ജോജു ജോർജിന് കാലിന് പൊട്ടല്‍: അപകടം കമല്‍ഹാസനൊപ്പം ഹെലികോപ്ടറില്‍ നിന്നും ചാടുന്നതിനിടെ
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ജോജു ജോർജിന് പരിക്ക്. പോണ്ടിച്ചേരിയിൽ വെച്ചാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററില്‍ നിന്നും താരം ചാടുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടെ ജോജു ജോർജ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലേറ്റു. ഉടനെ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നലകി.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജോജു ജോർജ് കൊച്ചിയില്‍ മടങ്ങിയെത്തി. കമല്‍ഹാസന്‍ നായകനായ 'തഗ്‌ലൈഫിന്റെ' ചിത്രീകരണത്തിനിടയിലാണ് അപകടം. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

മുപ്പത് വർഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. ഇരുവരുടേയും കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നാണ് ചിത്രം. ചിത്രത്തില്‍ ജയം രവി, ദുൽഖർ സൽമാൻ, തൃഷ കൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ടെന്ന വാർത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ദുൽഖറും ജയം രവിയും പിന്മാറി.
ഷെഡ്യൂളുകളിലെ പ്രശ്നം കാരണമായിരുന്നു ദുല്‍ഖർ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണം. എങ്കിലും ചിമ്പു, ജോജു ജോർജ്ജ്, തമിഴ് നടൻ ഗൗതം കാർത്തിക് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പത്ത് വർഷങ്ങള്‍ക്ക് ശേഷമാണ് കാർത്തിക് ഒരു മണിരത്നം സിനിമയില്‍ അഭിനയിക്കുന്നത്. ദുല്‍ഖർ ചെയ്യാനിരുന്ന വേഷത്തിലേക്കാണ് ചിമ്പു എത്തുന്നതെന്ന സൂചനയുമുണ്ട്.
കഴിഞ്ഞ വർഷം കമല്‍ ഹാസന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് കമല്‍ ചിത്രത്തിലെത്തുന്നത്. എആർ റഹ്മാനാണ് പതിവുപോലെ മണിരത്നം ചിത്രത്തിലെ സംഗീത സംവിധായകന്‍. എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തില്‍ മണിരത്നത്തിനൊപ്പമുണ്ട്.












Click it and Unblock the Notifications