Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവേലി ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്‌റ്റെന്ന് മമ്മൂട്ടി; 'അത്തച്ചമയം വലിയ സാംസ്‌കാരിക പരിപാടിയാക്കണം'

തൃപ്പുണ്ണിത്തുറ: മഹാബലിയെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിച്ച് നടന്‍ മമ്മൂട്ടി. ഓണ വിളംബരവുമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തച്ചമയാഘോഷം വലിയ സാംസ്‌കാരിക പരിപാടിയാക്കി മാറ്റണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി. രാജീവ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂളില്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തമച്ചമയം ഉദ്ഘാനം ചെയ്തു. മമ്മൂട്ടിയാണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ചെറുപ്പകാലം മുതല്‍ അത്തച്ചമയാഘോഷങ്ങളില്‍ താന്‍ സജീവമായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

MAMMOOTTY

'അത്താഘോഷപരിപാടികളിലാണ് ഞാന്‍ ആദ്യമായിട്ട് പങ്കെടുക്കുന്നത്. വേദിയില്‍ അതിഥിയായി പങ്കെടുക്കുന്നതിനെ കുറിച്ചാണ് ബാബു പറഞ്ഞത്. ഞാന്‍ ചെമ്പിലുള്ളയാളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് ഈ അത്താഘോഷങ്ങളിലൊക്കെ വായിനോക്കി നിന്നിട്ടുണ്ട്. എനിക്ക് അന്നും അത്താഘോഷത്തിന്റെ ഒരു പുതുമയുണ്ട്. ഇന്നും എനിക്ക് ആ അത്ഭുതം വിട്ട് മാറിയിട്ടില്ല.

ഏത് സങ്കല്‍പ്പത്തിന്റേയും ഏത് വിശ്വാസത്തിന്റേയും പേരിലായാലും അത്തം നമ്മളെ സംബന്ധിച്ച് ഒരു ആഘോഷമാണ്. അത്തച്ചമയമായിരുന്നു പണ്ടൊക്കെ എന്ന് കേട്ടിട്ടുണ്ട്. അതായത് രാജാക്കന്‍മാര്‍ സര്‍വാഭരണ വിഭൂഷിതരായി തെരുവോരങ്ങളില്‍ ഘോഷയാത്രയായി വരികയും പ്രജകള്‍ കാത്ത് നില്‍ക്കുകയും ചെയ്ത ഒരു കാലമായിരുന്നു. രാജഭരണം പോയി. ഇപ്പോള്‍ പ്രജകളാണ് രാജാക്കന്‍മാര്‍. നമ്മളാണ് രാജാക്കന്‍മാര്‍.

സര്‍വാഭരണവിഭൂഷിതരായി നമ്മളാണ് ആഘോഷിക്കുന്നത്. വലിയൊരു ജനായത്ത് കാലത്തില്‍ നമ്മള്‍ ജീവിക്കുന്നു. ഈ ആഘോഷം പൂര്‍ണമായി ജനങ്ങളുടേതാണ്. ഇത് നമ്മുടെ സന്തോഷത്തിന്റേയും സ്‌നേഹത്തിന്റേയുമൊക്കെ വലിയ ആഘോഷമാണ്. അത്തച്ചമയാഘോഷം ഒരു വലിയ സാഹിത്യ സംസ്‌കാരിക ആഘോഷമാക്കി മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്ന ഒരു അപേക്ഷ സംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ഉണ്ട്.

ഇതിനേക്കാള്‍ വലിയ ആഘോഷമാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. ഈ ഘോഷയാത്രക്ക് അപ്പുറത്തേക്ക് നമ്മുടെ സാംസ്‌കാരിക രംഗത്ത് ഒരുപാട് സംഭാവന നല്‍കിയവരെ അവരുടെ പ്രകടനങ്ങളും പരിപാടികളും വെച്ച് കൊണ്ട് സാംസ്‌കാരിക സമ്മേളനങ്ങളും ആഘോഷങ്ങളും കൂടെ ഇതിന്റെ ഒപ്പം ചേര്‍ത്താല്‍ അതിന്റെ ഭംഗി നമുക്ക് വര്‍ധിക്കുകയും ലോകോത്തരങ്ങളായ ഒരുപാട് കലാരൂപങ്ങള്‍ ഇവിടെ അവതരിപ്പിക്കപ്പെടുകയും അത് നമുക്ക് അനുഭവഭേദ്യമാക്കി തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യും.

അത്തം എന്ന് പറയുന്നത് ഓണം പോലെ തന്നെ കേരളത്തിന്റെ ഒരു വലിയ ടാഗ്ലൈനും ട്രേഡ്മാര്‍ക്കാകുകയും ചെയ്യും. ടൂറിസ്റ്റ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണം എന്ന ആവശ്യം കൂടി എനിക്കുണ്ട്. ഇനി അങ്ങോട്ടുള്ള പത്ത് ദിവസങ്ങളാണ് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്നത്. ഈ ആഘോഷം നമ്മളില്‍ പകര്‍ന്നത് ഒരു സ്‌നേഹത്തിന്റെ സന്ദേശമാണ്. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി.

മനുഷ്യരെ എല്ലാവരേയും ഒന്നുപോലെ കാണുക എന്നുള്ളത് അങ്ങനെയൊരു സങ്കല്‍പം ലോകത്തെങ്ങും നടന്നിട്ടുള്ളതായിട്ട് അറിയില്ല. സൃഷ്ടിയില്‍ പോലും മനുഷ്യരെല്ലാവരും ഒരുപോലെയല്ല. എന്നാലും മനസും കൊണ്ടും സ്‌നേഹം കൊണ്ടും പെരുമാറ്റം കൊണ്ടും നമുക്ക് ഒരേപോലെയുള്ള മനുഷ്യരാകാം. അതിനി ഈ ആഘോഷങ്ങള്‍ കാരണമാകട്ടെ. ഓണത്തിന്റെ പത്ത് നാളുകള്‍ എന്നതിലുപരി 365 ദിവസവും നമ്മുടെ സന്തോഷത്തിന്റെ നല്ല നാളുകള്‍ക്കും സ്‌നേഹത്തിനുമാകട്ടെ. എല്ലാ കാലത്തും ഓണത്തിന്റെ മനസ് പോലെയിരിക്കാനാകട്ടെ.'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+