മലപ്പുറത്തെ കുട്ടികള്‍ ജോയ് മാത്യുവിനെവെച്ച് പോസ്റ്ററുണ്ടാക്കിയതിങ്ങനെ!
മലപ്പുറം: മലപ്പുറത്തെ കുട്ടികള്‍ പ്രശസ്ത നടന്‍ ജോയ് മാത്യുവിനെവെച്ച് കിടിലം പോസ്റ്റര്‍ ഉണ്ടാക്കി. കുട്ടികളുടെ പുതിയ കണ്ടുപിടിത്തത്തെക്കുറിച്ച് ജോയ് മാത്യു ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. എന്താണ് സംഭവം, പോസ്റ്റര്‍ കണ്ടാല്‍ ആര്‍ക്കും കൗതുകം തോന്നാം. ഇപ്പോള്‍ ഏതൊരു ചെറിയ പരിപാടിയും ഗംഭീരമായി ആഘോഷിക്കുന്ന കാലമാണല്ലോ. ഒന്നിനും ഒരു കുറവും വരരുതെന്നു കരുതി പ്രശസ്തരെ ചടങ്ങില്‍ ക്ഷണിക്കുന്നതാണ് പതിവ്.
ഫിലിം ഫെസ്റ്റിവല്‍, സ്‌കൂള്‍ വാര്‍ഷികം, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങി മിക്ക പരിപാടികളും ഉദ്ഘാടനം ചെയ്യുന്നത് ചലച്ചിത്ര താരങ്ങളായിരിക്കും. ചിലപ്പോള്‍ സൗഹൃദങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവയുടെ പുറത്തായിരിക്കും ഇവരെ വിളിക്കുന്നത്. എന്നാല്‍, ചിലര്‍ കഷ്ടപ്പെട്ട് പരിപാടിയില്‍ വിശിഷ്ടാതിഥികള്‍ എത്തിക്കാറുമുണ്ട്. അതേസമയം, ഇതിനിടയില്‍ ചലച്ചിത്ര താരങ്ങളുടെ തിരക്കോ, ജോലിയോ ഇവര്‍ക്ക് പ്രശ്‌നമല്ലെന്നാണ് ജോയ് മാത്യു പറയുന്നു.

ഇങ്ങനെ പറയാന്‍ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ദിവസം തന്നെയും മലപ്പുറത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുവസമിതി നടത്തുന്ന ഫിലിം ഫെസ്റ്റിവല്ലില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയുണ്ടായി. നമ്മളോടു സ്‌നേഹം ഉള്ളതു കൊണ്ടാണെങ്കിലും നമ്മുടെ അവസ്ഥ എത്ര പറഞ്ഞാലും ആര്‍ക്കും മനസിലാകില്ല. പങ്കെടുക്കാന്‍ പറ്റും എന്നു ഉറപ്പു നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ജോയ് മാത്യു നിവൃത്തിയുണ്ടെങ്കില്‍ വരാമെന്നു പറയുകയുണ്ടായി.
എന്നാല്‍, കുട്ടികളുടെ അടുത്ത ചോദ്യം വളരെ രസകരമായിരുന്നു. പോസ്റ്റര്‍ അടിച്ചോട്ടെ എന്നായിരുന്നു അവരുടെ ചോദ്യം. 'മിക്കവാറും' എന്നു കൂടി പോസ്റ്ററില്‍ ചേര്‍ത്തേക്കെന്നു തമാശയായി താന്‍ പറഞ്ഞുവെന്ന് ജോയ് മാത്യു പറയുന്നു. പറഞ്ഞത് തമാശയാണെങ്കിലും കുട്ടികള്‍ അങ്ങനെ ചെയ്യുമെന്നും വിചാരിച്ചിരുന്നില്ല. പോസ്റ്റര്‍ കണ്ടപ്പോള്‍ ഞാനുമൊന്ന് ഞെട്ടിയെന്ന് താരം പറയുന്നു. ജോയ് മാത്യു മലപ്പുറത്ത് നമ്മോടൊപ്പം(മിക്കവാറും) എന്നായിരുന്നു പോസ്റ്റര്‍.
സംഗതി ഏതായാലും ഗംഭീരമായെന്നാണ് താരം പറയുന്നത്. ഇനി ആര്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ സംഭവം കൈകാര്യം ചെയ്യാം. മലപ്പുറത്തെ കുട്ടികളില്‍ നിന്നും പഠിക്കേണ്ടത് ഇതാണെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications