'എന്താണ് യുവജന കമ്മീഷന്റെ ജോലി ? അടുത്ത പി എസ് സി പരീക്ഷക്കുളള 10 ചോദ്യങ്ങൾ'; ജോയ് മാത്യു
കൊച്ചി: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടൻ ജോയ് മാത്യു. യുവജന കമ്മീഷനുമായി ബന്ധപ്പെട്ട് അടുത്ത പി എസ് സി പരീക്ഷയ്ക്ക് ചോദിക്കാനിടയുള്ള പത്ത് ചോദ്യങ്ങള്‍ എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കിലൂടെയുള്ള പരിഹാസം.കമ്മീഷന്റെ പ്രവർത്തനങ്ങളേയും ശമ്പള വർധനവിനേയുമെല്ലാം പരോക്ഷമായി പരിഹസിക്കുന്നതാണ് ചോദ്യങ്ങൾ. കുറിപ്പ് വായിക്കാം

പരീക്ഷാ സഹായി
അടുത്ത പി എസ് സി പരീക്ഷക്ക് ചോദിക്കാനിടയുള്ള 10 ചോദ്യങ്ങൾ
1.കേരളത്തിലെ യുവജന കമ്മീഷൻ ആരംഭിച്ച വര്‍ഷം ?
2.യു.കമ്മീഷന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്തൊക്കെ ?
3.യു.കമ്മീഷന്റെ ആദ്യത്തെ കസേരക്കാരൻ /കാരി (ചെയർ പേഴ്‌സൺ )ആരാണ് ?
4.ഇപ്പോഴത്തെ കസേരക്കാരൻ /കാരി ആരാണ് ?
5.യു കമ്മീഷന്റെ കസേരക്കാരൻ /കാരിയുടെ ശമ്പളം എത്ര ?
6. യു കമ്മീഷന്റെ കസേരക്കാരൻ /കാരിക്ക് ചട്ടപ്പടി എത്ര ശമ്പളത്തിന് അർഹതയുണ്ട് ?
7.യു .കമ്മീഷൻ കസേരക്കാരന് /കാരിക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ എന്തൊക്കെയാണ് ?
8.എന്താണ് യു.കമ്മീഷന്റെ യഥാർത്ഥ ജോലി ?
9. യു.കമ്മീഷൻ ഇടപെട്ട് പരിഹരിച്ച യുവജന പ്രശ്നങ്ങൾ ഏതൊക്കെ ?
10.യു .കമ്മീഷന്റെ കസേര കൈക്കലാക്കാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം ?
(ശാസ്ത്രീയമായി ജോലി ചെയ്ത് പിരിഞ്ഞ ഡോക്ടർമാർക്കും ഉത്തരമെഴുതി അയക്കാം -ശരിയുത്തരം അയക്കുന്നവർക്ക് പി എസ് സി പരീക്ഷാസഹായി കൈപ്പുസ്തകം സമ്മാനം', പോസ്റ്റിൽ പറഞ്ഞു.
50000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയാക്കിയാണ് ചിന്താ ജെറോമിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. 2016 ലായിരുന്നു ചിന്താ ജെറോമിനെ നിയമിച്ചത്. 2018 ലാണ് ശമ്പളം വർധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് ഇതിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിനെ സമീപിച്ചു.50000 രൂപ വെച്ച് 11 മാസത്തെ ശമ്പളം കണക്കാക്കി അഞ്ചരലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞദിവസം ധനവകുപ്പ് നിശ്ചയിക്കുകയായിരുന്നു.
അതേസമയം ശമ്പള വർധനവ് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടില്ലെന്നാണ് ചിന്ത ജെറോം വിശദീകരിച്ചത്. യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല.
കെപിസിസി ജനറൽ സെക്രട്ടറിയായ ആർ വി രാജേഷാണ് ശമ്പള കുടിശിക ആവശ്യപ്പെട്ട് കോടതിയിൽ കേസിന് പോയത്. ഇത് സംബന്ധിച്ച് ശമ്പള കുടിശിക നൽകാൻ കോടതിവിധി ഉണ്ടായിട്ടുണ്ട്. അത് നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സർക്കാരിൽ അപേക്ഷ നൽകിയിട്ടുണ്ട്. അത് സർക്കാരിന്റെ പരിഗണനയിലാണെന്നും ചിന്ത പറഞ്ഞു.












Click it and Unblock the Notifications