കൊച്ചി പോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന നഗരം വേറെയുണ്ടോ? മുഖ്യമന്ത്രിക്ക് എഴുതി';മോഹൻലാൽ പറയുന്നു
കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോയെന്നും മോഹൻലാൽ ചോദിച്ചു.

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ് ബ്രഹ്മപുരത്തേതെന്ന് മോഹൻലാൽ. ഇത് ആരുടെ വീഴ്ചായാണെന്നു തർക്കിക്കുമ്പോൾ ഇതിനുള്ള അടിയന്തര പരിഹാരം ചർച്ച ചെയ്യാതെ പോകുകയാണെന്നും ഈ പുക കൊച്ചിയിൽ മാത്രം നിൽക്കുമെന്നു കരുതരുതെന്നും മോഹൻലാൽ പറഞ്ഞു. മനോരമ ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കൊച്ചിയിൽ ആയിരക്കണക്കിനു അമ്മമാരും മുതിർന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണെന്നും ഏറെ ദിവസമായി ഇതെല്ലാം വലിയ വേദനയാണ് ഉണ്ടാക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവൻ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോയെന്നും മോഹൻലാൽ ചോദിച്ചു.
'5 വർഷം മുൻപു ഒരു കുറിപ്പിൽ മാലിന്യം കൈ വിട്ടുപോകുന്ന പ്രശ്നമാകുമെന്നു ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആയിരക്കണക്കിനാളുകളുടെ ആശങ്കയായിരുന്നു അത്. ആ കത്തു ഞാൻ മുഖ്യമന്ത്രിക്കും നൽകിയിരുന്നു. കൃത്യമായൊരു സംവിധാനം ഉണ്ടായാൽ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം. പരസ്പരം കുറ്റം പറയുന്നതിന് പകരം നാം ചെയ്യേണ്ട കാര്യങ്ങളും സംസ്കരണത്തിന് സ്വയം സജ്ജരാകുകയെന്നതാണെന്നും മോഹൻലാൽ പറഞ്ഞു.
ബ്രഹ്മപുരം വിഷയത്തിൽ നടൻ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.
അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായിത്തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് എറണാകുളം കളക്ടർ അറിയിച്ചു. പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ച് കഴിഞ്ഞ 10 ദിവസമായി തുടർന്ന രക്ഷാപ്രവർത്തനത്തിലൂടെ 7 സെക്ടറുകളിൽ 5 സെക്റ്ററുകൾ കഴിഞ്ഞ ദിവസം തന്നെ പൂർണമായും നിയന്ത്രണവിധേയമായിരുന്നു.
ഇന്നത്തെ പ്രവർത്തനങ്ങൾക്കൊടുവിൽ എല്ലാ സെക്റ്ററുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്.
തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തും. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്‌നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.












Click it and Unblock the Notifications