മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം; വി ഡി സതീശൻ മുഖ്യമന്ത്രിയായതിൽ ഇരട്ടി സന്തോഷമെന്ന് മോഹൻലാൽ
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സ്വന്തം നിയോജക മണ്ഡലമായ പറവൂരിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂർ പൗരാവലി ഒരുക്കിയ പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങിൽ മനസ്സ് തുറന്ന് നടൻ മോഹൻലാൽ. വി.ഡി. സതീശൻ മുഖ്യമന്ത്രിയായത് തനിക്ക് ഇരട്ടി സന്തോഷം നൽകുന്ന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മനസ്സിൽ എക്കാലത്തും ചങ്ങാതിയുടെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളതെന്നും മലയാളികൾക്ക് പുതിയ മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി, നടൻ സലിം കുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത വേദിയിലാണ് മുഖ്യമന്ത്രിയെ സാക്ഷിനിർത്തി താരം സംസാരിച്ചത്.
"സതീശൻ സർ..." എന്ന് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോഹൻലാൽ പ്രസംഗം ആരംഭിച്ചത്. വി.ഡി. സതീശനെ മുഖ്യമന്ത്രി കസേരയിൽ എത്തിക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയത് തന്നെ അമ്പരപ്പിച്ചു കളഞ്ഞതായി താരം സാക്ഷ്യപ്പെടുത്തി. സത്യസന്ധതയും സുതാര്യതയും ഇഴചേർന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ആ ഗുണങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാകാം ജനങ്ങൾ അദ്ദേഹത്തിനായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

കേവലം ആശംസകളിൽ മാത്രം ഒതുക്കാതെ കേരളം ഇന്ന് നേരിടുന്ന ചില പ്രധാന ആകുലതകളും ആശങ്കകളും താരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നമ്മുടെ റോഡുകൾ ജനങ്ങളുടെ ജീവനെടുക്കുന്ന മരണക്കെണികളായി മാറുന്ന അവസ്ഥയ്ക്ക് അടിയന്തര മാറ്റമുണ്ടാകണമെന്നും, കുന്നുകൂടുന്ന മാലിന്യങ്ങൾ മാരക രോഗങ്ങൾക്ക് വഴിമാറുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു. ലഹരി വ്യാപനം നാടിനെ തകർക്കുന്ന ഒന്നാണെന്ന് ഓർമ്മിപ്പിച്ച താരം, "നാർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്" എന്ന് വ്യക്തമാക്കിക്കൊണ്ട് ലഹരി മാഫിയക്കെതിരെ സർക്കാർ ഏറ്റവും കർശനമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് വേദിയിൽ വെച്ച് നേരിട്ട് ആവശ്യപ്പെട്ടു.
കേരളത്തിലെ വിഭവങ്ങളെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ പുതിയ മുഖ്യമന്ത്രിക്ക് കഴിയട്ടെയെന്ന് ആശംസിച്ച താരം, ഒരു 'നെഹ്‌റുവിയൻ സോഷ്യലിസ്റ്റ്' ആയിരിക്കുമ്പോൾ തന്നെ നെഹ്‌റുവിനെപ്പോലെ വെറുമൊരു സ്വപ്നജീവി ആയി മാത്രം ഒതുങ്ങാതെ പ്രായോഗികമായി കാര്യങ്ങൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിക്കണമെന്നും ഓർമ്മിപ്പിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ ആധുനിക സിംഗപ്പൂരിന്റെ ശില്പിയായ ലീ കുവാൻ യൂവിനെയാണ് തനിക്ക് ഓർമ്മവന്നതെന്നും, അതുപോലൊരു വലിയ മാറ്റം കേരളത്തിലും കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.












Click it and Unblock the Notifications