കാസർഗോഡ് കളക്ടറുടെ കയ്യ് പിടിച്ചു കുലുക്കി മമ്മൂക്ക അന്ന് പറഞ്ഞു,.. കളക്ടറുടെ മറുപടി, വൈറൽ കുറിപ്പ്
തിരുവനന്തപുരം; കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല കാസർഗോഡാണ്. ഇന്നലെ മാത്രം 19 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കരശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സർക്കാർ നിർദ്ദേശങ്ങൾ തള്ളി ഇന്നും നിരവധി പേരാണ് തെരുവിലിറങ്ങിയത്. അതേസമയം ഇത്തരക്കാരെ മെരുക്കാൻ നേരിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ് ജില്ലാ കളക്ടർ ഡോ സജിത്ത് ബാബു.
തെരുവിലിറങ്ങുന്നവരെ മെരുക്കിയും ജനത്തിനൊപ്പം അതിജീവനത്തിന് വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യുന്ന ജില്ലാ കളക്ടറുടെ നടപടിക്ക് വലിയ അഭിനന്ദനമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. അതിനിടെ മുൻപ് കളക്ടറുടെ ഇടപെടലിനെ പുകഴ്ത്തി നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ പങ്കുവെയ്ക്കുകയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കുന്ന റോബർട്ട് കുര്യാക്കോസ്. ഫേസ്ബുക്കിലൂടെയാണ് റോബേർട്ട് മമ്മൂട്ടിയും കളക്ടറും പങ്കെടുത്ത പരിപാടിയെ കുറിച്ചും അന്നത്തെ സംഭവത്തെ കുറിച്ചും പറഞ്ഞത്. പോസ്റ്റ് വായിക്കാം

മനുഷ്യസ്നേഹി
ഒന്നരവർഷം മുൻപാണ്, കാസറഗോഡ് മുള്ളേരിയ ആദിവാസി ഗ്രാമത്തിലെ ആദിവാസി സഹോദരങ്ങൾക്ക് ഒപ്പം ഒരു ചടങ്ങിൽ വച്ചാണ് ഡോ സജിത്ത് ബാബു എന്ന കാസറഗോഡ് ജില്ലാ കളക്ടറെ ആദ്യമായി കാണുന്നത്. അതിന് മുൻപ് പലവട്ടം ഫോണിൽ സംസാരിച്ചപ്പോളും കാസറഗോഡ് ഉള്ള സുഹൃത്തുക്കളുടെ വാക്കുകളിലും ഒരു തികഞ്ഞ മനുഷ്യസ്നേഹിയെ മനസ്സിലാക്കിയിരുന്നു.

കുറെ പദ്ധതികൾ ഉണ്ടല്ലോ
മുള്ളേരി മൂപ്പൻ ആവശ്യപ്പെട്ട ചില കാര്യങ്ങൾ മമ്മൂക്ക അദ്ദേഹത്തിന്റെ ഊരിലേക്ക് ചെയ്തു കൊടുക്കുന്നുണ്ട് എന്ന് പറയാനും അനുവാദം വാങ്ങാനുമാണ് അന്ന് അദ്ദേഹവുമായി ആദ്യമായി സംസാരിക്കുന്നത്. പക്ഷേ, അദ്ദേഹം പറഞ്ഞു "ഞാനും വരുന്നുണ്ട് മമ്മൂക്കയെ കാണാൻ നിങ്ങൾക്ക് കുറെ പദ്ധതികൾ ഉണ്ടല്ലോ, അത് അർഹതപെട്ടവരിൽ എത്തണം.. ഞാനും സഹായിക്കാം "

ഞാനും സാക്ഷ്യം വഹിച്ചു
കാസറഗോഡ് ജില്ലയിലെ മുഴുവൻ നിർധനരെയും സഹായിക്കുക എന്ന ഒറ്റ ലക്ഷ്യമേ അദ്ദേഹത്തിന് ഉള്ളു എന്ന് മനസ്സിലായി. അന്നത്തെ ചടങ്ങിന് എത്തിയ ആദിവാസി സഹോദരങ്ങൾ മമ്മൂക്കയോട് സംസാരിക്കുമ്പോൾ അവരുടെ ആവലാതികൾ പറയുന്നതിലും ശക്തമായ ഭാഷയിൽ അവരെ അവരുടെ കളക്ടർ സഹായിച്ചുകൊണ്ടിരിക്കുന്ന കഥകൾ പറയുന്നത് കേട്ടപ്പോൾ അവിടെ കൂടി നിന്നവർ ആ കളക്ടറെ സ്നേഹാദരങ്ങളോടെ നോക്കി കാണുന്നതിന് ഞാനും സാക്ഷ്യം വഹിച്ചു..

