'മനോരമയ്ക്ക് എന്റെ ഫോട്ടോ തിരിച്ചറിയില്ലേ,ചീത്തപ്പേര് ഉണ്ടാക്കിയതിന് നന്ദി'; പറപ്പിച്ച് നടൻ മണികണ്ഠൻ
കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ പ്രതിയുടെ ചിത്രത്തിന് പകരം തന്റെ ചിത്രം നൽകിയതിൽ മനോരമയ്ക്കെതിരെ നടൻ മണികണ്ഠൻ ആചാരി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനെ കുറിച്ചുള്ള വാർത്തയിലാണ് മണികണ്ഠൻ ആചാരിയുടെ ചിത്രം മനോരമ തെറ്റായി ഉപയോഗിച്ചത്. കള്ളപ്പണ ഇടപാടിലാണ് എ എം വി എ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായത്.
മനോരമക്ക് തന്റെ ഫോട്ടോ കണ്ടാൽ തിരിച്ചറിയില്ലേ എന്ന് മണികണ്ഠൻ ചോദിച്ചു. ഫോട്ടോ വന്നത് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കിയെന്നും മനോരമയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മണികണ്ഠൻ പറഞ്ഞു. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

'മനോരമ മലപ്പുറം എഡിഷനിൽ എന്നെക്കുറിച്ചൊരു വാർത്ത വന്നു. എന്റെ ഫോട്ടോ വെച്ചൊരു വാർത്തയായിരുന്നു. കേസ് കളള്ളപ്പണമാണ്. ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയാണെന്ന് വാർത്ത വായിച്ചാൽ അറിയാം.എന്റെ പടം കണ്ടാല്‍ മനോരമയ്ക്ക് അറിയില്ലേ. മനോരമക്ക് അറിയാത്ത ഒരാളാണോ ഞാനെന്ന് സംശയിച്ച് പോകുകയാണ്. ഫോട്ടോ നൽകിയത് എന്നെ വളരെ അധികം ബാധിച്ചു.
അടുത്ത മാസം ചെയ്യേണ്ട ഒരു തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചിരുന്നു. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം പറഞ്ഞപ്പോഴാണ് ഞാൻ ഈ വിഷയം അറിയുന്നത്. അദ്ദേഹത്തിന് വിളിക്കാൻ തോന്നിയത് കൊണ്ട് സമാധാനമായി. ഇല്ലെങ്കിൽ എനിക്ക് അവസരം തന്നെ നഷ്ടപ്പെട്ടേനെ. ഇനിയും എത്ര അവസരം നഷ്ടമാകുമെന്ന് അറിയില്ല. അതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. നിയമപരമായി മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ശ്രമങ്ങൾ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നു', മണികണ്ഠൻ പറഞ്ഞു.
കള്ളപ്പണം സൂക്ഷിച്ച കേസിൽ നടപടി നേരിട്ട എംവിഎ ഉദ്യോഗസ്ഥൻ മണികണ്ഠൻ കാസർകോഡ് സ്വദേശിയാണ്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 90 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ആട് 2, ജാനകീജാനെ, അഞ്ചാംപാതിര ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications