'ഈ ചാനല്‍ റിപ്പോര്‍ട്ട് അടിക്കാന്‍ കൂടെ നില്‍ക്കാമോ'? സഹായം ചോദിച്ച് ഹരീഷ് കണാരന്‍: കാരണം ഇതാണ്
നര്‍മരസമുള്ള നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് ഹരീഷ് കണാരന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി സിനിമകളില്‍ ഹരീഷ് കണാരന്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാ കരിയറില്‍ തന്നെ ഏറെ ശ്രദ്ധേയനാക്കിയ ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തിന്റെ പേരു തന്നെ സ്വന്തം ജീവിതത്തിലും സ്വീകരിച്ചു. ചെറിയ വേഷങ്ങള്‍ ആണെങ്കില്‍ പോലും അത് പ്രേക്ഷകരുടെ ഓര്‍മ്മയില്‍ തങ്ങുംവിധം അഭിനയിക്കാന്‍ ഹരീഷ് കണാരന് സാധിച്ചിട്ടുണ്ട്.
കൈ നിറയെ സിനിമകളുമായി നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ അപ്രതീക്ഷിതമായ ഒരു വാര്‍ത്ത താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. താന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന വ്യാജ വാര്‍ത്തയാണ് ഒരു ഓണ്‍ലൈന്‍ ചാനല്‍ പടച്ചുവിട്ടിരിക്കുന്നത്. ന്യൂസ് ഓഫ് മലയാളം എന്ന ഓണ്‍ലൈന്‍ ചാനലാണ് ഈ വ്യാജവാര്‍ത്ത നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗത്തില്‍ ഈ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു.

'നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം' എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. ഇതിന്റ സ്‌ക്രീന്‍ ഷോട്ടാണ് ഹരീഷ് കണാരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. വാര്‍ത്തയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. താനുമായി ഒരു ബന്ധവും ഇല്ലാത്ത ഇത്തരം ന്യൂസുകള്‍ പുറത്തുവിടുന്ന ചാനല്‍ പൂട്ടിക്കാന്‍ കൂടെ നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിച്ചാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.
ഹരീഷ് കണാരന്റെ വാക്കുകള്‍: 'എന്റെ നില ഗുരുതരം ആണെന്ന് ന്യൂസ് ഓഫ് മലയാളം പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകള്‍ പുറത്തുവിടുന്ന ചാനല്‍ റിപ്പോര്‍ട്ട് അടിക്കാന്‍ ഒന്ന് കൂടെ നില്‍ക്കുമോ'
നിരവധി പേരാണ് നടനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. മധു സാര്‍ ഒക്കെ 25 തവണ മരിച്ചു കഴിഞ്ഞു, ഇവര്‍ കൊന്നു എന്നാണ് ഒരാള്‍ കമന്റായി കുറിച്ചിരിക്കുന്നത്. നിയമപരമായി തന്നെ നേരിടണം വലിയ ഒരു തുക വെച്ച് മാനനഷ്ടക്കേസ് കൊടുക്കണം എന്നാണ് മറ്റൊരു കമന്റില്‍ ആവശ്യപ്പെടുന്നത്. 'എന്ത് ബിഡലാണ് എന്റെ ന്യൂസ് ഓഫ് മലയാളം എട്ടാ' എന്ന് ഹരീഷ് കണാരന്റെ ടോണില്‍ ചോദിക്കുന്നവരും ഉണ്ട്.
നടന്‍ നിര്‍മ്മല്‍ പാലാഴിയും ഹരീഷ് കണാരന് പിന്തുണയുമായി രംഗത്തെത്തി. റിച്ചീന് വേണ്ടി ആണെങ്കില്‍ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാല്‍ പോരേ എന്നാണ് നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
നിര്‍മ്മല്‍ പാലാഴിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 'ന്യൂസ് ഓഫ് മലയാളം അഡ്മിനെ, റീച്ചിന് വേണ്ടി ആണെങ്കില്‍ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാല്‍ പോരെ..? നിങ്ങള്‍ക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആര്‍ട്ടിസ്റ്റുകളുടെ ഫോട്ടോ വെച്ച് വേണോ ഈ നാണം കെട്ട പരിപാടി. ഇന്നലെ രാത്രി ഒരുമിച്ച് പ്രോഗ്രാം കഴിഞ്ഞ് പിരിഞ്ഞതാ, ഈ വാര്‍ത്ത കണ്ട് മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും വിളിച്ചപ്പോഴാ അവനും വിവരം അറിഞ്ഞത്. ദയവ് ചെയ്ത് റിപ്പോര്‍ട്ട് അടിക്കാന്‍ കൂടെ നില്‍ക്കുമോ..' - നിര്‍മ്മല്‍ പാലാഴി കുറിച്ചു.












Click it and Unblock the Notifications