ആ ഉപമയൊന്നും ഇന്ന് പറ്റില്ല, പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്ന് പറഞ്ഞാല്‍ എന്തുചെയ്യും? ഇന്ദ്രന്‍സ്
കൊച്ചി: ഹാസ്യരംഗങ്ങളില്‍ നിന്ന് മാറി അടുത്തിടെ ക്യാരക്ടര്‍ റോളുകളിലൂടേയും കേന്ദ്ര കഥാപാത്രങ്ങളിലൂടെയും അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത താരമാണ് നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്‌കാരം വരെ അതുവഴി ഇന്ദ്രന്‍സിന് ലഭിക്കാന്‍ കാരണമായിരുന്നു. അടുത്തിടെ ഇന്ദ്രന്‍സിനെ കുറിച്ചുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ പരാമര്‍ശം വിവാദമായിരുന്നു.
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയെ ഇന്ദ്രന്‍സിന്റെ ശരീര പ്രകൃതിയോട് താരതമ്യപ്പെടുത്തിയ വി എന്‍ വാസവന്റെ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. ഇതില്‍ നേരത്തെ തന്നെ പ്രതികരണവുമായി ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു. വാസവന്റെ പരാമര്‍ശത്തോട് എതിര്‍പ്പില്ല എന്നും വിഷമമില്ല എന്നുമായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് പണ്ട് അമിതാഭ് ബച്ചനെ പോലെ ആയിരുന്നു എന്നും ഇപ്പോള്‍ ഇന്ദ്രന്‍സിനെ പോലെ ആയി എന്നുമായിരുന്നു വി എന്‍ വാസവന്‍ പറഞ്ഞിരുന്നത്.

ഇതിന് ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. അമിതാഭ് ബച്ചന്റെ ഉയരം തനിക്കില്ലെന്നും അദ്ദേഹത്തിന്റെ കുപ്പായം തനിക്ക് പാകമാവുകയും ഇല്ല എന്നായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞത്. താനെന്താണ് എന്ന് തനിക്ക് നല്ല ബോധ്യം ഉണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ദ്രന്‍സ്.

മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷയത്തില്‍ ഇന്ദ്രന്‍സ് തന്റെ നിലപാട് വ്യക്തമാക്കിയത്. അത്തരം ഉപമകളെല്ലാം ഇന്നത്തെ കാലത്തു പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍ അത് പലരും മറന്ന് പോകും. പുതിയ കുട്ടികള്‍ ഇതെല്ലാം പെട്ടെന്നു ശ്രദ്ധിക്കും എന്നും ഇന്ദ്രന്‍സ് ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഇത്തിരി പ്രായമുള്ള ആളാണ് എന്നും തനിക്ക് അതൊന്നും പ്രശ്‌നമായി തോന്നിയില്ല എന്നുമാണ് ഇന്ദ്രന്‍സ് പറയുന്നത്.

മന്ത്രി വാസവന്‍ പറഞ്ഞത് അസത്യം ഒന്നും അല്ലല്ലോ എന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. അതേസമയം സിനിമയിലെ സംഭാഷണങ്ങള്‍ ഒരുക്കുമ്പോഴും പറയുമ്പോഴും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് എന്നും ഇന്ദ്രന്‍സ് പറഞ്ഞു. സിനിമയിലെ കഥാപാത്രം ശാരീരിക സവിശേഷതകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് കൊടുക്കാതെ പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്ന് പറഞ്ഞാല്‍ എന്തുചെയ്യും എന്നാണ് ഇന്ദ്രന്‍സ് ചോദിക്കുന്നത്.

സ്വതന്ത്രമായി പറയാന്‍ സാധിച്ചില്ല എങ്കില്‍ പിന്നെ കലയ്ക്കു പ്രസക്തിയില്ല എന്നും ശാരീരിക സവിശേഷതകള്‍ ആവശ്യപ്പെടുന്ന കഥാപാത്രത്തെ പൊളിറ്റിക്കലി ഇന്‍കറക്റ്റാണ് എന്ന് പറഞ്ഞ് ഒഴിവാക്കണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും എന്നും അദ്ദേഹം ചോദിച്ചു. സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് ഒരു സംഭാഷണം പറയുമ്പോഴോ എഴുതുമ്പോഴോ രണ്ട് തവണ ആലോചിക്കേണ്ട അവസ്ഥയാണ് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.












Click it and Unblock the Notifications