'പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുകൾക്കിടയിലെ പൊട്ടൻമാർക്ക് വെറളിപിടിക്കും';ഹരീഷ് പേരടി
കൊച്ചി; എസ്ഐ ആനി ശിവയെ പ്രശംസിച്ച് കൊണ്ടുള്ള നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റ് വലിയ വിമർശനങ്ങൾക്കായിരുന്നു വഴിവെച്ചത്. 'വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്. The real fighter..Inspiration For All..'എന്ന ഉണ്ണിയുടെ കുറിപ്പായിരുന്നു വിവാദങ്ങൾക്ക് കാരണമായത്.
ഫെമിനിസ്റ്റുകളെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു പൊട്ട് പരാമർശം എന്നായിരുന്നു വിമർശനം ഉയർന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നടനൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

തടിച്ചും,നീണ്ടും,ഉരുണ്ടും,വിലങ്ങനെയും,കുറങ്ങനെയും,അങ്ങിനെ എത്ര,എത്ര വലിയ പൊട്ടുകൾ ഈ നെറ്റിയിൽ കിടന്ന് അമ്മാനമാടി...എത്രയെത്ര അമ്മദൈവങ്ങൾക്കുവേണ്ടി ഉറഞ്ഞ് തുള്ളി...മേക്കപ്പ് ആർട്ടിസ്റ്റ് പൊട്ടുതൊടുമ്പോൾ അച്ഛൻ എൻ്റെ മനസ്സിലേക്ക് വരാറേയില്ല...എപ്പോഴും അമ്മയാണ് വരാറ്..

അതിനുകാരണം അച്ഛൻ മരിച്ചതിനു ശേഷവും ഞാൻ അമ്മയെ നിർബന്ധിച്ച് സിന്ദൂരം തലയിൽ ചാർത്തുന്ന മംഗല്യകുറി തൊടിയിപ്പിക്കാറുണ്ടായിരുന്നു...അത് അച്ഛനെ ഓർക്കാനുമല്ല..മംഗല്യകുറിയോടുള്ള വിശ്വാസവുമല്ല...മറിച്ച് ഭർത്താവ് മരിച്ച എൻ്റെ അമ്മ പൊട്ടുതൊട്ടാൽ ആരുണ്ടെടാ ചോദിക്കാൻ?..എന്ന്..അന്ന്20ത് വയസ്സുള്ള ഒരു ചെക്കൻ്റെ പൊട്ടിതെറിപ്പ്...

അത്തരം പൊട്ടിതെറിപ്പുകൾ തന്നെയാണ് യഥാർത്ഥ രാഷ്ട്രിയം എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു..."പൊട്ടുകൾ" എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രിയം പറയുന്ന വലിയ അടയാളങ്ങൾ തന്നെയാണ്...പെണ്ണിൻ്റെ പൊട്ടിൻ്റെ വലിപ്പം കൂടുതോറും ആണുകൾക്കിടയിലെ പൊട്ടൻമാർക്ക് വെറളിപിടിക്കും...

കാലുകൾ വിടർത്തിയിരിക്കൽ ഇപ്പോഴും ആണിന് മാത്രമായുള്ള ശരീരഭാഷയാണന്ന് കരുതുപോലെ...പക്ഷെ ഒരു സ്ത്രീ ഏറ്റവും വലിപ്പത്തിൽ ഒരു പാട് വേദന സഹിച്ച് കാലുകൾ വിടർത്തുമ്പോളാണ് എല്ലാ പൊട്ടൻമാരും ഈ ഭൂമി കാണാൻ തുടങ്ങുന്നത് എന്നത് മറ്റൊരു യാഥാർത്ഥ്യം..ആ വലിയ പൊട്ടുകളൂടെ ഓർമ്മക്ക്,നടൻ കുറിച്ചു.

അതേസമയം പൊട്ട് വിവാദത്തിൽ നേരത്തേ തന്നെ നിരവധി താരങ്ങൾ ഉൾപ്പെടെ പ്രതികരിച്ച് രംഗത്തെത്തിയിുന്നു. പൊട്ട് തൊടുന്നതും തൊടാത്തതുമെ്ലാം ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നായിരുന്നു പലരും പ്രതികരിച്ചത്.

ഉണ്ണി മുകുന്ദന്റെ പരാമർശം സ്ത്രീ വിരുദ്ധത തന്നെയാണെന്നും ചിലർ പ്രതികരിച്ചിരുന്നു. ഒരു സ്ത്രീയുടെ വിജയത്തെ പുകഴ്ത്തേണ്ടത് സ്ത്രീ സമൂഹത്തെ ഒന്നടങ്കം ഇകഴ്ത്തിക്കൊണ്ടല്ലെന്നും ചിലർ പറഞ്ഞു. സംവിധായകൻ ജിയോ ബേബി, നടിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി തുടങ്ങിയവർ വിഷയത്തിൽ ഉണ്ണി മുകുന്ദനെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications