'ഞാനൊരു കാര്യം പറഞ്ഞോട്ടെ, ശ്രദ്ധിക്കുമല്ലോ അല്ലേ', 3 രക്ഷാ മന്ത്രങ്ങളുമായി മമ്മൂട്ടി, വീഡിയോ
കൊച്ചി: കൊവിഡ് 19 എന്ന വൈറസിന് എതിരെയുളള യുദ്ധത്തിലാണ് കഴിഞ്ഞ 8 മാസത്തോളമായി രാജ്യം. സമീപ ദിവസങ്ങളിൽ രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞ് വരുന്നത് ആശ്വാസകരമാണ്. എന്നാൽ കേരളത്തിൽ കൊവിഡ് വ്യാപനം ശക്തമാണ്. കൊവിഡിനെതിരെയുളള യുദ്ധം ജയിക്കാൻ മൂന്ന് രക്ഷാ മന്ത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.
കൊവിഡിനെതിരെയുളള പ്രധാനമന്ത്രിയുടെ പൊതുജന മുന്നേറ്റത്തില്‍ പങ്കാളിയായിക്കൊണ്ടാണ് മമ്മൂട്ടി രംഗത്ത് വന്നിരിക്കുന്നത്. താൻ പറയുന്നത് ഒന്ന് ശ്രദ്ധിക്കുമല്ലോ എന്ന് മമ്മൂട്ടി വീഡിയോയിൽ അഭ്യർത്ഥിക്കുന്നു. വിശദാംശങ്ങൾ ഇങ്ങനെ..

ഞാനൊരു കാര്യം പറഞ്ഞോട്ടെ..
നമസ്ക്കാരം.. ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ എന്ന അഭ്യര്‍ത്ഥനയോടെയാണ് മമ്മൂട്ടിയുടെ വീഡിയോ ആരംഭിക്കുന്നത്. കൊവിഡിനെ തുരത്താന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചാണ് മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്. 2 മിനിറ്റ് മാത്രം ദൈര്‍ഘ്യമുളളതാണ് വീഡിയോ.
നടൻ ദുല്‍ഖര്‍ സല്മാന് അടക്കം മമ്മൂട്ടിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

പറയാതിരിക്കാന്‍ നിവൃത്തിയില്ല
വീഡിയോയിലെ മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ: ''ഒരേ കാര്യം തന്നെ പല ആവര്‍ത്തി പറയുന്നത് അത്ര ശുഭകരമായ കാര്യമല്ല. എന്നാലും പറയാതിരിക്കാന്‍ നിവൃത്തിയില്ല. കൊവിഡ് എന്ന മഹാരോഗം ഇത്രയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നമ്മള് അതിനോട് കാണിക്കുന്ന അശ്രദ്ധയും അലംഭാവവും നമ്മളെ എവിടെ കൊണ്ട് എത്തിക്കുമെന്ന് പറയാന്‍ പറ്റില്ല.

8 മാസത്തെ യുദ്ധം
കഴിഞ്ഞ 8 മാസമായി നമ്മള് ഈ മഹാരോഗവുമായിട്ട് മല്ലിടുകയാണ്. യുദ്ധം ചെയ്യുകയാണ്. നമ്മള് മാസ്ക് ധരിക്കുന്നത് കൃത്യമായ രീതിയില്‍ ആണോ. കുറഞ്ഞത് രണ്ട് മീറ്റര്‍ എങ്കിലും അകലം പാലിച്ചിട്ടാണോ നമ്മള് മറ്റുളളവരുമായി ഇടപഴകുന്നത്. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നമ്മള് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാറുണ്ടോ

മൂന്ന് രക്ഷാ മന്ത്രങ്ങള്‍
ഇല്ലെങ്കില്‍ ഈ മൂന്ന് രക്ഷാ മന്ത്രങ്ങള്‍ സ്വായത്തമാക്കുക. പാലിക്കുക പരിശീലിക്കുക. എങ്കില്‍ മാത്രമേ കൊവിഡ് എന്ന ഈ മഹാരോഗത്തെ നമുക്ക് പ്രതിരോധിക്കാനാവൂ. അതുവഴി നമ്മളേയും നമ്മുടെ സമൂഹത്തേയും സ്വന്ത ബന്ധങ്ങളേയും നമുക്ക് രക്ഷിക്കാനാവൂ. കൊവിഡിന്റെ വാക്സിന് പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണങ്ങള്‍ നടക്കുകയാണ്.

