'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാലിന് എതിരെ നടന്‍ ഷമ്മി തിലകന്‍. മോഹന്‍ലാല്‍ മൗനി ബാബ കളിക്കുകയാണ് എന്ന് ഷമ്മി തിലകന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ 'അമ്മ ഒരു ക്ലബ്' ആണ് എന്ന പ്രസ്താവന മോഹന്‍ലാല്‍ തിരുത്താത്ത സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ രൂക്ഷ പതികരണം.
മോഹന്‍ലാല്‍ മൗനിബാബ കളിക്കുകയാണെന്നും കുട്ടിക്കുരങ്ങിനെകൊണ്ട് ചുടുചോറ് വാരിക്കുന്നത് പോലെ ആണ് സംഘടനയില്‍ പല കാര്യങ്ങളും നടക്കുന്നത് എന്നും ഷമ്മി തിലകന്‍ വിമര്‍ശിച്ചു. മോഹന്‍ലാല്‍ എന്താണ് തിരുത്താന്‍ തയ്യാറായിട്ടുള്ളത് എന്നും ഷമ്മി തിലകന്‍ ചോദിക്കുന്നു. താന്‍ എത്ര എഴുത്ത് അദ്ദേഹത്തിന് അയച്ചിട്ടുണ്ട് എന്നും അത് ഏതെങ്കിലും തിരുത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

'പുള്ളി (മോഹന്‍ലാല്‍ ) മൗനിബാബ കളിക്കുകയല്ലേ. അദ്ദേഹത്തിന് എന്താണ് പറ്റിയത് എന്നുള്ളത് എനിക്കറിയില്ല. കുട്ടികുരങ്ങിനെ കൊണ്ട് ചുടുചോറ് മാന്തിക്കുക എന്നു പറയുന്നത് പോലെയാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്,' എന്നായിരുന്നു ഷമ്മി തിലകന്റെ പരാമര്‍ശം. ഇത് പറയുന്നതിന് തനിക്ക് എതിരെ നടപടി വന്നാല്‍ എന്ത് ചെയ്യാന്‍ പറ്റും താന്‍ പോയി ആത്മഹത്യ ചെയ്യണോ? എന്നും അദ്ദേഹം ചോദിച്ചു.

ഇതെന്താ വെള്ളരിക്കാ പട്ടണമോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. ഇതൊക്കെ എന്തൊരു വിരോധാഭാസമാണ് എന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ച്ചു. 'ഷെയിം' എന്ന വാക്ക് അല്ലാതെ വേറൊന്നും തനിക്ക് തോന്നുന്നില്ല എന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു. അമ്മ സംഘടന ഒരു ക്ലബ് ആണ് എന്ന ഇടവേള ബാബുവിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിവരമില്ലായ്മ ആണ് എന്നും ഷമ്മി തിലകന്‍ തുറന്നടിച്ചു.

സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ ഇടവേള ബാബു അര്‍ഹനല്ല എന്ന് ഓരോ പ്രസ്താവനയിലും മനസിലാക്കി കൊണ്ടിരിക്കുകയാണ് എന്നും ധാര്‍മ്മികത ഇല്ലാതെ ഇപ്പോഴും ആ സ്ഥാനത്ത് കടിച്ച് തൂങ്ങി ഇരിക്കുന്നത് എന്തിനാണ് എന്നുള്ളത് അദ്ദേഹത്തോട് ചോദിക്കണ്ടേ കാര്യമാണ് എന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ താല്‍പ്പര്യമായിരിക്കും അത് എന്നും ഷമ്മി തിലകന്‍ അഭിപ്രായപ്പെട്ടു.

ഇടവേള ബാബുവിന് ബാര്‍ ലൈസന്‍സ് ഒക്കെ വാങ്ങി ഓഫീസില്‍ നടത്താലോ എന്നും പുള്ളിയല്ലേ അതിന്റെ ഇന്‍ ചാര്‍ജ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സംഘടന ക്ലബ് ആണ് എന്ന് പറയുന്നതില്‍ നിന്ന് അദ്ദേഹത്തിന് അത്രയെ വിവരം ഉള്ളൂ എന്നല്ലേ അതിന് പറയാന്‍ കഴിയൂ എന്നല്ലെ മനസിലാക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.

ബൈലോയെക്കുറിച്ചും സൊസൈറ്റി ആക്ടിനെക്കുറിച്ചും ഒന്നും അറിയാത്ത അദ്ദേഹത്തിന്റെ ബോധം അദ്ദേഹം തന്നെയാണ് വിവരിക്കേണ്ടത് എന്നും ഷമ്മി തിലകന്‍ പരിഹസിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗം ഷമ്മി തിലകനെതിരായ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഷമ്മി തിലകനെതിരെ പ്രതിഷേധമുണ്ടെന്നും നടപടി എടുക്കാന്‍ എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി എന്നും അമ്മ ഭാരവാഹികള്‍ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഷമ്മി തിലകന്റെ പ്രതികരണം. നടപടി നേരിടാന്‍ തയ്യാറാണ് എന്നും ചെയ്ത തെറ്റ് എന്താണെന്ന് തന്നെ ബോധിപ്പിച്ചിട്ടില്ല എന്നും ഷമ്മി തിലകന്‍ പറഞ്ഞു. അമ്മ എന്ന സംഘടന സ്ഥാപിതമായത് തന്റെ കൂടി പണം ഉപയോഗിച്ചാണ് എന്നും അതില്‍ മൂന്നാമത് അംഗത്വം എടുത്ത വ്യക്തിയാണ് താന്‍ എന്നും ഷമ്മി തിലകന്‍ പറഞ്ഞു. അമ്മയിലെ ചില ഭാരാവാഹികളില്‍ നിന്ന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി; സാരിയില്‍ അതീവ സുന്ദരിയായി ഷംന കാസിം












Click it and Unblock the Notifications