പഴയ നക്സലേറ്റുകൾക്കൊക്കെ അമ്മ ശാപത്തിൽ എന്നാണ് വിശ്വാസം ഉണ്ടായത്? ജോയ് മാത്യുവിനെ ട്രോളി ഹരീഷ് പേരടി
കോഴിക്കോട്: നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരോക്ഷമായി മറുപടി നൽകി നടൻ ഹരീഷ് പേരടി. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ എൻഐഎ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ജോയ് മാത്യു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട അലന്റെയും താഹയുടേയും വിഷയം ഉന്നയിച്ചാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടിയാണെന്നും അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി എന്നുമാണ് ജോയ് മാത്യു കുറിച്ചത്. ഇതോടെയാണ് ഹരീഷ് പേരടി മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

എത്ര അമ്മമാർക്ക് അരി വാങ്ങി കൊടുത്തിട്ടുണ്ട്
ജോയ് മാത്യുവിന്റെ പേര് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി മറുപടി നൽകിയിരിക്കുന്നത്. അമ്മമാരുടെ ശാപത്തിലൊക്കെ പഴയ നക്സലൈറ്റുകൾക്ക് എന്ന് മുതലാണ് വിശ്വാസമുണ്ടായി തുടങ്ങിയത് എന്ന് ഹരീഷ് പേരടി പരിഹസിച്ചു. മരിച്ച് പോയ നക്ലലൈറ്റ് സഖാക്കളുടെ എത്ര അമ്മമാർക്ക് അരി വാങ്ങിച്ച് കൊടുത്തിട്ടുണ്ട് എന്നും ഹരീഷ് പേരടി ചോദിക്കുന്നു.

ഏല്ലാ മനുഷ്യർക്കും അമ്മമാരുണ്ട്
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' പഴയ നക്സലേറ്റുകൾക്കൊക്കെ അമ്മമാരുടെ ശാപത്തിൽ എന്നാണ് വിശ്വാസമുണ്ടായത്? ഏല്ലാ മനുഷ്യർക്കും അമ്മമാരുണ്ട്... ബീഫ് നിരോധനത്തിൽ കൊല ചെയ്യപ്പെട്ടവർക്ക്, വർഗ്ഗീയ കാലപത്തിൽ മാനം നഷട്ടപ്പെട്ടവർക്ക്, ബലാൽസംഘം ചെയപ്പെട്ട പെൺകുട്ടികൾക്ക്, അടിയന്തരാവസ്ഥയിൽ കൊല ചെയപ്പെട്ട രാജനെ പോലെയുള്ളവർക്ക് അങ്ങിനെ അങ്ങിനെ.. ഇവരുടെയൊക്കെ അമ്മമാർ എത്ര തവണ പ്രതികളെ ശപിച്ചിട്ടുണ്ടാവും.. എന്നിട്ട് അവർക്കൊക്കെ നീതി കിട്ടിയോ?

കണാരൻ തള്ളുകളെങ്കിലും തളളാതിരിക്കു
അന്നൊന്നും കാണാത്ത പുതിയ അമ്മ സ്നേഹം കണ്ടു പിടിച്ചതുകൊണ്ട് ചോദിക്കുകയാണ്... പഴയ നകസലേറ്റ് 916 സഖാക്കളെ.. കുടെയുണ്ടായിരുന്ന മരണപ്പെട്ടു പോയ സഖാക്കളുടെ എത്ര അമ്മമാരെ നിങ്ങൾ പിന്നീട് കണ്ടിട്ടുണ്ട് ?എത്ര തവണ അവർക്ക് ഒരു നേരത്തെ അരി വാങ്ങി കൊടുത്തിട്ടുണ്ട് ? ഈ രാജ്യത്തിന്റെ ഭാവിയോർത്ത് ഈ കോവിഡ് കാലത്ത് മരണപെടുന്ന പാവപ്പെട്ട മനുഷ്യരും അമ്മ ശാപത്താലാണെന്ന കണാരൻ തള്ളുകളെങ്കിലും തളളാതിരിക്കു പ്രിയപ്പെട്ട പഴയ നകസലേറ്റ് കണാരൻമാരെ...''

ഇതാ കാലം തെളിയിക്കുന്നു
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: "ഒരമ്മയുടെ കണ്ണുനീരിനു, കടലുകളിൽ, ഒരു രണ്ടാം പ്രളയം, ആരംഭിക്കാൻ കഴിയും, മകനേ കരുണയുള്ള മകനേ, ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ് നീ ബലിയായത് ?" പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത്. എത്ര അര്ഥവത്താണീ വരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു .യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക!

അമ്മമാരുടെ ശാപം പാഴായി പോവില്ല
അതേ എൻഐഎയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തിയുടെ ഇന്നത്തെ അവസ്ഥ! അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി! ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ എങ്ങിനെ തെറ്റുപറയാനാകും? അറിയിപ്പ്: കമന്റുകൾ എൻഐഎ നിരീക്ഷിക്കുന്നുണ്ട്, രാജ്യദ്രോഹത്തിനാണ് അകത്താവുക''.