ഇന്‍ഡിഗോ പറന്നാലും അപ്പം എന്ന് പറഞ്ഞാലും ചിരി: ആ സ്വർഗം എനിക്ക് വേണ്ട: സിപിഎമ്മിനെ ട്രോളി പിഷാരടി
തൃശ്ശൂർ: സംസ്ഥാന സർക്കാറിനേയും സിപിഎമ്മിനേയും പരിഹസിച്ച് സിനിമാ താരവും കോണ്‍ഗ്രസ് സഹയാത്രികനുമായ രമേശ് പിഷാരടി. മുഖ്യമന്ത്രിക്കെതിരായി വിമാനത്തില്‍ നടന്ന പ്രതിഷേധം, കെ റെയില്‍ വിഷയത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തിയ പരാമർശം തുടങ്ങിയ കാര്യങ്ങളെയാണ് രമേശ് പിഷാരടി പരിഹസിക്കുന്നത്. തൃശ്ശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ അഭിനയത്തില്‍ വല്ല ആള്‍ അല്ലെങ്കിലും ഞാനും കമല്‍ഹാസനും ഒരുപോലെ ആയത് ഭാരത് ജോഡോ യാത്രയുടെ കാര്യത്തിലാണ്. ഞങ്ങള്‍ രണ്ട് പേർ മാത്രമാണ് സിനിമാ മേഖലയില്‍ നിന്നും സധൈര്യം ഇറങ്ങി വന്ന് ഇതിന്റെ കൂടെ നടന്നിട്ടുള്ളു. ബാക്കിയുള്ളവർക്കൊക്കെ ചെറിയ പേടിയൊക്കെ ഉണ്ടായിരിക്കാമെന്നും രമേശ് പിഷാരടി പറയുന്നു. തുടർന്ന് ഒരു കഥപോലെയാണ് സി പി എമ്മിനെതിരായ വിമർശനം അദ്ദേഹം നടത്തുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് തുടർഭരണം എന്ന പ്രചരണമൊക്കെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. അപ്പോഴാണ് ഒരു കൂട്ടുകാരന്‍ എന്നെ വിളിച്ച് നീ എന്തിനാണ് കോണ്‍ഗ്രസില്‍ ചേർന്നതെന്ന് ചോദിക്കുന്നത്. ഞാന്‍ ഇപ്പോള്‍ ചേർന്നതല്ല, പണ്ടേ ഉണ്ടെന്നായിരുന്നു അവനോട് പറഞ്ഞത്. കോളേജ് കാലത്തൊക്കെ കെ എസ് യുവിന് വേണ്ടി മിമിക്രി കാണിക്കാനും മറ്റും പോയിട്ടുണ്ടെന്നും പറഞ്ഞു.
എന്നിട്ടും അവന് അറിയേണ്ടത് ഞാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസില്‍ ചേർന്നു എന്നായിരുന്നു. ലോകചരിത്രത്തില്‍ ഇത്രയധികം വോട്ടുകള്‍ അറുപത് വർഷങ്ങള്‍കൊണ്ട് വാങ്ങിച്ച ഒരു പാർട്ടി ലോകത്ത് തന്നെ ഇല്ലെന്നുള്ള കാര്യം ഉറപ്പാണ്. അതുപോലൊരു പ്രസ്ഥാനം ഈ രാജ്യത്ത് ഉള്ളപ്പോള്‍ ഞാന്‍ വേറെ ഏത് പാർട്ടിയിലാണ് ചേരേണ്ടതെന്നും ഞാന്‍ ചോദിച്ചു. ഉടന്‍ അവന്‍ ചാടി ഇങ്ങോട്ട് ചോദിക്കുന്നത് നിങ്ങളുടെ പ്രസ്ഥാനത്തിന് എന്ത് ആശയമാണ് ഉള്ളതെന്നായിരുന്നു.
ജനാധിപത്യ മൂല്യവും ഭരണഘടനയുമാണ് കോണ്‍ഗ്രസ് പാർട്ടിയുടെ ആശയമെന്ന് ഞാന്‍ അവനോട് വ്യക്തമാക്കി. അല്ലാതെ 150 വർഷങ്ങള്‍ക്ക് മുമ്പ് , ഇന്ന് നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്ത് ഒരാള്‍ എഴുതിയ ഒറ്റ പുസ്തകവും കെട്ടിപ്പിടിച്ച് ഇരുന്ന്, അതുപോലെ നാളെയാവും മറ്റന്നാള്‍ ആവും, അത് കഴിഞ്ഞാല്‍ സ്വർഗ്ഗം വരും എന്ന് പറഞ്ഞ് ഇരിക്കാന്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസിലേക്ക് ചേർന്നതെന്നും ഞാന്‍ വ്യക്തമാക്കി.

