നടി ആക്രമണ കേസ്; കോടതി രേഖകൾ ദിലീപിന് കിട്ടിയത് പോലീസിന്റെ പക്കൽ നിന്നോ? നിർണായകം
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിൽ നിന്നും അതീവ രഹസ്യമായ കോടതി രേഖകൾ എത്തിയതായി ഫോറൻസിക് പരിശോധനയിലൂടെ അന്വേഷണം സംഘം കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാത്രമല്ല ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്ത സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറും കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ എത്തിയതായും അവ നീക്കം ചെയ്തതായും മൊഴി നൽകിയിരുന്നു.
അഴകേ..'ഭാവനയുടെ കിടിലൻ ഫോട്ടോകൾ...ചുമ്മാ തീയെന്ന് രമ്യ നമ്പീശൻ..വൈറൽ
വാട്സ് ആപ്പിലൂടെയാണ് രേഖകൾ എത്തിയതെന്നായിരുന്നു മൊഴി. ഇതോടെ ഇത് സംബന്ധിച്ച് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചത്. ഇതിനായി വിചാരണ കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്.

സെഷൻസ് കോടതിയിൽ തൊണ്ടിമുതലിന്റെ ചുമതലയുള്ള ക്ലാർക്ക്, ശിരസ്തദാർ എന്നിവരെ ചോദ്യം ചെയ്യാനുള്ള അപേക്ഷയാണ് അന്വേഷണ സംഘം നൽകിയിരിക്കുന്നത്. കോടതി അനുമതി ഇല്ലാത്ത രേഖകളാണ് പ്രതിയായ ദിലീപിന്റെ ഫോണിൽ എത്തിയിരിക്കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിലെ തന്നെ ഏറ്റവും നിർണായകമായ രേഖകൾ ദിലീപിന്റെ ഫോണിലെത്തിയെത്തിയത് ഗുരുതരമാണ് എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.

ദിലീപ് നേരിട്ട് ആണോ ഈ വിവരങ്ങൾ ശേഖരിച്ചത് അതോ അഭിഭാഷകർ മുഖേനയാണോയെന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും കേസിലെ വിചാരണ നടക്കുന്ന സി ബി ഐ സ്പെഷ്യല്‍ കോടതിയിലും അന്വേഷണ സംഘം അപേക്ഷ നൽകിയത്.

എന്നാൽ കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് എന്ത് അധികാരമാണ് ഉള്ളതെന്ന് വിചാരണ കോടതിയുടെ ചോദ്യം. എന്തായാലും ഇത് സംബന്ധിച്ച് കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ കോടതി രേഖകൾ ഒന്നും തന്നെ പ്രിൻസിപ്പിൽ സെഷൻസ് കോടതിയിൽ നിന്നോ വിചാരണ കോടതിയായ അഡീഷ്ണൽ സെഷൻസ് കോടതിയിൽ നിന്നോ പുറത്ത് പോയിട്ടില്ലെന്നതാണ് ആഭ്യന്തര അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് മംഗളം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ തൊണ്ടി സാധനങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു ജീവനക്കാരനെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡോ കൗസർ എടപ്പഗത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് അപ്പോൾ തന്നെ പരിശോധിച്ച് മുദ്രവെച്ച കവറിൽ സേഫ് കസ്റ്റഡിയിൽ വെച്ചിരുന്നു.

ഒരു ജീവനക്കാരൻ വിചാരിച്ചത് കൊണ്ട് മാത്രം ഇവ പുറത്ത് കടത്താൻ സാധിക്കില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ മാത്രമേ പുറത്ത് കൊടുക്കാൻ പറ്റാത്തതായുള്ളൂവെന്നാണ് നിയമവൃത്തങ്ങൾ പറയുന്നതെന്ന് മംഗളം റിപ്പോർട്ടിൽ പറയുന്നു. മുദ്രവെച്ച കവറിൽ അല്ലാത്ത രേഖകളുടെ പകർപ്പുകളാണ് കൊടുക്കാൻ സാധിക്കും.

മുദ്രവെച്ച കവറിലുള്ള വിവരങ്ങൾ ആവട്ടെ സീൽ ചെയ്ത് സൂക്ഷിക്കുകയാണ് ചെയ്യുക. എന്നാൽ മാപ്പുസാക്ഷി, ക്രോസ് വിസ്താരം എന്നീ ആവശ്യങ്ങൾക്ക് ഈ രേഖകൾ ചോദിച്ചാൽ അവ ജഡ്ജിയുടെ അനുമതിയോടെ നൽകാം. ലൈംഗിക പീഡന കേസ് ആയതിനാലാണ് രേഖകൾ അനുമതിയില്ലാതെ പുറത്ത് നൽകാൻ കോടതിയുടെ വിലക്കുള്ളത്.

കോടതിക്ക് കൈമാറുന്ന രഹസ്യമൊഴികൾ ഉൾപ്പെടെ എല്ലാ രേഖകളും അന്വേഷണ സംഘത്തിനും ലഭിക്കും. അതുകൊണ്ട് തന്നെ കോടതി രേഖകൾ പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് പോലീസിന്റെ പക്കൽ നിന്നോ മജിസ്ട്രേറ്റ് കോടതിയിൽ നിന്നോ ആകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി. തുടരന്വേഷണ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.












Click it and Unblock the Notifications