നടനും സംവിധായകനുമായ രഞ്ജി പണിക്കർക്ക് വിലക്ക്, ഒരു സിനിമയുമായും സഹകരിക്കില്ലെന്ന് ഫിയോക്
കൊച്ചി: നടനും സംവിധായകനുമായ രഞ്ജി പണിക്കരെ വിലക്കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. രഞ്ജി പണിക്കര്‍ പങ്കാളി ആയിട്ടുളള വിതരണ കമ്പനി പല പ്രൊജക്ടുകളിലും കുടിശിക വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രഞ്ജി പണിക്കരെ വിലക്കാനുളള തീരുമാനം. കുടിശ്ശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി തിയറ്റര്‍ ഉടമകള്‍ സഹകരിക്കില്ലെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
രഞ്ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചിരിക്കുന്നത്. കുടിശ്ശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശനത്തിന് അനുവദിക്കില്ല. സംഭവത്തില്‍ രഞ്ജി പണിക്കര്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം നടന്‍ ദുല്‍ഖര്‍ സല്‍മാനെയും ഫിയോക് വിലക്കിയിരുന്നു. ദുല്‍ഖറിന്റെ സല്യൂട്ട് എന്ന ചിത്രം ഒടിടി റിലീസ് ചെയ്യാനുളള തീരുമാനത്തെ തുടര്‍ന്നായിരുന്നു തിയറ്റര്‍ ഉടമകളുടെ വിലക്ക്. ദുല്‍ഖറുമായും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയുമായും സഹകരിക്കില്ലെന്ന് ഫിയോക് തീരുമാനമെടുത്തു. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസ് ആണ് സല്യൂട്ട് എന്ന ചിത്രം നിര്‍മ്മിച്ചത്.
തിയറ്റര്‍ റിലീസ് ചെയ്യുമെന്ന കരാര്‍ ലംഘിച്ച് ഓടിടിക്ക് നല്‍കുന്നു എന്ന് ആരോപിച്ചായിരുന്നു ഫിയോക്കിന്റെ വിലക്ക്. എന്നാല്‍ ദുല്‍ഖറിന്റെ ഓഫീസ് നല്‍കിയ വിശദീകരണത്തെ തുടര്‍ന്ന് ഫിയോക് വിലക്ക് പിന്‍വലിച്ചു. 2017ല്‍ ദിലീപിന്റെ നേതൃത്വത്തില്‍ ആണ് തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന ആരംഭിച്ചത്.












Click it and Unblock the Notifications