സമൂഹം രണ്ടായി നിന്ന് പോരാടുന്നു; എമ്പുരാന്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ഹരീഷ് പേരടി
കോഴിക്കോട്: എമ്പുരാന്‍ വിവാദത്തില്‍ സമൂഹത്തിലുണ്ടായ ഭിന്നതയില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടന്‍ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്. കേരളത്തിന്റെ മത സൗഹാര്‍ദത്തിന് കോട്ടം തട്ടുന്ന ചേരിതിരിവ് അവസാനിപ്പിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെടുന്നു. ഒരു കലാ സൃഷ്ടിയുടെ പേരില്‍ സമൂഹം രണ്ടായി നിന്ന് പോരാടുന്നത് അപകടകരമായ കാഴ്ചയാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും കൂട്ടി മുഖ്യമന്ത്രി ഒരു സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഹരീഷ് പേരടി പറഞ്ഞു.
അതേസമയം, എമ്പുരാന്‍ വിഷയത്തില്‍ സംവിധായകനെയോ തിരക്കഥാകൃത്തിനെയോ പിന്തുണയ്ക്കുന്ന വരികളൊന്നും ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിലില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
'ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി സഖാവിന്.. സഖാവേ, ഒരു കലാ സൃഷ്ടിയുടെ പേരില്‍ സമാനതകളില്ലാത്ത രീതിയില്‍ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ ഒരു കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ തുടരുന്നത്. ഇതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള സമയമല്ലിത് എന്ന് ഞാന്‍ കരുതുന്നു. ഇത് തുടര്‍ന്ന് പോകുന്നത് നമ്മള്‍ ഇത്രയും കാലം കാത്തുസൂക്ഷിച്ച നമ്മുടെ മത സൗഹാര്‍ദത്തിനും സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ നിലനില്‍പ്പിനും കോട്ടം തട്ടുന്നതാണ്. അതിനാല്‍ എത്രയും പെട്ടെന്ന് ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മറ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒരു സര്‍വകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാകുന്ന രീതിയില്‍ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ്. ഒരു കലകാരന്റെ സാമൂഹിക ഉത്തരവാദിത്തമാണ് ഇവിടെ രേഖപ്പെടുത്തിയത് എന്ന ഉറച്ച വിശ്വാസത്തോടെ ഹരീഷ് പേരടി'.
എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാരില്‍ നിന്നും വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തിയിരുന്നു. സിനിമയിലെ രംഗങ്ങളില്‍ മാറ്റം വരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. സിനിമാ ടീം ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications