'ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യ, ഇനി വേണ്ടത് ശാശ്വതമായ പരിഹാരം': മമ്മൂട്ടി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി രംഗത്ത്. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് മമ്മൂട്ടി പറഞ്ഞു. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യ. രാത്രിയില്‍ ഞെട്ടിയുണര്‍ന്ന് ശ്വാസം വലിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി.
സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൂനയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസം മുട്ടലായി. ഇന്നലെ ഷൂട്ടിനായി വയനാട്ടില്‍ എത്തി. ശ്വാസം മുട്ടല്‍ ഇപ്പോഴുമുണ്ട്. പലരോടും സംസാരിച്ചപ്പോള്‍ വീട് വിട്ട് മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസര പ്രദേശത്തും മാത്രമല്ല പ്രശ്‌നം, സമീപ ജില്ലകളിലേക്കും വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാമെന്നും മമ്മൂട്ടി പറഞ്ഞു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടെയുള്ള പ്രശ്‌നങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തം ഭരണകര്‍ത്താക്കള്‍ക്കാണ്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെയോ പുറത്തുനിന്നുള്ള വിജയകരമായ മാതൃകകള്‍ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വച്ച് മാറിനിന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്ന ജനസമഹമായി നമ്മളും മാറരുതെന്ന് മമ്മൂട്ടി പറഞ്ഞു.

പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റ്ിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്താന്‍ സാധിക്കണം. ജൈവ മാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണമെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചി ഒരു മഹാനഗരമായി വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നാണ് മാലിന്യ സംസ്‌കരണവും കൊച്ചിയെ പുകപ്പുട്ടിലിട്ട് ഇനിയും ശ്വാസം മുട്ടിക്കരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു.
മാലിന്യം എന്നത് നഗരജീവിതത്തിന്റെ അനിവാര്യതയാണ്. ഗ്രാമത്തില്‍ ജനിച്ച ഞാന്‍ കുട്ടിക്കാലത്ത് ഭക്ഷണാവശിഷ്ടങ്ങളും മറ്റും പറമ്പുകളില്‍ നിക്ഷേപിക്കുന്നതു കണ്ടാണ് വളര്‍ന്നത്. ചീഞ്ഞുപോയ ചിലത് മറ്റുചിലതിന് വളമാകുന്ന കാഴ്ച അടുക്കിവച്ച തീപ്പെട്ടിക്കൂടുകള്‍ പോലെ ഫ്‌ളാറ്റുകളുള്ള കൊച്ചി പോലൊരു മഹാനഗരത്തില്‍ പറമ്പ് എന്ന്ത് പോയിട്ട് മുറ്റം പോലും വെറുമൊരു സങ്കല്‍പ്പമാണ്.
അതുകൊണ്ട് നിത്യ ജീവിതത്തില്‍ മാലിന്യം എന്ന അനിവാര്യതയെ അംഗീകരിച്ച് അവയെ എങ്ങനെ ഫലപ്രദമായി സംസ്‌കരിക്കാം എന്ന ആലോചനയാണ് ഇനിയുള്ള കാലത്ത് വേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞു. കൊച്ചിയിലെ മാലിന്യം വെറുതെ ബ്രഹ്മപുരത്തെ 75 ഏക്കറില്‍ നിക്ഷേപിക്കുകയായിരുന്നെന്നും അത് ഫലപ്രദമായി സംസ്‌കരിക്കപ്പെടുന്നില്ലെന്നും തിരിച്ചറിഞ്ഞതിന്റെ ഞെട്ടലാണ് തീപിടിത്തം ബാക്കിയാക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.












Click it and Unblock the Notifications