നടൻ കോട്ടയം പ്രദീപ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
തിരുവനന്തപുരം; നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം 1989 മുതൽ എൽ ഐ സി ജീവനക്കാരനായി.അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴായിരുന്നു അഭിനയിക്കാൻ അവസരം ലഭിച്ചത്. മകന് പകരം അച്ഛനെ സിനിമയിലേക്ക് എടുക്കുകയായിരുന്നു.
ഐ വി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് സിനിമാ പ്രവേശം. പിന്നീട് നിരവധി ചിത്രങ്ങളിൽ വലിയ പ്രാധാന്യങ്ങൾ ഇല്ലാത്ത ജൂനിയർ വേഷങ്ങളിൽ മാത്രം ഒതുങ്ങി. വിണ്ണെതാണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രദീപ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ നായിക തൃഷയുടെ അമ്മാവനായിട്ടായിരുന്നു കോട്ടയം പ്രദീപ് വേഷമിട്ടത്.
പിന്നീട് ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, ഗോധ,കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം,അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഏകദേശം 70 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടു. 2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം.
ഭാര്യ; മായ. മക്കൾ; വിഷ്ണു (ഫാഷൻ ഡിസൈനർ).മകൾ വൃന്ദ ബി.ടെക് കംപ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞു. കെഎസ്ആർടിസി അക്കൗണ്ട്സ് സെക്ഷനില്‍ ജോലി ചെയ്യുന്നു.
അനുശോചിച്ച് മന്ത്രി വിഎൻ വാസവൻ
മലയാള സിനിമ ലോകത്തിനു ദു:ഖം പകരുന്ന വാർത്തയാണ് കോട്ടയം പ്രദീപിന്റെ ആകസ്മിക വിയോഗം. നാടക രംഗത്തു നിന്നു സിനിമയിലേക്ക് എത്തി സ്വതസിദ്ധമായ ശൈലി കൊണ്ട് പ്രേഷക ഹൃദയങ്ങളിൽ ഇടം നേടിയ അഭിനേതാവായിരുന്നു കോട്ടയം പ്രദീപ്. വ്യക്തിപരമായി ഏറെയടുപ്പം അദ്ദേഹവുമായി കാത്തു സൂക്ഷിച്ചിരുന്നു. അസാധ്യമായ അഭിനയ പ്രതിഭയ്ക്കൊപ്പം ഡയലോഗുകളിലെ വത്യസ്തത കൊണ്ടും അദ്ദേഹത്തിന്റെ ഓരോ റോളുകളും പ്രേക്ഷക മനസുകളിൽ എക്കാലവും നിലനിൽക്കുന്നതാണ്. കോട്ടയം പ്രദീപ് എന്ന പേരു കേൾക്കുമ്പോൾ തന്നെ ജന മനസുകളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി മാത്രം കണ്ടാൽ മതി ആ അഭിനയ പ്രതിഭ എത്രമാത്രം ജന മനസുകളിൽ ഇടം നേടിയിട്ടുണ്ടെന്നറിയാൻ . സിനിമ ലോകത്തിനൊപ്പം അക്ഷര നഗരിയായ കോട്ടയത്തിനും വ്യക്തിപരമായി എനിക്കും ഏറെ വേദനയുണ്ടാക്കുന്നതാണ് പ്രദീപിന്റെ വിയോഗം.
നാടകാചാര്യൻ എൻ.എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചാണ് കോട്ടയം പ്രദീപിന്റെ തുടക്കം. നാല് പതിറ്റാണ്ടുകളോളം നാടക വേദികളിൽ സ്ഥിരം സാന്നിധ്യവുമായിരുന്നു. കോട്ടയത്തെ സ്കൂളുകളിലും കോളജുകളിലും പഠിച്ചു കോട്ടയത്ത് എൽ ഐ സി ഓഫിസിൽ ജോലി ചെയ്തിരുന്ന അദ്ദേഹം സേവനത്തിൽ നിന്നു വിരമിച്ച ശേഷം അഭിനയ രംഗത്തു കൂടുതൽ സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം ഉണ്ടായിരിക്കുന്നത് .. വത്യസ്ത റോളുകളിലുടെ ഇനിയും അഭിനയത്തിന്റെ ഉയരങ്ങൾ താണ്ടാനിരുന്ന അദ്ദേഹം ജന മനസുകളിൽ എക്കാലവും ചിരിയുടെ മായാത്ത മുഖമായി നിൽക്കുമെന്നുറപ്പാണ്.
ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനമറിയിക്കുന്നു. ദുഃഖത്തിൽ പങ്കു ചേരുന്നു. പ്രദീപ് കോട്ടയത്തിന് ആദരാജ്ഞലികൾ.












Click it and Unblock the Notifications