ആര്‍ ശ്രീലേഖയ്ക്ക് തലവേദനയായി കൃഷ്ണകുമാറും, വട്ടിയൂർക്കാവിന് വേണ്ടി ബിജെപിയിൽ അടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിയോടെ നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത ഫലങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സംസ്ഥാനത്ത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അക്കൂട്ടത്തില്‍ തന്നെ ബിജെപിക്ക് ഇക്കുറി അക്കൗണ്ട് തുറക്കാന്‍ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം.
വിജയസാധ്യതയുളള മണ്ഡലങ്ങളെ തരംതിരിച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലം ബിജെപിക്ക് വലിയ പ്രതീക്ഷയുളളതാണ്. അത് കൊണ്ട് തന്നെ വട്ടിയൂര്‍ക്കാവ് സീറ്റ് മോഹിച്ച് ഇതിനകം തന്നെ നിരവധി പേര്‍ ടിക്കറ്റ് കാത്ത് രംഗത്തുമുണ്ട്.
കെ സുരേന്ദ്രനും ആര്‍ ശ്രീലേഖയും വിവി രാജേഷും വരെയുളളവര്‍ വട്ടിയൂര്‍ക്കാവ് സീറ്റില്‍ മത്സരിക്കാന്‍ സാധ്യതയുളള പേരുകാരായി പറഞ്ഞ് കേള്‍ക്കുന്നു. ഇത്തവണ ജയസാധ്യത ഉളള സീറ്റ് തന്നെ വേണമെന്ന് വ്യക്തമാക്കുന്ന കെ സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവിനായി ശക്തമായി രംഗത്തുണ്ട്. വട്ടിയൂർക്കാവ് ഇല്ലെങ്കിൽ മത്സരിക്കാനേ ഇല്ല എന്നാണ് സുരേന്ദ്രൻ പാർട്ടിയെ അറിയിച്ചിട്ടുളളത് എന്നാണ് വിവരം. ഏറെ ജനകീയനായ മുന്‍ മേയര്‍ വികെ പ്രശാന്ത് തന്നെയായിരിക്കും ഇത്തവണയും വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് കെ മുരളീധരനെ പരിഗണിക്കാനുളള സാധ്യതയാണ് ഉളളത്.

അതേസമയം വട്ടിയൂര്‍ക്കാവില്‍ സീറ്റ് പ്രതീക്ഷിച്ചിരിക്കുന്ന ആര്‍ ശ്രീലേഖയ്ക്ക് സുരേന്ദ്രന് പിന്നാലെ മറ്റൊരു വിലങ്ങുതടിയായി മാറിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ സന്തോഷമെന്നാണ് കൃഷ്ണകുമാര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും 24 ന്യൂസിനോട് കൃഷ്ണകുമാര്‍ പ്രതികരിച്ചു.
വട്ടിയൂര്‍ക്കാവ് കേന്ദ്രീകരിച്ചാണ് കൃഷ്ണകുമാര്‍ നാളുകളായി പ്രവര്‍ത്തിക്കുന്നത്. കൃഷ്ണകുമാര്‍ താമസിക്കുന്നതും വട്ടിയൂര്‍ക്കാവിലാണ്. ഈ തിരഞ്ഞെടുപ്പില്‍ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പാര്‍ട്ടി ഓരോ കണക്ക് കൂട്ടലുകളോടെയാണ് ഓരോ മണ്ഡലവും തീരുമാനിക്കുന്നത്. തന്നെക്കാളും സീനിയര്‍ ആയുളള ആളുകളും ഉണ്ട്. പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കും, കൃഷ്ണകുമാര്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കാന്‍ തന്നോട് പറഞ്ഞത്. പരമാവധി ചെയ്തിട്ടുണ്ട്. ഒരാളുടെ പ്രവര്‍ത്തനം കൊണ്ടല്ല, ലക്ഷക്കണക്കിന് ആളുകളുടെ പ്രവര്‍ത്തനം ആണ്. നമ്മുടെ പ്രവര്‍ത്തന മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തികളില്‍ ഒരാള്‍ താന്‍ തന്നെ ആയിരിക്കും. അതില്‍ തര്‍ക്കമില്ല. പക്ഷേ പാര്‍ട്ടിക്കൊരു ചട്ടക്കൂട് ഉണ്ട്. അതിന് അനുസരിച്ചാവും തീരുമാനം വരിക. അത് വരെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുക, ജി കൃഷ്ണകുമാര്‍ പറഞ്ഞു.


Click it and Unblock the Notifications