ സിനിമയാണ്. ശരിക്കും നടന്ന സംഭവങ്ങളല്ലല്ലോ അതില്‍ കാണിച്ചത്. സിനിമയുടെ ആദ്യം അവര്‍ ചില കാര്യങ്ങള്‍ കാണിച്ചു. പിന്നീട്, അതെല്ലാം മറച്ചു. അതിന്റെ പരിണതഫലമാണ് പിന്നീട് അവര്‍ കാണിച്ചത്,' ദേവന്‍ പറഞ്ഞു.

സിനിമയില്‍ കാണിച്ചതെല്ലാം മാനിപ്പുലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളാണ് എന്നും ഇന്ത്യയെ സ്‌നേഹിക്കാന്‍ പഠിക്കുക എന്നതാണ് നമ്മളെല്ലാവരും ആദ്യം ചെയ്യേണ്ട കാര്യം എന്നും അദ്ദേഹം പറഞ്ഞു. പക്ഷപാതപരമായ സിനിമയായിരുന്നു എമ്പുരാന്‍. രണ്ട് കാര്യങ്ങളും സിനിമയില്‍ കാണിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സിനിമ കള്ളം പറയാന്‍ പാടില്ല എന്നും ദേവന്‍ പറഞ്ഞു.
'ചിലപ്പോള്‍ നടന്നുകാണും. പക്ഷേ, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് പറയുന്നില്ല. എമ്പുരാനില്‍ രണ്ട് കാര്യങ്ങളും കാണിക്കേണ്ടതായിരുന്നു. അവിടെ ഹിന്ദുക്കളേയും കൊന്നിട്ടുണ്ടല്ലോ. 25 ശതമാനം ഹിന്ദുക്കള്‍ മരിച്ചു. എന്നാല്‍ മുസ്ലിം വിഭാഗത്തെ മാത്രം കൊലപ്പെടുത്തി എന്നാണ് കേരളത്തിലെ മാധ്യമങ്ങള്‍ പറയുന്നത്. സിനിമ ഒരിക്കലും ഇന്ത്യക്കെതിരായി പറയാന്‍ പാടില്ല.' ദേവന്‍ പറഞ്ഞു.
റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങള്‍ പിടികൂടിയ സിനിമയായിരുന്നു എമ്പുരാന്‍. സിനിമയില്‍ ഗുജറാത്ത് കലാപം, ബാബു ബജ്‌റംഗി എന്നിവയെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതായിരുന്നു തീവ്രഹിന്ദുത്വശക്തികളെ ചൊടിപ്പിച്ചത്. എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാലും പൃഥ്വിരാജും ഖേദം പ്രകടിപ്പിച്ചിരുന്നു.
മാത്രമല്ല വിവാദ ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമായിരുന്നു സിനിമ നേടിയത്. സിനിമയുടെ ആഗോള കളക്ഷന്‍ 268 കോടിയായിരുന്നു. ഇതില്‍ തന്നെ 142 കോടിയോളം രൂപ എമ്പുരാന്‍ കളക്ട് ചെയ്തത് ഓവര്‍സീസില്‍ നിന്നുമാണ്. മലയാളത്തിലെ എക്കാലത്തേയും വലിയ പണംവാരിപ്പടം, ആദ്യ 250 കോടി പടം, വേഗത്തില്‍ 100 കോടി നേടിയ പടം എന്നീ റെക്കോഡുകളോടെയാണ് എമ്പുരാന്‍ ബോക്‌സോഫീസ് കുതിപ്പ് അവസാനിപ്പിച്ചത്.












Click it and Unblock the Notifications