'ഇനി ഉമ്മന്‍ചാണ്ടി സാറിനെ അനുകരിക്കില്ല, അത് ശരിയല്ലെന്ന് വിശ്വസിക്കുന്നു'; കോട്ടയം നസീര്‍
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടനും മിമിക്രി താരവുമായി കോട്ടയം നസീര്‍. തന്നെ സഹോദരനെ പോലെ സ്‌നേഹിച്ച ഒരാളായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കോട്ടയം നസീര്‍ പറഞ്ഞു. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ലെന്നും കോട്ടയം നസീര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുമായുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവച്ചു.
'കറുകച്ചാലില്‍ ഒരു പരിപാടിക്കിടെ ഞാന്‍ അനകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം കയറി വന്നത്., ഞാന്‍ എത്താന്‍ വൈകിയത് കൊണ്ട് എന്റെ ഗ്യാപ്പ് ഫില്‍ ചെയ്തു അല്ലേ എന്നാണ് അദ്ദേഹം എന്നെ ചേര്‍ത്ത് പിടിച്ച് പറഞ്ഞത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല, കരുണാകരന്‍ സാര്‍ മരിച്ചപ്പോഴും ഞാന്‍ അദ്ദേഹത്തെ അനുകരിക്കില്ലെന്ന് പറഞ്ഞിരുന്നു'.

'ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സാര്‍ വിട പറയുമ്പോഴും എനിക്ക് അത് തന്നെയാണ് പറയാനുള്ളത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല. സുഖമില്ലാതെ ആദ്ദേഹം ആശുപത്രിയില്‍ കഴിയുമ്പോള്‍ തന്നെ അനുകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. അത് ചെയ്യുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. രാഷ്ട്രീയത്തിലുള്ള ഒരാളെ അവര്‍ ലൈവായി ഇരിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എടുത്താണ് നമ്മള്‍ അനുകരിക്കാറുള്ളത്. അവര്‍ നമ്മളെ വിട്ടുപിരിഞ്ഞിട്ട് നമ്മള്‍ എങ്ങനെയാണ് അനുകരിക്കുക'- കോട്ടയം നസീര്‍ വ്യക്തമാക്കി.
അതേസമയം, നടന്‍ മോഹന്‍ലാലും ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് രംഗത്തെത്തിയിരുന്നു. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
'പ്രഥമപരിഗണന എപ്പോഴും ജനങ്ങള്‍ക്ക് നല്‍കിയ പ്രിയപ്പെട്ട നേതാവായിരുന്നു, സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍. വേദനയോടെ ആദരാഞ്ജലികള്‍'- മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അസുഖബാധിതനായതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയവെയാണ് ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങി സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലെ സുപ്രധാന പദവികളും അലങ്കരിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ ജനകീയനായ നേതാവ് എന്ന വിശേഷണം ലഭിച്ച ആളായിരുന്നു ഉമ്മന്‍ചാണ്ടി.












Click it and Unblock the Notifications