പ്രമുഖ നടൻ റിസബാവ കുറ്റക്കാരനെന്ന് കോടതി വിധി! നടന് വിധിക്കെതിരെ അപ്പീൽ നൽകാം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ദിലീപ് അറസ്റ്റിലായ സംഭവം മലയാള സിനിമയെ പിടിച്ചുലച്ചതാണ്. നടിയുടെ കേസില്‍ കോടതി ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. അതിനിടെ മലയാളത്തിലെ മറ്റൊരു പ്രമുഖ നടനും കേസിന്റെ കുരുക്കില്‍പ്പെട്ടിരിക്കുകയാണ്.
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ റിസബാവയ്ക്കാണ് പണി കിട്ടിയിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ റിസബാവ കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചു.

റിസബാവ കുറ്റക്കാരൻ
2014ലെ ചെക്ക് തട്ടിപ്പ് കേസിലാണ് റിസബാവ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. എറണാകുളം എന്‍ഐ( നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ) കോടതിയാണ് നടന്‍ കുറ്റക്കാരനാണ് എന്ന് വിധിച്ചിരിക്കുന്നത്. 11 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

11 ലക്ഷം കടം വാങ്ങി
കൊച്ചി എളമക്കര സ്വദേശി സിഎം സാദിക്കാണ് റിസബാവയ്ക്ക് എതിരെ പരാതി നല്‍കിയത്. 2014 മെയ് മാസത്തില്‍ സാദിഖിന്റെ മകനുമായി റിസബാവയുടെ മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഈ ബന്ധത്തിന്റെ പുറത്ത് റിസബാവ സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

നൽകിയത് ചെക്ക്
തിരികെ നല്‍കാമെന്ന് പറഞ്ഞ അവധികള്‍ പലതും കഴിഞ്ഞിട്ടും പണം റിസബാവ തിരികെ നല്‍കിയില്ല. സാദിഖ് പണം തിരികെ ചോദിച്ചപ്പോഴൊക്കെ നടന്‍ പല തവണ അവധി പറയുകയും വീണ്ടും സാവകാശം ചോദിക്കുകയുമാണുണ്ടായത്. പിന്നീട് 2015 ജനുവരിയില്‍ റിസബാവ സാദിഖിന് 11 ലക്ഷം രൂപയുടെ ചെക്ക് നല്‍കി.

ചെക്ക് മടങ്ങിയതോടെ കേസ്
നടന്‍ നല്‍കിയ ചെക്ക് 71 ദിവസങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മടങ്ങി എന്നാണ് സാദിഖിന്റെ ആരോപണം. തുടര്‍ന്ന് സാദിഖ് റിസബാവയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയത്. എന്നാല്‍ കോടതി കേസ് പരിഗണിച്ചപ്പോഴൊന്നും റിസബാവ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

മുങ്ങി നടന്ന് നടൻ
നടനെ അറസ്‌ററ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചത്. മാര്‍ച്ച് 28നായിരുന്നു കേസില്‍ കോടതി വിധി പറയേണ്ടിയിരുന്നത്. അന്നേദിവസം റിസബാവ നിര്‍ബന്ധമായും കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ അന്നും റിസബാവ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് കേസ് കോടതി വീണ്ടും മാറ്റി വെച്ചു.

വിധിക്കെതിരെ അപ്പീൽ പോകാം
ആരോഗ്യകാരണങ്ങളാലാണ് കോടതിയില്‍ വരാതിരുന്നത് എന്ന് നടന്റെ അഭിഭാഷകന്‍ അറിയിച്ചു. ജൂണിലാണ് നടന്‍ കോടതിയില്‍ ഹാജരായത്. ഇതോടെ അറസ്‌ററ് ചെയ്ത് ഹാജരാക്കാനുള്ള ഉത്തരവ് കോടതി പിന്‍വലിച്ചു. കേസില്‍ വീണ്ടും വാദം കേട്ട കോടതി നടന്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കോടതി നടന് ജാമ്യം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications