'അത് ശരി, സംഘിക്ക് വേദി കെട്ടി കൊടുത്തിട്ടാണോ ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത്?'; രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മന്ത്രിമാരെ വേദിയിലിരുത്തി സംസ്ഥാന സർക്കാരിനെ വിമർശിച്ച നടൻ ജയസൂര്യയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയ കോൺഗ്രസുകാർക്കെതിരെ ഇടതു പ്രൊഫൈലുകൾ രംഗത്തെത്തിയിരുന്നു. സംഘപരിവാറുകാരെ തിരിച്ചറിയാൻ കോൺഗ്രസ്സ് ജാഗ്രത കാണിക്കണം എന്ന തരത്തിലായിരുന്നു ചിലരുടെ പ്രതികരണങ്ങൾ.
എന്നാൽ ഇതിന് മറുപടി നൽകുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സംഘിക്ക് വേദി കെട്ടി കൊടുത്തിട്ടാണോ ഞങ്ങളെ പഠിപ്പിക്കാൻ വരികയാണോയെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'സർക്കാരിന്റെ കാർഷിക മേഖലയിലെ വീഴ്ച്ചകളെ വിമർശിച്ച ജയസൂര്യ, സംഘിയാണ് എന്ന സിപിഎം പ്രതിരോധം കണ്ടു. ചിലർ ഒരു പടി കൂടി കടന്ന് സംഘപരിവാറുകാരെ തിരിച്ചറിയാൻ കോൺഗ്രസ്സ് ജാഗ്രത കാണിക്കണം എന്ന ക്ലാസ്സ് എടുക്കുന്നതും കണ്ടു.
ജയസൂര്യ ലക്ഷണമൊത്ത സംഘപരിവാറുകാരനാണ് എന്ന് തന്നെയിരിക്കട്ടെ ... അങ്ങനെയെങ്കിൽ മൂന്ന് ചോദ്യം, മൂന്ന് ഉത്തരം...
1) ജയസൂര്യ പങ്കെടുത്ത ആ പരിപാടി ഏതാണ്?
കളമശ്ശേരി കാർഷികോത്സവം
2) ആരാണ് പരിപാടിയുടെ മുഖ്യ സംഘാടകൻ?
പി. രാജീവ്
3) ആരാണ് പി.രാജിവ്?
പിണറായി സർക്കാരിലെ വ്യവസായ മന്ത്രിയും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും.
ആഹ് അത് ശരി... സംഘിക്ക് വേദി കെട്ടി കൊടുത്തിട്ടാണോ ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത്?', പോസ്റ്റിൽ രാഹുൽ പറഞ്ഞു.
കളമശേരി കാർഷികോത്സവത്തിൽ വെച്ച് കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ വിമർശനം. സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നും തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു. ഈ കാര്യം അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്നും അവർക്ക് വേണ്ടിയാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നും ജയസൂര്യ പറഞ്ഞിരുന്നു.
എന്നാൽ ജയസൂര്യയ്ക്ക് മറുപടിയുമായി മന്ത്രി പ്രസാദ് രംഗത്തെത്തി.യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
'ജയസൂര്യ നല്ല അഭിനേതാവാണ്, എന്നാൽ ജനങ്ങളുടെ മുന്നിൽ ജയസൂര്യ അഭിനയിക്കാൻ പാടില്ലായിരുന്നു. കാർഷികോത്സവം പോലൊരു പരിപാടിയിലേക്ക് പ്രത്യേകം തയ്യാറാക്കിയ ഒരു കാര്യം കൊണ്ടുവരുമ്പോൾ അതിൽ അജണ്ടയുണ്ടെന്നാണ് മനസിലാക്കുന്നത്. എന്തുകൊണ്ടാണ് ഒന്നിച്ച് ഇരിക്കുമ്പോൾ പറഞ്ഞ് കൂടായിരുന്നോ എന്ന് ചിന്തിക്കാമെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു', എന്നായിരുന്നു മന്ത്രി പറഞ്ഞത്.












Click it and Unblock the Notifications