'ആ പ്രശ്‌നത്തിന് ശേഷം പുറത്തിറങ്ങാതെയായി..'; വിഷമഘട്ടത്തില്‍ കൂടെ നിന്നത് ജനങ്ങളെന്ന് നിവിന്‍ പോളി
കൊച്ചി: വിഷമഘട്ടത്തില്‍ ജനങ്ങളാണ് തന്റെ കൂടെ നിന്നത് എന്ന് നടന്‍ നിവിന്‍ പോളി. അടുത്തിടെ നിവിന്‍ പോളിക്കെതിരെ പീഡന ആരോപണവുമായി ഒരു യുവതി രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് യുവതിയുടേത് വ്യാജ പരാതിയാണ് എന്ന് തെളിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിവിന്‍ പോളിയുടെ പ്രതികരണം. നിലമ്പൂരില്‍ നടന്ന ഗോകുലം നൈറ്റില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി.
'ഒരു പ്രശ്‌നം വന്നപ്പോള്‍ ചേര്‍ത്തുപിടിച്ചത് ജനങ്ങളും പ്രേക്ഷകരുമാണ്. ഈ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ട്. അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാം,' നിവിന്‍ പോളി പറഞ്ഞു. ഒരുപാട് നാളുകള്‍ക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നില്‍ നില്‍ക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ പ്രശ്‌നങ്ങള്‍ക്കുശേഷം താനങ്ങനെ പുറത്തെ പരിപാടികള്‍ക്കൊന്നും പോകാറുണ്ടായിരുന്നില്ലെന്നും നിവിന്‍ പറഞ്ഞു.

ഗോപാലന്‍ ചേട്ടന്‍ (ഗോകുലം ഗോപാലന്‍) തനിക്കൊരു മെന്ററിനെ പോലെയും ജ്യേഷ്ഠനെപോലെയുമാണ് എന്നും അതുകൊണ്ടാണ് വിളിച്ചപ്പോള്‍ ഓടിവന്നത് എന്നും നിവിന്‍ വ്യക്തമാക്കി. തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്ന ജനങ്ങളോട് നന്ദി പറയാന്‍ തനിക്ക് വേദി കിട്ടിയില്ലായിരുന്നു എന്നും അതിനായി താന്‍ ഈ വേദി അതിന് ഉപയോഗിക്കുകയാണ് എന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം നല്ല സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നും പ്രോത്സാഹനവും സ്‌നേഹവും ഇനിയും ഉണ്ടാകണം എന്നും നിവിന്‍ പറഞ്ഞു. നിലമ്പൂരിലെ തേക്കാണ് തന്റെ വീട്ടിലെ ഫര്‍ണിച്ചറുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നും നിവിന്‍ പറഞ്ഞു. ' ആലുവയിലാണ് എന്റെ വീട്. ആലുവ ശിവരാത്രി മഹോത്സവം എന്റെ നാട്ടില്‍ നടക്കാറുണ്ട്. ഇവിടുത്തെ ഈ ഉത്സവവും കടകളുമൊക്കെ അതിനെ ഓര്‍മപ്പെടുത്തുന്നുണ്ട്.
2018 ലെ വെള്ളപ്പൊക്കത്തില്‍ എന്റെ വീട്ടില്‍ മുഴുവന്‍ വെള്ളം കയറിയിരുന്നു. ഒടുവില്‍ വീട് പുതുക്കി പണിയേണ്ടതായി വന്നു. പുതുക്കി പണിയുന്ന സമയത്ത് നിലമ്പൂരിലെ തേക്ക് വെച്ച് പണിയണമെന്നായിരുന്നു എന്റെ ആഗ്രഹം. ഇവിടെ വന്ന് ഡിപ്പോയില്‍ നിന്ന് തടിയെടുത്തു. ഇപ്പോള്‍ നിലമ്പൂരിലെ മരങ്ങളാണ് എന്റെ വീട്ടിലുള്ളത്,' നിവിന്‍ പോളി പറഞ്ഞു. കഴിഞ്ഞ വര്‍ഷമായിരുന്നു നിവിന്‍ പോളിയ്‌ക്കെതിരെ യുവതി ലൈംഗികാരോപണം ഉന്നയിച്ചത്.
എന്നാല്‍ കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകല്‍ പൊലീസ് നിവിന്‍ പോളിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുറ്റകൃത്യം ചെയ്തുവെന്ന് പരാതിക്കാരി ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യ സ്ഥലത്തും സമയത്തും നിവിന്‍ ഉണ്ടായിരുന്നില്ലന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ ആറ് പേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി പരാതി നല്‍കിയത്. ആറാം പ്രതിയായിട്ടായിരുന്നു നിവിന്‍ പോളിയെ ചേര്‍ത്തിരുന്നത്.












Click it and Unblock the Notifications