'പുണ്യാളൻ സിനിമ ചെയ്തു, ഒരു പ്രശ്നവും അന്നുണ്ടായില്ല', 'ഈശോ' വിവാദത്തിൽ പ്രതികരിച്ച് ജയസൂര്യ
കൊച്ചി: ഈശോ സിനിമയുടെ പേര് വിവാദത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകന്‍ ജയസൂര്യ. ഈശോ എന്നത് ആ സിനിമയുടേയും അതില്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെയും മാത്രം പേരാണ് എന്ന് ജയസൂര്യ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഈശോ എന്നുളള പേരില്‍ ആശയക്കുഴപ്പം വരേണ്ടതില്ല എന്ന് കരുതിയാണ് നോട്ട് ഫ്രം ബൈബിള്‍ എന്ന് ചേര്‍ത്തത്. എന്നാല്‍ അതിനെയും തെറ്റിദ്ധരിച്ചുവെന്ന് ജയസൂര്യ എഡിറ്റേഴ്‌സ് അവറില്‍ പ്രതികരിച്ചു.
താന്‍ ഇതിന് മുന്‍പ് പുണ്യാളന്‍ എന്ന പേരില്‍ സിനിമ ചെയ്തിട്ടുളളതാണ്. അതിന് രണ്ട് ഭാഗങ്ങളും ഉണ്ടായിരുന്നു. അന്നൊന്നും പേര് സംബന്ധിച്ച് ഒരു പ്രശ്‌നവും ഉണ്ടായിട്ടല്ല. സിനിമയുടെ പേര് പോലുളള വിഷയങ്ങളില്‍ പുറത്ത് നിന്ന് നിയന്ത്രണങ്ങള്‍ വരുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ജയസൂര്യ വ്യക്തമാക്കി. സിനിമ ചെയ്യുന്നത് ആരെയും വേദനിപ്പിക്കാനല്ല. ഈശോ സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ ഇപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നവര്‍ പോലും ആ ചിത്രത്തിലെ സന്ദേശത്തെ കുറിച്ച് ചിന്തിക്കുമെന്നും ജയസൂര്യ പറഞ്ഞു.

സിനിമയുടെ പേര് ഈശോ എന്ന് ആയത് കൊണ്ട് മാത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഇത്രയും ആക്ഷേപം നേരിടേണ്ടി വന്നതില്‍ വിഷമം ഉണ്ട്. സിനിമ കണ്ടതിന് ശേഷം അതില്‍ ആരെയെങ്കിലും വേദനിപ്പിക്കുന്ന ഉളളടക്കം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ പോകാം. അതിന് തങ്ങളും ഒപ്പമുണ്ടാകും എന്നും ജയസൂര്യ പറഞ്ഞു. സിനിമയുടെ പേര് പിൻവലിക്കില്ലെന്ന് സംവിധായകൻ നാദിർഷ വ്യക്തമാക്കിയിരുന്നു. സംവിധായകരുടെ സംഘടനയായ ഫെഫ്ക നാദിർഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നാദിർഷയുടെ പ്രതികരണം: '' ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം മാറ്റും . അല്ലാതെ തൽക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥൻ ' എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല .
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . 'കേശു ഈ വീടിന്റെ നാഥൻ ' ഈശോ ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക''.












Click it and Unblock the Notifications