അമ്മ ഇടപെട്ടു, ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് പിന്‍വലിച്ചു; ധ്യാന്‍ ശ്രീനിവാസന് അമ്മയില്‍ അംഗത്വം
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന് സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഒരേസമയം ഒന്നിലധികം നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഡേറ്റ് നല്‍കുന്നു എന്നാണ് ഷെയ്ന്‍ നിഗത്തിനെതിരെ ഉയര്‍ന്ന പരാതി.
പ്രൊമോഷന്‍ വര്‍ക്കുകകളിലോ ഡബ്ബിംഗിലോ കൃത്യമായി ഷെയ്ന്‍ നിഗം പങ്കെടുക്കുന്നില്ല എന്ന പരാതിയും ഷെയ്ന്‍ നിഗത്തിന് എതിരെ ഉന്നയിച്ചിരുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ ഡി എക്സ് എന്ന സിനിമയിലെ ഷെയ്നിന്റെ വേഷവുമായി ബന്ധപ്പെട്ടാണ് പരാതിക്കിടയാക്കിയ സംഭവങ്ങളുടെ തുടക്കം. എഡിറ്റിംഗ് ജോലി ചെയ്യുന്നവരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഇടപെടല്‍ ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നായിരുന്നു പരാതി.

ഷെയ്ന്‍ നിഗത്തിനെതിരായ പരാതി നിര്‍മാതാക്കളുടെ സംഘടനയില്‍ ലഭിച്ചിട്ടുണ്ട് എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. നേരത്തേയും വിവാദങ്ങളില്‍പ്പെട്ട് ദീര്‍ഘകാലം സിനിമാ വിലക്ക് നേരിട്ട നടനാണ് ഷെയ്ന്‍ നിഗം. അന്നും അമ്മയുടെ ഇടപെടലില്‍ ആണ് പ്രശ്‌നത്തിന് പരിഹാരമായത്. ഇത്തവണയും പ്രശ്‌നത്തില്‍ അമ്മ ഇടപെടണം എന്ന ആവശ്യമുയര്‍ന്നിരുന്നു.
വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഷെയ്ന്‍ നിഗമും അമ്മയെ സമീപിച്ചിരുന്നു. നിര്‍മാതാവ് സോഫിയ പോള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്ന്‍ നിഗം പറഞ്ഞിരുന്നത്. ഇതോടെയാണ് താരസംഘടന മധ്യസ്ഥ ചര്‍ച്ചക്ക് ഒരുങ്ങിയത്. അതേസമയം ഇനി ആറ് മാസക്കാലം ഡേറ്റ് നല്‍കുന്നതടക്കമുള്ള ഷെയ്ന്‍ നിഗത്തിന്റെ എല്ലാ കാര്യങ്ങളും അമ്മയുടെ മേല്‍നോട്ടത്തിലാകും നടക്കുക.
ജൂണ്‍ 25 ന് നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലും ഷെയിന്‍ നിഗം പങ്കെടുക്കും. അതേസമയം ഷെയിനിനൊപ്പം വിലക്ക് ലഭിച്ച ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ നാളെ തീരുമാനമുണ്ടായേക്കും. അമ്മയില്‍ അംഗമല്ലാത്തതിനാല്‍ ഭാസിയുടെ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് സംഘടന അറിയിച്ചിരുന്നു. ഇതോടെ അമ്മയില്‍ അംഗത്വമെടുക്കാന്‍ ശ്രീനാഥ് ഭാസി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.
ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായി നാളെ നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആണ് ശ്രീനാഥ് ഭാസിയുടെ അംഗത്വമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക. അതേസമയം, അമ്മയില്‍ പുതിയ അംഗത്വത്തിനായി 25-ഓളം പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പുതിയതായി അംഗത്വം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യത്തില്‍ ശനിയാഴ്ചയാണ് തീരുമാനമെടുക്കുക.












Click it and Unblock the Notifications