'ചെറിയ പരിക്കുകൾ ഉണ്ട്, എന്റെ ഭാഗത്ത് നിന്ന് അത്തരം ഒരു കേസും ഉണ്ടായിട്ടില്ല'; സംഗീത് പ്രതാപ്
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ കാറപകടത്തിൽ നടൻ അർജുൻ അശോകനും സംഗീത് പ്രതാപിനും പരിക്കേറ്റിരുന്നു. താൻ സുഖം പ്രാപിച്ച് വരികയാണെന്ന് സംഗീത് പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്നും 24 മണിക്കൂർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നുവെന്നും ഉടൻ ആശുപത്രി വിടുമെന്നും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ സംഗീത് പറഞ്ഞിരുന്നു.
ഡ്രൈവർക്കെതിരെ താൻ കേസ് കൊടുത്തുവെന്ന വാർത്ത വാസ്തവരഹിതമാണെന്നും സംഗീത് പറഞ്ഞു. കോളുകൾക്കും മെസേജുകൾക്കും നന്ദിയെന്നും മറുപടി നൽകാൻ പറ്റാത്തത്തിൽ വിഷമമുണ്ടെന്നും എല്ലാ സ്നേഹത്തിനും ആശങ്കകൾക്കും നന്ദി, താൻ ഇപ്പോൾ സുരക്ഷിതനാണെന്നും സംഗീത് പറയുന്നു. വസ്തുത വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിക്കുന്നുവെന്നും സംഗീത് പറഞ്ഞു.

സിനിമ ഷൂട്ടിംഗിന് ഇടെയാണ് കാർ മറിഞ്ഞ് അർജുൻ അശോകൻ, സംഗീത് എന്നിവരുൾപ്പെടെ ഉള്ളവർക്ക് പരിക്ക് പറ്റിയത്. ശനിയാഴ്ച പുലർച്ചെ ആയിരുന്നു അപകടം. അപകട സമയത്ത് കാറോടിച്ചിരുന്നത് സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു. അപകടം ഉണ്ടാക്കിയ ഡ്രൈവർക്കെതിരെ നടൻ സംഗീത് പ്രതാപ് കേസ് രജിസ്റ്റർ ചെയ്തുവെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് കാര്യം വ്യക്തമാക്കി സംഗീത് പ്രതാപ് രംഗത്തെത്തിയത്.
സംഗീത് പങ്കുവെച്ച കുറിപ്പ്:
പ്രിയപ്പെട്ട എല്ലാവരോടും, കഴിഞ്ഞ ദിവസം ഞങ്ങൾക്കൊരു അപകടം ഉണ്ടായി. ഞങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് അറിയിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞാൻ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്നു. നാളെ ആശുപത്രി വിടും. എനിക്ക് ചെറിയ പരിക്ക് ഉണ്ട്. പക്ഷേ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ച് വരുന്നു. സർവ ശക്തന് നന്ദി.
നിങ്ങളുടെ കോളുകൾക്കും സന്ദേശങ്ങൾക്കും എനിക്ക് മറുപടി നൽകാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. എല്ലാ സ്നേഹത്തിനും ആശങ്കകൾക്കും നന്ദി. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്, പൂർണമായി ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്.
ഡ്രൈവർക്കെതിരെ ഞാൻ കേസ് രജിസ്റ്റർ ചെയ്തു എന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നുയ എന്റെ ഭാഗത്ത് നിന്ന് അത്തരം ഒരു കേസും ഉണ്ടായിട്ടില്ലെന്നും ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഞാൻ അഭ്യർത്ഥിക്കുന്നു, സംഗീത് കുറിച്ചു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷൂട്ടിംഗ് സെറ്റിലേക്ക് ഉടൻ തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംഗീത് പറയുന്നു.












Click it and Unblock the Notifications