കോണ്‍ഗ്രസുകാരനായാല്‍ ഈ ചോദ്യങ്ങളെല്ലാം നേരിടണം, അതറിഞ്ഞ് തന്നെയാണ് ഇറങ്ങിയത്: രമേശ് പിഷാരടി
കോഴിക്കോട്: കോണ്‍ഗ്രസുകാരന്‍ ആയതിനാല്‍ നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ഓഡിറ്റിന് വിധേയമാകുന്നുണ്ടെന്നും നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ രമേശ് പിഷാരടി. ഫ്‌ളവേഴ്‌സ് ടി വിയുടെ ഒരു കോടി രൂപയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ അനുഭാവികളായ കലാകാരന്മാര്‍ നേരിടേണ്ടി വരാത്ത ചോദ്യങ്ങള്‍ കോണ്‍ഗ്രസുകാരന്‍ ആയത് കൊണ്ടാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്നും രമേശ് പിഷാരടി പറഞ്ഞു. ഞാന്‍ കുറച്ച് കൂടി എന്റെ അറിവുകളും പരിചയവും വെച്ചിട്ട് നോക്കിയപ്പോള്‍ ചിലപ്പോള്‍ തെറ്റായിരിക്കും ഇതായിരിക്കും ആശയപരമായി നല്ലതെന്ന് തോന്നി.
ഇപ്പോള്‍ അതിലൊരു വിഷമില്ലെന്നും അങ്ങനെയൊരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ലെന്നും പരിപാടിയുടെ അവതാരകനും മാധ്യമപ്രവര്‍ത്തകനുമായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടിയായി രമേശ് പിഷാരടി പറഞ്ഞു. രാഷ്ട്രീയ പ്രവേശനം തെറ്റായെന്ന് തോന്നിയിട്ടില്ല. ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നത് കൊണ്ടാണ് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉണ്ടാകുന്നത്. കേരളത്തിലുള്ള കലാകാരന്മാരില്‍ ഒരുപാട് അധികം ആളുകള്‍ കമ്മ്യൂണിസ്റ്റാണ്, ആ പക്ഷത്താണ്. അവരാരും അവരുടെ രാഷ്ട്രീയ ഐഡന്റിറ്റി പ്രഖ്യാപിച്ചാലോ പ്രചരണത്തിന് പോയാലോ, പ്രവര്‍ത്തനത്തിന് ഇറങ്ങിയാലോ, ഇലെക്ഷന് നിന്നാലോ ഒന്നും ഒരു സ്ഥലത്തും ഇതൊരു കുഴപ്പമായോ എന്ന തരത്തിലുള്ള ഒരു ചോദ്യം നേരിടേണ്ടി വരുന്നില്ല.

ഇതിലായാല്‍ മാത്രമേ (കോണ്‍ഗ്രസില്‍ ) ഈ ചോദ്യം നേരിടേണ്ടി വരുന്നൊള്ളു. അത് എനിക്ക് നേരത്തെ അറിയാമായിരുന്നു. ശരിയാണ് ആ ചോദ്യത്തിനകത്ത് ഒരു ഉത്തരവുമുണ്ട്. അത് രണ്ട് മൂന്ന് തവണ ചോദിച്ചാല്‍ മനസിലാകും എന്നും രമേശ് പിഷാരടി പറഞ്ഞു. രമേശ് പിഷാരിയുടെ മറുപടിയുടെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ കെ എസ് ശബരിനാഥനും പങ്കുവെച്ചിട്ടുണ്ട്. രമേശ് പിഷാരടി തന്റെ കോണ്‍ഗ്രസ് അനുകൂല നിലപാട് കൃത്യമായി, വ്യക്തമായി അവതരിപ്പിക്കുന്നു എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ച് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു രമേശ് പിഷാരടിയുടെ രാഷ്ട്രീയ പ്രവേശനം. ബാലുശ്ശേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ നടനും മിമിമ്രി കലാകാരനുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് വേണ്ടി പ്രചരണത്തിന് രമേശ് പിഷാരടി എത്തിയിരുന്നു. ഹരിപ്പാട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയും രമേശ് പിഷാരടി പ്രചരണം നടത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് പിഷാരടിയ്ക്ക് നേരെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. അതേസമയം താനൊരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലെന്ന് രമേശ് പിഷാരടി മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനം ഒരു അഡ്മിനിസ്ട്രേറ്റീവ് ജോലിയാണെന്നാണ് തന്റെ അഭിപ്രായമെന്ന് രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ പക്ഷേ രാഷ്ട്രീയത്തിലെത്തുമ്പോള്‍ നിങ്ങള്‍ പണ്ട് പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ടോ, പണ്ട് പോലീസിന്റെ തല്ല് കൊണ്ടിട്ടുണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നതെന്നും പോസ്റ്റര്‍ ഒട്ടിക്കുന്നത് ഒരിക്കലും നല്ല രാഷ്ട്രീയക്കാരനാവുന്നതിന്റെ മാനദണ്ഡമല്ലെന്നും രമേശ് പിഷാരടി പറഞ്ഞു. താനൊരു കലാകാരനാണെന്നും പൂര്‍ണമായ അര്‍ത്ഥത്തിലുള്ള രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആ സമയത്ത് തിരഞ്ഞെടുപ്പ് വേണ്ടി വന്നു എന്ന് മാത്രമാണെന്നും പിഷാരടി തുറന്നു പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ അഭിഭാഷകരും എഞ്ചിനീയര്‍മാരും ഉണ്ടെന്നും അതുപോലെ തന്നെയുള്ള കാര്യമാണ് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാഷ്ട്രീയക്കാരനാവുന്നെതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കിയും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications