'പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വയ്ക്കുന്നത് നല്ലതാണ്'; ജോയ് മാത്യു
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമ്മിന്റെ ശമ്പളം 50,000 രൂപയിൽ നിന്ന് ഒരുലക്ഷമാക്കി ഉയർത്തിന് പിന്നാലെ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ഈ വിഷയം വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു.
ശമ്പളം വർദ്ധിപ്പിച്ച തീരുമാനത്തെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ''ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന-സമയ-ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജന കമ്മിഷൻ പദവി ലക്ഷ്യം വയ്ക്കൂ'' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വയ്ക്കുന്നത് നല്ലതാണെന്നും ജോയ് മാത്യു കുറിപ്പിൽ പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന-സമയ-ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജന കമ്മിഷൻ പദവി ലക്ഷ്യം വയ്ക്കൂ. ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വയ്ക്കുന്നത് നല്ലതാണ്, ജോയ് മാത്യു കുറിച്ചു.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധം നേരിടുന്നതിനിടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ചിന്തയ്ക്ക് ശമ്പളം കൂട്ടിതെന്ന ആരോപണം ഉയരുന്നുണ്ട്. ഉയർത്തിയ ശമ്പളനിരക്ക് കണക്കാക്കി മുൻകാലത്തുള്ള കുടിശ്ശിക നൽകണമെന്ന ആവശ്യം ആദ്യം ധനവകുപ്പ് അംഗീകരിച്ചില്ലെങ്കിലും പിന്നീട് ഈ ആവശ്യത്തിന് അംഗീകാരം നൽകി. പുതിയ തീരുമാനം വന്നതോടെ മുൻ അധ്യക്ഷനായ കോൺഗ്രസ് നേതാവ് ആർ.വി. രാജേഷും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

യുഡിഎഫിന്റെ കാലത്താണ് യുവജന കമ്മിഷൻ രൂപവത്കരിച്ചിത്. ആർ.വി. രാജേഷായിരുന്നു ആദ്യ ചെയർമാൻ. ഈ ഘട്ടത്തിൽ ചെയർമാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നൽകും എന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികൾ പൂർത്തിയാക്കിയിരുന്നില്ല.ഇടതുസർക്കാർ വന്നതിനുശേഷം, 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോൾ നിലവിലെ ചെയർമാന് ബാധകമാകുന്നവിധത്തിലാണ് തീരുമാനമുണ്ടായത്. ഇതിനെതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്.

യുവാക്കാളെ വിദ്യാസമ്പന്നരാക്കന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനും യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനും വേണ്ടി രൂപീകരിക്കപ്പെട്ടതാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ. 2014ൽ കേരളാ നിയമസഭ പാസ്സാക്കിയ കേരള സംസ്ഥാന യുവജന കമ്മീഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന യുവജന കമ്മീഷന്റെ രുപീകരണം. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മീഷന്റെ പരമോന്നത സ്ഥാനം അധ്യക്ഷൻ / അധ്യക്ഷയാണ്. അധ്യക്ഷനെ കൂടാതെ പതിമൂന്നിൽ കുറയാത്ത അംഗങ്ങളും കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കണമെന്നാണ് യുവജന കമ്മീഷൻ ആക്റ്റ് നിഷ്കർഷിക്കുന്നത്.












Click it and Unblock the Notifications