കോടഞ്ചേരിയുടെ ഷാജി പാപ്പനെ തേടി റിയൽ ഷാജി പാപ്പൻ എത്തി; നാടിനെ രക്ഷിച്ചവനെ ജയസൂര്യയ്ക്ക് കാണണം
കോടഞ്ചേരിയുടെ ഷാജി പാപ്പനെ തേടി റിയൽ ഷാജി പാപ്പൻ എത്തി; നാടിനെ രക്ഷിച്ചവനെ ജയസൂര്യയ്ക്ക് കാണണം
കോടഞ്ചേരി: ഷാജി വർഗീസിനെ അഭിനന്ദിച്ച് നടൻ ജയസൂര്യ. നാടിനെ ദുരന്തത്തിൽ നിന്നും രക്ഷിച്ച ഷാജി വർഗീസിനെ തേടിയാണ് അഭിനന്ദനം എത്തിയത്. വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ജയസൂര്യ ഷാജിയെ വോയിസ് മെസ്സേജിലൂടെ അഭിനന്ദിച്ചു.
ഉടൻ തന്നെ നേരിട്ട് കാണാമെന്ന് പറയുകയും ചെയ്തു.ഞായറാഴ്ച ഉച്ചയോടെയാണ് വയനാട്ടിൽ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിക്ക് കോടഞ്ചേരി ടൗണിന് അടുത്ത് എത്തിയപ്പോൾ തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടി നിർത്തി.

നാട്ടുകാരനായ ഷാജി വർഗീസ് ലോറിയിൽ പാഞ്ഞുകയറുകയും വാഹനം തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റി. ഗ്രൗണ്ടിൽ ലോറി ചുറ്റി കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീണു വൻ അപകടം ഒഴിവാക്കാൻ ഷാജിക്ക് കഴിഞ്ഞു.
ഇതിന് പിന്നാലെയെ അഭിനന്ദ പ്രവാഹമായിരുന്നു ഷാജിക്ക്. 'ആട്' എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരുള്ള ഷാജി പാപ്പൻ എന്ന ഷാജി വർഗീസ് അതിസാഹസികമായി ദുരന്തം ഒഴിവാക്കുകയായിരുന്നു. 'ആട്' സിനിമയിലെ ജയസൂര്യയുടെ നായക കഥാപാത്രവുമായി ഏറെ സാമ്യമുള്ള ഷാജി വർഗീസിനെ ആ സിനിമയ്ക്ക് ശേഷം എല്ലാവരും 'ഷാജി പാപ്പൻ' എന്നാണ് വിളിക്കുന്നത്.
'ആട്' സിനിമയിലെ കഥാപാത്രത്തെ പോലെ കോടഞ്ചേരിയിലെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനും പരോപകാരിയുമാണ് ഷാജി വർഗീസ്. ഇദ്ദേഹത്തിന്റെ വാർത്തകളും സന്തോഷവുമാണ് നാടു മുഴുവനുമുളള വിശേഷം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ജയസൂര്യയുടെ വോയ്സ് മെസേജ് കണ്ടപ്പോൾ യഥാർഥത്തിൽ ഞെട്ടിപ്പോയെന്ന് ഷാജി പറഞ്ഞു.
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിൽ ആണിപ്പോൾ. ജയസൂര്യയെ നേരിട്ടു കാണണം എന്നുണ്ട്. ജയസൂര്യയുടെ വോയ്സ് മെസേജ് കേട്ട ഭാര്യയും മക്കളും കൂട്ടുകാരും എല്ലാം വളരെ സന്തോഷത്തിൽ ആണെന്നും ഷാജി വർഗീസ് പറഞ്ഞു.
അതേസമയം, കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയും അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയിരുന്നു. കോടഞ്ചേരിയിലെ വീട്ടിലെത്തിയാണ് രാഹുൽ ഗാന്ധി എം.പിയുടെ കത്ത് ഷാജി വർഗീസിന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ കൈമാറിയത്.
ഡി.സി.സി പ്രസിഡൻറിനൊപ്പം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈകാട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. മാത്യു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല, യു.ഡി.എഫ് ചെയർമാൻ കെ.എം. പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ജില്ല പഞ്ചായത്ത് മെംബർ അംബിക മംഗലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് മാജുഷ് മാത്യു, റോയി കുന്നപ്പള്ളി, വി.ഡി ജോസഫ്, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, ജമീല അസീസ്, ലീലാമ്മ കണ്ടത്തിൽ, വിജി കേഴപ്ലാക്കൽ, വിൻസെന്റ് വടക്കേ മുറിയിൽ, ജോബി പുതിയ പറമ്പിൽ, ബിജു ഓത്തിക്കൽ, ലൈജു അരീപ്പറമ്പിൽ, ബഷീർ മുറംപാത്തി എന്നിവർ ഉണ്ടായിരുന്നു.












Click it and Unblock the Notifications