'ഹിന്ദിയും ഇംഗ്ലീഷുമൊക്കെ പാടാണെന്നേ';പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് ഇന്ദ്രൻസിന്റെ തയ്യാറെടുപ്പ് ഇങ്ങനെ
തിരുവനന്തപുരം: പരീക്ഷക്കാലം തുടങ്ങിയിരിക്കുകയാണ്. ഹയർസെക്കന്ററി പരീക്ഷകൾക്ക് പിന്നാലെ ഇന്ന് എസ് എസ് എൽ സി പരീക്ഷകളും ആരംഭിച്ചു. പരീക്ഷയെ നേരിടാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ. എന്നാൽ ഇവിടെയിതാ മറ്റൊരു 'കുട്ടി' പരീക്ഷപ്പേടിയില്ലാതെ തന്റെ പണി തുടരുകയാണ്. പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാനൊരുങ്ങുന്ന നടൻ ഇന്ദ്രൻസാണ് യാതൊരു ടെൻഷനുമില്ലാതെ സെറ്റിലൂടെ ചിരിച്ച് കളിച്ച് നടക്കുന്നത്.
കളിച്ച് ചിരിച്ച് നടക്കുന്നതിനിടയിൽ കുറച്ച് പഠിച്ചാൽ മതി എല്ലാം ശരിയായിക്കോളും എന്നാണ് കുട്ടികളോട് തനിക്ക് പറയാനുള്ളതെന്നാണ് ഇന്ദ്രൻസ് പറയുന്നത്. പണി മറക്കാതെ താനും കുറച്ചൊക്കെ പഠിക്കുന്നുണ്ടെന്നും ഇന്ദ്രൻസ്. ശരിക്കും പഠിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഒരു പാഠം പഠിക്കുന്നുണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.

'നോട്ടുകളൊക്കെ എടുത്ത് വെച്ചിട്ടുണ്ട്. സമയം കിട്ടുമ്പോൾ വായിക്കും. പരീക്ഷ എപ്പോഴാണെന്ന് അറിയില്ല. മക്കൾ അതിന്റെ ഫോളോ അപ്പ് എടുക്കുന്നുണ്ട്. ഒരു രസത്തിനാണ് തുല്യതക്ക് ചേർന്നത്. എന്റെ പ്രായത്തിലുള്ളവരൊക്കെ പഠിക്കുന്ന കഥ കേട്ടപ്പോഴാണ് ചേരാൻ തീരുമാനിച്ചത്. അതുകൊണ്ട് ഒന്നും നേടാനില്ല, ശരിക്ക് പഠിച്ച് വന്നവരുടെ അറിവ് കിട്ടാനും പോകുന്നില്ല.എന്നാലും രസം',ഇന്ദ്രൻസ് പറഞ്ഞു. ഇഷ്ട വിഷയം ഏതെന്ന ചോദ്യത്തിന് ഒരു സംശയവുമില്ലാതെ മലയാളമെന്ന് മറുപടി. ബുദ്ധിമുട്ട് ഹിന്ദിയും ഇംഗ്ലീഷുമൊക്കെയാണ്. മലയാളം വിട്ടുള്ള എല്ലാം കഷ്ടം തന്നെയാണെന്നും ചിരിച്ച് കൊണ്ട് താരം പ്രതികരിച്ചു.
കഴിഞ്ഞ വർഷമാണ് അദ്ദേഹം തുല്യത പഠനത്തിന് ചേർന്നത്. വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താൽ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുകയായിരുന്നുവെന്നും ആ പേടി മാറ്റാൻ കൂടിയാണ് തുല്യത പഠനത്തിന് ചേർന്നതെന്ന് താരം പറഞ്ഞിരുന്നു.
ജീവിതത്തിലെ പ്രാരാബ്ധങ്ങളെ തുടർന്നാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ചത്. റേഷൻ പോലും കിട്ടാതെ വിഷമിച്ചിരുന്ന കാലത്ത് ആൺകുട്ടികൾ അൽപം മുതിർന്നാൽ കണ്ടെത്തണം. എന്റെ കൂടെ പഠിച്ചവർ നാലാം ക്ലാസ് കഴിഞ്ഞപ്പോഴേ ബീഡി തുറുക്കാനും കെട്ടിടം പണിക്കുമൊക്കെ പോയിത്തുടങ്ങി. വീട്ടുകാർ എന്നെ തയ്യൽ പഠിക്കാൻ അയച്ചു. അത് ഉപജീവനമാർഗമായി' എന്നായിരുന്നു ഇന്ദ്രൻസ് പറഞ്ഞത്. തയ്യൽ ജോലിക്കാരനായ ഇന്ദ്രൻസ് പിന്നീട് കുമാരപുരത്ത് സ്വന്തമായി ടെയിലറിങ് ഷോപ്പ് ആരംഭിക്കുകയും അതുവഴി സിനിമയിലെത്തുകയുമായിരുന്നു.












Click it and Unblock the Notifications