അതുവരെ ഒരല്പം ജാഗ്രത
അതെല്ലാം വിജയിക്കണം. വിജയിക്കുമെന്ന് നമ്മള് വിചാരിക്കുന്നു. പക്ഷേ അതുവരെ ഒരല്പം ജാഗ്രത നമ്മള് കാണിക്കേണ്ടേ. അതുവരെ കൂടിച്ചേരലുകള്‍, സംഘം ചേരലുകളൊക്കെ ഒന്ന് ഒഴിവാക്കുക. അതില്‍ നിന്നൊക്കെ ഒന്ന് ഒഴിഞ്ഞ് നില്ക്കുക. അതിനോടൊക്കെ ബൈ പറയുക. അത് വഴി നമ്മളീ മഹാരോഗത്തെ തുരത്തി ഓടിക്കും.

സുരക്ഷിതരായിരിക്കുക
നമ്മുടെ 8 മാസമായി നീണ്ട് നില്ക്കുന്ന ഈ യുദ്ധം നമുക്ക് വിജയിക്കണ്ടേ.. നമുക്ക് വിജയിച്ചേ തീരൂ. നമ്മള് വിജയിക്കും. കൊവിഡിനെതിരെയുളള പ്രധാനമന്ത്രിയുടെ പൊതുജന മുന്നേറ്റത്തില്‍ പങ്കാളികളാവുക. എല്ലാവരും സന്തോഷമായും സമാധാനമായും ഇരിക്കുക, സുരക്ഷിതരായിരിക്കുക എന്നാണ് മമ്മൂട്ടി വീഡിയോയില്‍ ആവശ്യപ്പെടുന്നത്.

ഇത് ആദ്യമായല്ല
ഇതാദ്യമായല്ല മമ്മൂട്ടി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരും അടക്കമുളളവര്‍ക്ക് വേണ്ടി സുഷിന് ശ്യാം സംഗീതം നല്കി തയ്യാറാക്കിയ വീഡിയോയ്ക്ക് വേണ്ടി മമ്മൂട്ടി ശബ്ദം നല്‍കിയിരുന്നു.

ഭയമല്ല അഭിമാനമാണ് തോന്നേണ്ടത്
കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ കെട്ടുറപ്പിനെക്കുറിച്ചുളളതായിരുന്നു വീഡിയോ. കൊവിഡിനെതിരെയുളള പോരാട്ടം വിജയിക്കണമെങ്കില്‍ ഓരോരുത്തരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വീഡിയോയില്‍ പറയുന്നു. കേരളത്തിന്റെ ആരോഗ്യ രംഗം സുസജ്ജമാണെന്നും ഭയമല്ല അഭിമാനമാണ് തോന്നേണ്ടത് എന്നും വീഡിയോയില്‍ മമ്മൂട്ടി പറയുന്നു.

ജയിക്കാം... ഈ മഹായുദ്ധം
'' കൊറോണയുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ നമ്മള് മേല്‍ക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു. പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണ്. നമ്മള് ജാഗ്രത തുടരുക തന്നെ വേണം. ആദ്യഘട്ടത്തിൽ പൊരുതി നേടിയ നേട്ടങ്ങളുടെ തുടർച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. നിയമപാലകർക്കും ആരോഗ്യ സംരക്ഷകർക്കും പ്രവർത്തനോർജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കർത്തവ്യം. വ്യക്തിതാല്പര്യങ്ങള് മാറ്റി വെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം... ജയിക്കാം... ഈ മഹായുദ്ധം!'' എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

മറ്റ് താരങ്ങളും
മോഹന്‍ലാല്‍ അടക്കമുളള മറ്റ് താരങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. കൊവിഡിനെ നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മോഹന്‍ലാല്‍ സമയം ചെലവഴിച്ചിരുന്നു. വിശ്രമം ഇല്ലാതെ കൊവിഡ് പോരാട്ടത്തില്‍ മുഴുകിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ലാല്‍ അവര്‍ക്കൊപ്പം ചേര്‍ന്നത്.