നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ ഒർമ്മ വരിക ഉമ്മന്‍ ചാണ്ടിയുടെ മുഖമായിരിക്കും: ഹരീഷ് പേരടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കാണെന്ന് നടന്‍ ഹരീഷ് പേരടി. ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെയും ദേശീയപാത വികസനം എന്ന് കേൾക്കുമ്പോൾ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെയും നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ ഒർമ്മ വരിക ഉമ്മന്‍ ചാണ്ടിയുടെ മുഖമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നെടുമ്പാശ്ശേരി എയർപോർട്ടിൽ ആളുകൾ കാണാൻ പാകത്തിൽ കരുണാകരൻ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല. (എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല). പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്. അത് അവിടെ ഇറങ്ങുന്നവർക്കും പോകുന്നവർക്കും അനുഭവപ്പെടും.
അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടി സാറിനുതന്നെ അവകാശപ്പെട്ടതാണ്. നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ തന്നെ ആ മുഖമാണ് മലയാളി ഓർമ്മിക്കുക. ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ.
ദേശീയപാത വികസനം എന്ന് കേൾക്കുമ്പോൾ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ. അന്യരുടെ പദ്ധതികൾ കൈയ്യേറുന്നവരെ ചരിത്രം ഓർമ്മിക്കാറെയില്ല. പൊതുജനത്തിന്റെ നല്ല ഓർമ്മകളിൽ സ്ഥാനം പിടിക്കാൻ വികസനം എപ്പോഴും ഒരു ആയുധമാണ്. എല്ലാ രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമായി പറയുന്നു. ജാതിയും, മതവും, വർഗ്ഗീയതയുമല്ല. വികസനം.. വികസനം മാത്രം.
അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി വരവേൽക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ്, വാട്ടർവേയ്സ്-ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യ അതിഥി ആയിരിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും.
തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായിട്ടാണ് ആദ്യ കപ്പലെത്തുന്നത്. ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്ന് ഷെൻഹുവ 15 കപ്പൽ ഇതിനോടകം പുറം കടലിൽ എത്തിയിട്ടുണ്ട്. പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് സംസ്ഥാനം കപ്പലിനെ ഔദ്യോഗികമായി തീരത്തേക്ക് സ്വീകരിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്നവർ 3 മണിക്ക് മുമ്പായി തുറമുഖത്ത് എത്തിച്ചേരണം. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തു സുരക്ഷ പരിശോധനകൾക്ക് ശേഷം തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സദസ്സിലേക്ക് എത്തിക്കും.












Click it and Unblock the Notifications