സ്‌കൂള്‍ കലോത്സവം കളറാക്കാന്‍ മോഹന്‍ലാല്‍; സമാപനചടങ്ങില്‍ മുഖ്യാതിഥി; തൃശൂരില്‍ ജനുവരി 14 മുതല്‍ 18 വരെ
തൃശൂര്‍: അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന അറുപത്തി നാലാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 14 മുതല്‍ 18 വരെ തൃശൂരിലാണ് ഇക്കുറി സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നത്. കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ ആണ് മോഹന്‍ലാല്‍ പങ്കെടുക്കുന്നത്.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നീ വിഭാഗങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. അഞ്ചു ദവസങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96 ഇനങ്ങളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഇനങ്ങളും സംസ്‌കൃതോത്സവത്തില്‍ 19 ഇനങ്ങളും അറബി കലോത്സവത്തില്‍ 19 ഇനങ്ങളിലും ആണ് മത്സരങ്ങള്‍ നടക്കുന്നത്.

കലോത്സവത്തിന് മുന്നോടിയായുള്ള പന്തല്‍ കാല്‍നാട്ടു കര്‍മ്മം ഡിസംബര്‍ 20ന് തേക്കിന്‍കാട് മൈതാനത്ത് വച്ച് നടത്തും. കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളും വിലയിരുത്തും. റവന്യൂ മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു എന്നിവര്‍ പന്തല്‍ കാല്‍നാട്ടു കര്‍മ്മത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കലോത്സവ ലോഗോ പ്രകാശനം, മീഡിയ അവാര്‍ഡ് പ്രഖ്യാപനം, പോഗ്രാം ഷെഡ്യൂള്‍ പ്രകാശനം എന്നിവ നടക്കും. കേരളത്തിന്റെ സാംസ്‌കാരിക നഗരിയായ തൃശ്ശൂരിന്റെ കലാപൈതൃകവും സാംസ്‌കാരിക ചിഹ്നങ്ങളും ചേര്‍ത്തുള്ള ലോഗോയാണ് കലോത്സവത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
സമീപകാലത്തെ സംസ്ഥാന കലോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ് മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടി കേരളത്തില്‍ തിരിച്ചെത്തിയ മോഹന്‍ലാലിന് കേന്ദ്രം വിപുലമായ സ്വീകരണം ഒരുക്കിയിരുന്നു. അടുത്തിടെ സംസ്ഥാനത്തെ അതി ദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്ന പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുക്കാതിരുന്നത് ചെറിയ വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നടന്മാരായ ടൊവിനോ തോമസും ആസിഫ് അലിയുമാണ് മുഖ്യാതിഥികളായി പങ്കെടുത്തത്.












Click it and Unblock the Notifications