'പ്രണയം മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യം; അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവൂ'; ഹരീഷ് പേരടി
കൊച്ചി: പ്രണയം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് നടൻ ഹരീഷ് പേരടി.പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും പഠിപ്പിക്കേണ്ടത് അനിവാര്യതയാണെന്നും നടൻ പറയുന്നു. കണ്ണൂരിലെ പാനൂരുലുണ്ടായ വിഷ്ണുപ്രിയ കൊലപാതകവും ഷാരോൺ കൊലപാതകവും ചൂണ്ടിക്കാട്ടിയാണ് നടന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

'പ്രണയിക്കാൻ അറിയാത്ത ഒരുത്തൻ കാമുകിയെ വെട്ടികൊല്ലുന്നു...പ്രണയിക്കാൻ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു...പ്രണയം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...പ്രണയം രാഷ്ട്രിയമാണ്...അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവു...പ്രണയമില്ലാത്തവർക്ക് നല്ല അയൽപക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാൻ പറ്റില്ല...

പ്രണയത്തെ പഠിക്കുമ്പോൾ മാത്രമേ നിങ്ങൾ ആധുനിക മനുഷ്യനാവുന്നുള്ളു...ശാസ്ത്രത്തെ മനസ്സിലാക്കാൻ പോലും പ്രണയം അത്യാവിശ്യമാണ്...ദൈവവും ദൈവവമില്ലായമയും പ്രണയമാണ്...പ്രണയമില്ലാതെ മനുഷ്യൻ എന്ന ജന്തുവിന് ജീവിക്കാൻ പറ്റില്ലാ...പക്ഷെ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവൻ,അവൾ പഠിച്ചേ പറ്റു...പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ലാ എന്നും അവൻ,അവൾ പഠിച്ചേ മതിയാകു...', പോസ്റ്റിൽ ഹരീഷ് കുറിച്ചു.

കഴിഞ്ഞ ആഴ്ചയായിരുന്നു കണ്ണൂരിലെ പാനൂർ കണ്ണച്ചാങ്കണ്ടിയിൽ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ ശ്യാംജിത്ത് എന്ന യുവാവ് അതിധാരുണമായി കൊലപ്പെടുത്തിയത്. പ്രണയ പകയെ തുടർന്നായിരുന്നു കൊല. വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നുമായിരുന്നു ശ്യാം ജിത്തിന്റെ മൊഴി.സംഭവത്തിൽ ശ്യാംജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് വീണ്ടുമൊരു കേരളത്തെ വീണ്ടും ഞെട്ടിച്ച മറ്റൊരു കൊലപാതകം അരങ്ങേറിയിരിക്കുന്നത്. പാറശാല സ്വദേശിയായ ഷാരോൺ രാജാണ് കൊല്ലപ്പെട്ടത്.

കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുകയായിരുന്നു പ്രതിയായ ഗ്രീഷ്മ. ഒരു ഘട്ടത്തിൽ പോലും ഗ്രീഷ്മയെ പോലീസ് സംശയിച്ചിരുന്നില്ല. തന്നെ ഷാരോൺ താലികെട്ടിയിരുന്നുവെന്നും അങ്ങനെയൊരാളെ താൻ കൊലപ്പെടുത്തുമോയെന്നുമായിരുന്നു ഗ്രീഷ്മ പോലീസിനോട് തുടക്കത്തിൽ പറഞ്ഞത്. എന്നാൽ ഗ്രീഷ്മ തന്നെയാണ് മകനെ വകവരുത്തിയതെന്ന് ഷാരോണിന്റെ കുടുംബം ആവർത്തിച്ചുകൊണ്ടേയിരുന്നു.

തുടർന്ന് നടത്തിയ തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസിന് കഴിഞ്ഞത്. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നിരുന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചു. ജാതക ദോഷം ഉണ്ടെന്ന് അടക്കം ഷാരോണിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നായിരുന്നു കൊല നടത്താനുള്ള ഗ്രീഷ്മയുടെ തീരുമാനം. സംഭവത്തിൽ ഗ്രീഷ്മയുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും.












Click it and Unblock the Notifications