'പോകണോ എന്ന് വീട്ടുകാരും ചോദിച്ചിരുന്നു... മുഖം മറച്ച് ഓടേണ്ടെന്ന് പ്രയാഗയോട് പറഞ്ഞു': സാബുമോന്‍
കൊച്ചി: ലഹരിക്കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടി പ്രയാഗ മാര്‍ട്ടിനൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തിയതില്‍ വിശദീകരണവുമായി നടന്‍ സാബുമോന്‍. താനൊരു അഭിഭാഷകനാണ് എന്നും പ്രയാഗ തന്റെ സുഹൃത്താണ് എന്നും സാബുമോന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രയാഗയ്‌ക്കൊപ്പം ലീഗല്‍ ടീമിന്റെ ഭാഗമായാണ് പോയത് എന്നും സാബുമോന്‍ കൂട്ടിച്ചേര്‍ത്തു. സുഹൃത്തിനൊരു പ്രശ്‌നം വരുമ്പോള്‍ ഇമേജിനെ കുറിച്ചോര്‍ത്ത് ചിന്തിക്കണമോ എന്നും അദ്ദേഹം ചോദിച്ചു.
'ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ടൊക്കെ പ്രശ്‌നം വരുമ്പോള്‍ അതില്‍ ആളുകള്‍ക്ക് ഇടപെടാന്‍ ഭയമായിരിക്കും. നമ്മുടെ ഒരു സുഹൃത്ത് അത്തരത്തില്‍ ഒരു ഘട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ നമ്മള്‍ മാറി നില്‍ക്കുകയാണോ വേണ്ടത്,'സാബുമോന്‍ ചോദിച്ചു. ലഹരിക്കേസില്‍ ഇടപെട്ടെന്ന പേരില്‍ ഉണ്ടാകുന്ന ആരോപണങ്ങളെ താന്‍ ഭയക്കുന്നല്ല എന്നും സാബുമോന്‍ കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളെ സഹായിക്കുന്നതില്‍ എന്താണ് തെറ്റ്?

ഇത്തരമൊരു കേസായതിനാല്‍ തന്നെ പലരും ഇടപെടില്ല. ഫോണ്‍ വിളിച്ചിട്ട് പലരും എടുക്കുന്നില്ല എന്ന് പ്രയാഗ പറഞ്ഞിരുന്നു എന്നും സാബു പറയുന്നു. കോള്‍ ട്രേസ് ചെയ്യുമോ എന്ന ഭയമായിരുന്നു എല്ലാവര്‍ക്കും എന്നും അതിനാല്‍ താന്‍ ചെല്ലാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയെന്നും സാബു പറയുന്നു. നിയമവശങ്ങള്‍ പരിശോധിക്കാന്‍ ഒരാള്‍ വേണമായിരുന്നു എന്നും താരം വ്യക്തമാക്കി.
പ്രയാഗയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ അവിടെ പോകണമായിരുന്നോ എന്ന് ചോദിച്ചിരുന്നു സാബുമോന്‍ പറഞ്ഞു. രജനീകാന്തിനൊപ്പം അഭിനയിച്ച വേട്ടയന്റെ റിലീസ് ദിവസമാണ് താന്‍ പ്രയാഗയ്‌ക്കൊപ്പം എത്തിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖം മറച്ച് ഓടി രക്ഷപ്പെടേണ്ട ആവശ്യമില്ലെന്ന് താനാണ് പ്രയാഗയോട് പറഞ്ഞത് എന്നും സാബു പറഞ്ഞു.
'തെറ്റ് ചെയ്യാതിരിക്കുന്നിടത്തോളം കാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധൈര്യത്തോടെ തല ഉയര്‍ത്തി ഉത്തരം പറയാം. മാധ്യമങ്ങളോട് പറയുന്നത് സമൂഹത്തോട് പറയുന്നത് പോലെയാണ്. അതുകൊണ്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഓടേണ്ട ആവശ്യമില്ലെന്ന് പ്രയാഗയോട് ഞാന്‍ പറഞ്ഞു,' സാബുമോന്‍ പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിനെ പൊലീസ് ചോദ്യം ചെയ്തത്.
ഓം പ്രകാശിന്റേയും കൂട്ടാളികളുടേയും പക്കല്‍നിന്ന് പൊലീസ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ലഹരി പാര്‍ട്ടിയ നടത്തിയ ഹോട്ടലില്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും എത്തി എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സുഹൃത്തുക്കള്‍ ക്ഷണിച്ചത് പ്രകാരമാണ് ഹോട്ടലില്‍ എത്തിയത് എന്നും ഓം പ്രകാശിനെ കണ്ടിട്ടില്ല എന്നുമാണ് പ്രയാഗ പറയുന്നത്. പ്രയാഗയുടെ മൊഴി അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിട്ടുണ്ട് എന്നാണ് സൂചന.
ഓം പ്രകാശുമായി പ്രയാഗയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതേസമയം ശ്രീനാഥ് ഭാസിയെ വീണ്ടും പൊലീസ് വിളിപ്പിച്ചേക്കും എന്നാണ് വിവരം. അഞ്ച് മണിക്കൂര്‍ നേരമാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത്. ഓം പ്രകാശിന്റെ സുഹൃത്ത് ബിനു ജോസഫുമായുള്ള ഭാസിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കും.












Click it and Unblock the Notifications