നിങ്ങളുടെ പാർട്ടി കേഡർ പാർട്ടി അല്ലെന്നായിരുന്നു അവന്റെ അടുത്ത വിമർശനം. എന്താണ് ഈ കേഡർ പാർട്ടി എന്ന് ചോദിച്ചപ്പോള്‍ മുകളില്‍ നിന്ന് കാര്യങ്ങല്‍ പറയും ഞങ്ങള്‍ അനുസരിക്കും എന്നായിരുന്നു മറുപടി. തിരിച്ച് വല്ലതും പറയാന്‍ പറ്റുമോയെന്ന സംശയം ഉന്നയിച്ചപ്പോള്‍ അതില്ല, ഇങ്ങോട്ട് വാ എന്ന് പറഞ്ഞാല്‍ ചെല്ലണം, പോ എന്ന് പറഞ്ഞാല്‍ പോണം. ഏതെങ്കിലും ഒരു നേതാവ് രാവിലെ എഴുന്നേറ്റിട്ട് ഇത് രാത്രിയാണ് എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ അംഗീകരിക്കണം എന്നുള്ളതാണ് കേഡർ സംവിധാനത്തിന്റെ ഒരു സിസ്റ്റമെന്നും പുള്ളി വ്യക്തമാക്കി.
ധൈര്യമുള്ള ആരെങ്കിലും ചേട്ടാ ഇത് രാത്രിയല്ലേ എന്ന് ചോദിച്ചാല്‍ അവനെ ഉടനെ വർഗ്ഗശത്രുവായി പ്രഖ്യാപിക്കുകയും പിന്നെ വേറെ ചില പരിപാടികളുണ്ടെന്നും അവന്‍ പറഞ്ഞു വെച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതൊരു പ്രശ്നം തന്നെയാണ്. കാരണം കോണ്‍ഗ്രസിന് അണികളും അംഗങ്ങളുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് അടിമകളില്ലെന്നുള്ളത് വലിയ വശമാണ്. ഇതോടെ അവന്‍ പറയുവാണ് ലോകത്ത് അടിമത്വത്തിനെതിരെ പോരാടിയത് ഞങ്ങളാണെന്ന്. പിന്നെ ഞാനൊന്നും പറയാന്‍ പോയില്ല. ഈ ലോകത്ത് ആരെന്ത് ചെയ്താലും അത് നമ്മളാണെന്ന് പറയുന്ന പാർട്ടിയാണല്ലോയെന്നും രമേശ് പിഷാരടി പറയുന്നു.
സ്നേഹമുള്ള കൂട്ടുകാരനായതിനാല്‍ അവന്‍ വീണ്ടും വന്ന് ചോദിക്കുകയാണ് ഇതിന്റെ വല്ല കാര്യവുണ്ടോയോന്ന്. നിന്റെ പരിപാടികളെയൊക്കെ ബാധിച്ചേക്കാമെന്നും അവന്‍ പറഞ്ഞു. എന്നാല്‍ അതിലും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഒരു സമയാണ് ഇത്. എവിടെയെങ്കിലും നിന്ന് തമാശ പറയാന്‍ സാധിക്കില്ല. വലിയ നേതാക്കളൊക്കെയാണ് ഇപ്പോള്‍ നമുക്ക് എതിരെ മത്സരത്തിന് വന്നിരിക്കുന്നത്. അവരോടൊപ്പമൊക്കെ നിന്ന് തമാശ പറഞ്ഞ് ജയിക്കുക എന്നുള്ളത് വലിയ ശ്രമകരമായ കാര്യമാണ്.
ഉദാഹരണത്തിന് ഞാന്‍ ഒരു വേദിയില്‍ കയറി തമാശ പറയുമ്പോള്‍ ഒരു വിമാനം പറക്കുന്നത് കണ്ട് ആളുകള്‍ ചിരിക്കാന്‍ തുടങ്ങി. ഞാന്‍ ഓർത്തു പണ്ട് വിമാനത്താവളത്തിന് എതിരെ നടത്തിയ സമരം ഓർത്തായിരിക്കും ഇവർ ചിരിക്കുന്നതെന്നത്. പിന്നെയാണ് ഞാന്‍ നോക്കുമ്പോള്‍ അത് ഇന്‍ഡിഗോ വിമാനമാണ്. ഇത് കണ്ട ഉടനെ ആളുകള്‍ പൊട്ടിച്ചിരിക്കുകയാണ്. അപ്പോള്‍ കൈകൊണ്ട് അത്ര പ്രത്യേകത ഒന്നും ഇല്ലാത്ത ആക്ഷന്‍ കാണിച്ച് ആള്‍ക്കാരെ സമാധാനപ്പെടുത്തി
എന്നിട്ട് നിങ്ങള്‍ എന്റെ മിമിക്രി കേള്‍ക്കണം ഒരു ട്രെയിന്റെ ശബ്ദമാണ് അനുകരിക്കാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ചിരി തുടങ്ങി. ഒര്‍ജിനല്‍ ട്രെയിന്‍ ആണെന്ന് പറഞ്ഞിട്ടും ആളുകള്‍ ചിരി നിര്‍ത്തുന്നില്ല. ഇപ്പോ ചിരിക്കണ്ട ഞാന്‍ ഒരു തമാശ പറയും അപ്പം ചിരിച്ചാ മതി എന്ന് പറഞ്ഞു. അപ്പം എന്ന് കേട്ട ഉടനെ വീണ്ടും ആളുകള്‍ ചിരിക്കാന്‍ തുടങ്ങി. എന്തെങ്കിലും ഒന്നു പറയാന്‍ കഴിയണ്ടേ. അത്രക്കാണ് ഈ മേഖലയില്‍ നടക്കുന്ന മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications