മുകേഷിന്റെ സ്വത്ത് പ്രേമചന്ദ്രനേക്കാൾ പത്തിരട്ടി; ലക്ഷങ്ങളുടെ കാറും സ്വത്തുക്കളും.. ആസ്തി വിവരങ്ങൾ ഇതാ
കൊല്ലം: ശക്തമായ മത്സരത്തിനാണ് ഇത്തവണ കൊല്ലത്ത് കളമൊരുങ്ങിയിരിക്കുന്നത്. ഹാട്രിക് വിജയം ലക്ഷ്യമിട്ട് യു ഡി എഫിനായി എൻകെ പ്രേമചന്ദ്രൻ തന്നെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ഇത്തവണ സി പി എം മത്സരിപ്പിക്കുന്നത് നടനും കൊല്ലം എം എൽ എയുമായ മുകേഷ്.
കഴിഞ്ഞ തവണ കൂറ്റൻ ഭൂരിപക്ഷം തന്നെയാണ് മണ്ഡലത്തിൽ എൻ കെ പ്രേമചന്ദ്രന്റെ ആത്മവിശ്വാസം. 2019 ൽ 148856 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു മണ്ഡലത്തിൽ പ്രേമചന്ദ്രൻ വിജയിച്ചത്. അന്ന് കെ എൻ ബാലഗോപാലിനെയായിരുന്നു പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. മൂന്നര ലക്ഷത്തോളം വോട്ടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഇത്തണയും കൊല്ലം തനിക്കൊപ്പം നിൽക്കുമെന്ന് പ്രേമചന്ദ്രൻ ഉറച്ച് വിശ്വസിക്കുന്നു. അതേസമയം കഴിഞ്ഞ രണ്ട് തവണയും കൈവിട്ട മണ്ഡലം ഇത്തവണ മുകേഷിലൂടെ തിരിച്ച് പിടിക്കാമെന്നാണ് സി പി എം കണക്കുകൂട്ടൽ. മുകേഷിൻറെ താരപരിവേഷം വോട്ടായി മാറുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കഷ്ടി ഭൂരിപക്ഷത്തിൽ ജയിച്ച മുകേഷിനെ എന്ത് ധൈര്യത്തിലാണ് സി പി എം സ്ഥാനാർത്ഥിയാക്കിയെന്ന ചോദ്യം ഉയരുന്നുണ്ട്. ജനസമ്മിതിയുടെ കാര്യത്തിൽ മുകേഷിന് പ്രേമചന്ദ്രനെ വീഴ്ത്താനാകില്ലെന്നും ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ജനപ്രീതിയിൽ പ്രേമചന്ദ്രനാണ് മുൻപിലെങ്കിലും ആസ്തിയുടെ കാര്യത്തിൽ നടൻ മുകേഷാണ് കേട്ടോ മുന്നിൽ. 2021 ൽ എം എൽ എയായി മത്സരിക്കുമ്പോൾ സമർപ്പിച്ച സത്യവാങ്മൂലപ്രകാരം. 14. 24 കോടിയാണ് മുകേഷിന്റെ ആസ്തി. 2016 ൽ ഇത് 10. 57 കോടിയായിരുന്നു. 82,390 രൂപയോളം തനിക്ക് ബാധ്യതയുണ്ടെന്നും മുകേഷ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കാറുകളും താരത്തിന് സ്വന്തമായുണ്ട്. ഓഡി 5 ഉം മഹീന്ദ്ര എസ് യു വിയുമാണ് താരത്തിന് സ്വന്തമായുള്ളത്. സ്വന്തമായി കൃഷി ഭൂമിയില്ല. എന്നാൽ ചെന്നൈയിലും എറണാകുളത്തുമായി മൂന്ന് പ്രോപ്പർട്ടികൾ ഉണ്ടെന്നും താരം പറയുന്നു.
അതേസമയം എൻ കെ പ്രേമചന്ദ്രന്റെ ആകെ ആസ്തി 1.75 കോടി രൂപയാണ്. 2014 ൽ 1.65 ലക്ഷവും. 29 ലക്ഷത്തോളം ബാധ്യത തനിക്ക് ഉണ്ടെന്നും 2019 ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സ്വിഫ്റ്റ് കാറാണ് പ്രേമചന്ദ്രന്റെ കൈവശമുള്ളത്. സ്വന്തമായി പ്രോപ്പർട്ടികൾ ഒന്നുമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.












Click it and Unblock the Notifications