ചുരുളി ചെയ്യുമ്പോള്‍ തന്നോട് പറഞ്ഞത് ഇതാണ്; പൈസ കിട്ടിയപ്പോള്‍ അവര്‍ വിറ്റു, ജോജു പറയുന്നു
കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ജോജു ജോര്‍ജ്. സിനിമ ചെയ്യുമ്പോള്‍ തന്നോട് എന്താണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്, പിന്നീട് അവര്‍ എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളെല്ലാം വിശദീകരിച്ച ജോജു, താനുമായുണ്ടാക്കിയ കരാറിന്റെ പകര്‍പ്പ് കൂടി പുറത്തുവിടണം എന്ന് ലിജോയോട് ആവശ്യപ്പെട്ടു.
അടുത്തിടെ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജോജു ചുരുളി സിനിമയിലെ തെറി സംഭാഷണങ്ങള്‍ വിനയായി എന്ന് സൂചിപ്പിച്ചിരുന്നു. മക്കളുടെ സ്‌കൂള്‍ സഹപാഠികള്‍ ഇതുമായി ബന്ധപ്പെട്ട ട്രോളുകള്‍ കാണിക്കുകയും ആ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് മകള്‍ പറയുകയും ചെയ്ത സാഹചര്യത്തിലായിരുന്നു തന്റെ പ്രതികരണം എന്ന് ജോജു ഇന്ന് മാധ്യമങ്ങോട് വിശദീകരിച്ചു.

സിനിമ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി നിര്‍മിക്കുന്നു എന്നാണ് തന്നോട് പറഞ്ഞിരുന്നത് എന്ന് ജോജു ജോര്‍ജ് പറയുന്നു. തെറി സംഭാഷണങ്ങള്‍ ഇല്ലാത്ത ഭാഗം ഇതിന് വേണ്ടി മാത്രം സംവിധായകന്‍ ലിജോ പെല്ലിശേരി തന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടുണ്ട്. എന്നാല്‍ പൈസ കിട്ടിയപ്പോള്‍ അവര്‍ ഒടിടിയില്‍ സിനിമ വില്‍ക്കുകയാണ് ചെയ്തതെന്നും ജോജു ജോര്‍ജ് പറഞ്ഞു.
ജോജു നേരത്തെ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള മറുപടിയായി ലിജോ ഇന്ന് രാവിലെ ഫേസ്ബുക്ക് പ്രതികരണം നടത്തിയിരുന്നു. നിര്‍മാതാക്കള്‍ക്ക് വിഷമം ഉണ്ടായതിനാലാണ് പ്രതികരിക്കുന്നത് എന്ന് സൂചിപ്പിച്ചായിരുന്നു ലിജോയുടെ കുറിപ്പ്. സിനിമ തിയ്യേററ്റില്‍ റിലീസ് ചെയ്തിട്ടില്ല. ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. അവസരം കിട്ടിയാല്‍ തിയേറ്ററില്‍ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തില്‍ 590000 രൂപ ജോജുവിന് ശമ്പളം കൊടുത്തുവെന്നും ലിജോ ഫേസ്ബുക്കില്‍ വ്യക്തമാക്കി.
ഇതിനുള്ള മറുപടിയായിട്ടാണ് ജോജു ഉച്ചയോടെ മാധ്യമങ്ങളെ കണ്ടത്. ''ലിജോയുടെ കൂടെ ജോലി ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നു. ഫെസ്റ്റിവലിന് വേണ്ടി തയ്യാറാക്കുന്ന സിനിമയാണ് എന്നാണ് തന്നോട് പറഞ്ഞിരുന്നത്. തിയേറ്റര്‍ എന്ന് നേരത്തെ തെറ്റായി താന്‍ പറഞ്ഞതാണ്. ഒടിടിയാണ് ഉദ്ദേശിച്ചത്. ഐഎഫ്എഫ്‌കെയില്‍ സിനിമ കണ്ടവര്‍ക്ക് അറിയാം. അതില്‍ തെറിയില്ല. എന്നാല്‍ ഒടിടിയില്‍ തെറിയുള്ള ഭാഗം വന്നു...
റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട് ഏറെ ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെട്ടു വരുമ്പോഴാണ് ചുരുളി വിവാദമുണ്ടായത്. ഇതില്‍ തനിക്കെതിരേ കേസ് വന്നപ്പോഴും ലിജോ പോലും വിളിച്ചില്ല. ചുുരളി കാരണം വ്യക്തിപരമായി ഉണ്ടായ നഷ്ടം ചെറുതല്ല. ഒടിടിയില്‍ വലിയ പൈസയ്ക്ക് സിനിമ വിറ്റപ്പോള്‍ മാത്രമാണ് ശമ്പളം ചോദിച്ചത്. സിനിമയുടെ കരാറുണ്ടാകുമല്ലോ. അത് ലിജോ പുറത്തുവിടണം. അല്ലാതെ ചെറിയ കഷ്ണം കടലാസല്ല പുറത്തുവിടേണ്ടത്...
ആരും പ്രശംസിച്ചില്ല എന്ന് തന്റെ പേരില്‍ ട്രോള്‍ വ്യാപിക്കുന്നുണ്ട്. പരസ്പരം അഭിനന്ദിക്കുന്ന വര്‍ക്ക് സ്‌പേസിനെ കുറിച്ച് സൂചിപ്പിക്കുകയാണ് അഭിമുഖത്തില്‍ ചെയ്തത്. എന്നാല്‍ മറ്റൊരു രീതിയിലാണ് പ്രചരിച്ചത്. സാമ്പത്തിക വിഷയമല്ല താന്‍ സംസാരിക്കുന്നത്. ജോസഫും, പൊറിഞ്ചുവും എല്ലാം ചെയ്ത് നല്ല രീതിയില്‍ നില്‍ക്കുന്ന സമയത്താണ് ചുരുളി ചെയ്തത് എന്ന് ഓര്‍ക്കണം. ലിജോയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹവുമായി തര്‍ക്കിച്ച്് വിജയിക്കാനല്ല സംസാരിക്കുന്നത്. തന്റെ ഭാഗം വിശദീകരിക്കുകയാണ് ചെയ്യുന്നതെന്നും'' ജോജു പറഞ്ഞു.












Click it and Unblock the Notifications