എല്ലാവരും ചിരിച്ചു,
ഇതെല്ലാം കേട്ട മമ്മൂക്ക നിറഞ്ഞ മനസ്സോടെ കളക്ടറെ അഭിനന്ദിക്കുന്നത് കണ്ടു. ഒപ്പം അദ്ദേഹം തമാശ ആയി ഇങ്ങനെ പറഞ്ഞു " അല്ലങ്കിലും സഹായിക്കണം, കണ്ടറിഞ്ഞു പ്രവർത്തിക്കണം, അതിനല്ലേ കളക്ടറെ സർക്കാർ ഇങ്ങോട്ടു വിട്ടിരിക്കുന്നത്.. ഇല്ലെങ്കിൽ ചെവിക്ക് പിടിക്കാനും സർക്കാരിന് അറിയാം ". തനിക്കു ഏറെ വാത്സല്യം തോന്നുന്ന അനുജനോട് എന്ന പോലെ മമ്മൂക്ക തമാശ ആയി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു,

അന്തസ്സായി മില്ല് നടത്തും
കളക്ടർ പറഞ്ഞു " അതേ മമ്മൂക്ക, ഞാൻ ഈ കുപ്പായം ഇടും മുൻപ് നാട്ടിൽ മില്ല് നടത്തുകയായിരുന്നു , നല്ല ഒന്നാന്തരം മില്ല്.. സാമ്പത്തിക ലാഭം ആണെങ്കിൽ അത് തന്നെ ആണ് മെച്ചം. പക്ഷേ എനിക്കും ചില ലക്ഷ്യങ്ങൾ ഉണ്ട്, ചുമതലകൾ ഉണ്ട്, പ്രതീക്ഷകളും.. ഇവയിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെട്ടാൽ ആ നിമിഷം ഞാനിത് അഴിച്ചു വച്ചു നാട്ടിലേക്കു വണ്ടി കയറും, അന്തസ്സായി മില്ല് നടത്തും "

"നിങ്ങൾ മിടുക്കനാണ്..
കളക്ടറുടെ കയ്യ് പിടിച്ചു കുലുക്കി മമ്മൂക്ക അന്ന് പറഞ്ഞു, "നിങ്ങൾ മിടുക്കനാണ്.. കാസറഗോഡിന് നിങ്ങളെ ആവശ്യം ഉണ്ട് "ഇന്ന് കാസർഗോട്ടെ സ്ഥിഗതി കാണുമ്പോൾ അന്ന് മമ്മൂക്ക പറഞ്ഞത് അക്ഷരം പ്രതിശരിയാകുകയാണല്ലോ എന്ന് തോന്നി. എത്ര ആൽമാർത്ഥമായാണ് ആ മനുഷ്യൻ ഓടി നടക്കുന്നത് ! വേണമെങ്കിൽ ഓഫീസിലിരുന്ന് സ്വന്തം തടി ആദ്യം സുരക്ഷിതമാക്കി ഓർഡർ ഇട്ട് ഇരിക്കാമായിരുന്നു.

" വല്യേട്ടനായി"
ഇത്രയും അപകട സാധ്യത ഉള്ള അവസ്ഥയിൽ പോലും കാസറഗോടിന്റെ സ്വന്തം " വല്യേട്ടനായി" നാട് മുഴുവനും ഓടി നടന്ന്, ഊണും ഉറക്കവും ഇല്ലാതെ പണിയെടുക്കുന്ന കളക്ടറെ കാണുമ്പോൾ ജോസഫ് അലക്സുമാർ സിനിമയിൽ മാത്രം ഉള്ള പ്രതിഭാസം അല്ല എന്ന് മനസ്സിലാകുവാണ്.

വിദൂരമല്ല എന്ന്
എന്തായാലും ഭൂമിയിലെ മാലാഖമാരുടെയും ടീച്ചറമ്മയുടെയും നന്മ തിരിച്ചറിഞ്ഞ മലയാളി ഡോ സജിത്ത്ബാബു ഐ എ എസിനെ "കളക്ടറേട്ടൻ" എന്ന് വിളിച്ചു നെഞ്ചേറ്റുന്ന കാലം വിദൂരമല്ല എന്ന് വിശ്വസിക്കാം












Click it and Unblock the Notifications