പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; കെസി വേണുഗോപാലുമായി സംസാരിച്ചു, 'നന്നായി പരിഗണിക്കാമെന്ന് വാഗ്ദാനം'
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും ഇടതുപക്ഷ അനുഭാവിയുമായി പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി പ്രേംകുമാര്‍ സംസാരിച്ചു. കോണ്‍ഗ്രസിലേക്ക് എത്തിയാല്‍ അര്‍ഹമായ പരിഗണന നല്‍കാം എന്നാണ് കെസി, പ്രേംകുമാറിന് നല്‍കിയ വാഗ്ദാനം.
ഇതിനോട് പ്രേംകുമാര്‍ അനുകൂലമായി പ്രതികരിച്ചു എന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രേംകുമാറുമായി സംസാരിച്ചത് കെ സി വേണുഗോപാലും സ്ഥിരീകരിച്ചു. തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ മാറ്റിയതിനെതിരെ പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ആശ സമരത്തെ അനുകൂലിച്ചതിനാണ് തന്നെ സ്ഥാനത്ത് നിന്ന് നീക്കിയത് എന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്.

തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുന്നതിന് മുന്‍പ് കൊച്ചിയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തിന്റെ ആലോചനായോഗത്തില്‍ താന്‍ പങ്കെടുത്തിരുമന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്‌കാരിക മന്ത്രി, തുടങ്ങിയ പ്രധാനപ്പെട്ട ആള്‍ക്കാരൊക്കെ ആ യോഗത്തില്‍ ഉണ്ടായിരുന്നു.
ഇത്രയും വലിയൊരു സാംസ്‌കാരിക സംഗമം നമ്മള്‍ നടത്തുമ്പോള്‍ ആശമാരുടെ സെക്രട്ടേറിയറ്റിലെ സമരം ദോഷം ചെയ്യുമെന്നും അവരുടെ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണം എന്നും പറഞ്ഞിരുന്നു എന്നും പ്രേംകുമാര്‍ പറഞ്ഞു. പോസിറ്റീവായാണ് അക്കാര്യം പറഞ്ഞത് എന്നും താനൊരിക്കലും ആശാ മരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏതെങ്കിലും പൊതുവേദിയില്‍ പോയി പ്രസംഗിച്ചിട്ടില്ലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആ യോഗത്തിലെ കാര്യങ്ങള്‍ അവിടെയുണ്ടായിരുന്ന ആരോ തന്നെയാണ് ചോര്‍ത്തിക്കൊടുത്തത് എന്നും പിറ്റേന്ന് ആശാ സമരം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാര്‍ ധാര്‍മികരോഷം പ്രകടിപ്പിച്ചു എന്ന തരത്തിലാണ് വാര്‍ത്ത വന്നത് എന്നും പ്രേംകുമാര്‍ പറഞ്ഞു. കലാകാരന്‍ എന്ന നിലയില്‍ മനുഷ്യപക്ഷത്തോട് പ്രതിബദ്ധതയുണ്ട് എന്നും അത് പ്രകടിപ്പിക്കുകയാണ് താന്‍ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
' ഞാന്‍ ഒരു പരസ്യചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ല. ടെലിവിഷന്‍ മേഖലയില്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വലിയ അപചയം നടക്കുന്നു. അത് എന്‍ഡോസള്‍ഫാനെപ്പോലെ അപകടകരമാണെന്ന് പരസ്യമായി വിളിച്ചുപറഞ്ഞയാളാണ് ഞാന്‍. സമൂഹത്തോട് പ്രതിബദ്ധതയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ സമരങ്ങളുണ്ടായാല്‍ അതിന് അടിയന്തരപ്രാധാന്യം നല്‍കി പരിഹരിക്കപ്പെടണം,' പ്രേംകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications