പൊട്ടിക്കരഞ്ഞു കൊണ്ട് മണിക്ക് ചിതയൊരുക്കി, മണിക്ക് ചാലക്കുടിയില്‍ അന്ത്യവിശ്രമം
ചാലക്കുടി: പൊട്ടിക്കരഞ്ഞു കൊണ്ട് ചാലക്കുടിക്കാരന്റെ പൊന്നോമന പുത്രനായ കലാഭവന്‍ മണിക്ക് ചിതയൊരുക്കി. മലയാള ചലച്ചിത്ര ലോകത്തെ അഭിനയ പ്രതിഭയ്ക്ക് ഇനി ചാലക്കുടിയിലെ വീട്ടുവളപ്പില്‍ അന്ത്യവിശ്രമം. ഞായറാഴ്ച അന്തരിച്ച കലാഭവന്‍ മണിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മണിയുടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
മണി ഏറെ ഇഷ്ടപ്പെട്ടിരുന്നത് ചാലക്കുടിയെയും അവിടുത്തെ നാട്ടുക്കാരെയുമാണ്. അതുകൊണ്ടു തന്നെ മണി അന്ത്യവിശ്രമം കൊള്ളാന്‍ ആഗ്രഹിച്ചതും ചാലക്കുടിയില്‍ തന്നെയാണ്. ജനലക്ഷങ്ങള്‍ സാക്ഷി നില്‍ക്കെയാണ് മണിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. അഞ്ച് മണിയോടെയാണ് മണിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം ഭൗതിക ശരീരം സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനായി വെച്ചിരുന്നു. പിന്നീട് ചാലക്കുടി മുന്‍സിപ്പല്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ചാലക്കുടിയിലെ വീട്ടിലും പൊതുദര്‍ശനത്തിനായി സൗകര്യമൊരുക്കിയിരുന്നു.
മൂന്നിടങ്ങളിലും ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ എത്തിയത്. സിനിമാ മേഖലയിലുള്ളവരും രാഷ്ട്രീയ നേതാക്കന്മാരും കലാഭവന്‍ മണിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പ്രിയപ്പെട്ടവരോട് യാത്ര ചോദിക്കാതെയാണ് കലാഭവന്‍ മണി ചാലക്കുടിയോടും സിനിമാ ലോകത്തോടും വിടപറഞ്ഞത്.












Click it and Unblock the Notifications