ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയതിന്റെ കാരണം തുറന്നുപറഞ്ഞ് ഷൈൻ; ചോദ്യം ചെയ്യലിനിടെ മയങ്ങി
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി പുറത്ത്. ഹോട്ടലിൽ നിന്നും ഇറങ്ങിയോടിത് ഭയം കൊണ്ടാണെന്നും മുറിയിലെത്തിയത് പോലീസ് ആണെന്ന് കരുതിയില്ലെന്നും ഷൈൻ പറഞ്ഞു. ഗുണ്ടകളാണ് വന്നതെന്നാണ് കരുതിയത്, അക്രമിക്കുമെന്ന് ഭയപ്പെട്ടിരുന്നു. ഇതോടെയാണ് ഓടി രക്ഷപ്പെട്ടത്. പിന്നീട് സുഹൃത്തുക്കളെ വിളിച്ച് ചോദിച്ചപ്പോഴാണ് പോലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞതെന്നും ഷൈൻ മൊഴി നൽകി.
താൻ രാസലഹരി ഉപയോഗിക്കാറില്ലെന്നും ചോദ്യം ചെയ്യലിൽ ഷൈൻ പറഞ്ഞു. പോലീസിനെ കബളിപ്പിക്കാൻ താൻ ഉദ്ദേശിച്ചിട്ടെന്നും നടൻ മൊഴിയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നിന്നും ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. ഹോട്ടലിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ ഡാൻസാഫ് സംഘത്തെ കണ്ട് ഷൈൻ ഓടുകയായിരുന്നു. ജനൽ ഇറങ്ങി റിസപ്ഷനിലൂടെ ഓടുന്ന ഷൈൻ ടോം ചാക്കോയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അതേസമയം രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പറയുമ്പോഴും ഷൈനിന്റെ മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനുള്ള ആലോചനയിലാണ് പോലീസ്. മുൻപ് ലഹരി ഉപയോഗിച്ചതിന് ചികിത്സ തേടിയിട്ടുണ്ടെന്ന് ഷൈൻ പോലീസിന് മൊഴി നടകിയിട്ടുണ്ട്. ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയ്ക്ക് വിധേയനായതെന്നാണ് മൊഴി. നടൻ ഇപ്പോൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കണമെങ്കിൽ മെഡിക്കൽ പരിശോധന നടത്തിയേ മതിയാകൂവെന്നാണ് പോലീസ് നിലപാട്.
അതിനിടെ തനിക്ക് ആരോഗ്യപ്രശ്നം ഉളളതായി ഷൈൻ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാകും പോലീസിന്റെ തുടർനടപടികൾ. ചോദ്യം ചെയ്യുന്നതിന്റെ ഇടവേളയിൽ ഷൈൻ മയങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മൂന്ന് എസ്പിമാരുടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. പലതിനോടും ഒറ്റവാക്കിലാണ് ഷൈൻ പ്രതികരിക്കുന്നതെന്നാണ് വിവരം.
ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകളും കോളുകളും ഗൂഗിൾ പേ ഇടപാടുകളുമെല്ലാം പോലീസ് പരിശോധിക്കും. 3 ഫോണുകളാണ് ഷൈനിന് ഉള്ളത്. എന്നാൽ ചോദ്യം ചെയ്യലിനായി എത്തിയപ്പോൾ ഒരു ഫോൺ മാത്രമാണ് ഷൈൻ കൈയ്യിൽ കരുതിയത്. ഇത് സ്ഥിരമായി ഉപയോഗിക്കുന്ന ഫോൺ അല്ലേയെന്ന് സംശയമുണ്ട്. മറ്റ് രണ്ട് ഫോണുകൾ എന്തുകൊണ്ടാണ് കൊണ്ടുവരാതിരുന്നത് എന്ന ചോദ്യത്തിന് മറന്നുപോയി എന്നാണ് നടൻ മറുപടി നൽകിയത്.
കഴിഞ്ഞ ഒരു മാസത്തെ ഷൈനിന്റെ ഫോൺ വിവരങ്ങൾ പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ഷൈൻ ആരെയൊക്കെ വിളിച്ചു, ഏതൊക്കെ ഹോട്ടലിൽ താമസിച്ചു തുടങ്ങിയ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. രക്ഷപ്പെട്ട പോയതിന് ശേഷം ഷൈൻ കഴിഞ്ഞ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
നടി വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെയാണ് ഷൈനിനെതിരെ അന്വേഷണം നടക്കുന്നത്. ലഹരി ഉപയോഗിച്ച് സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ച് തന്നോട് അപമര്യാദയായി നടൻ പെരുമാറിയെന്നാണ് വിൻസി പരാതയിൽ പറഞ്ഞത്. സിനിമ നിന്ന് പോകാതിരിക്കാനാണ് താൻ സെറ്റിൽ നിന്ന് ഇറങ്ങി പോകാതിരുന്നതെന്നും നടി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് അവർ താരസംഘടനയായ അമ്മയ്ക്കടക്കം പരാതി നൽകിയിരുന്നു. ഈ വിവാദങ്ങൾക്കിടെയായിരുന്നു ഷൈനിന്റെ ഹോട്ടലിൽ നിന്നുള്ള ഓട്ടവും ദൃശ്യങ്ങളുമെല്ലാം പുറത്തുവന്നത്.
അതേസമയം വിൻസിയുടെ പരാതിയിൽ താരസംഘടനയായ അമ്മ നടനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഷൈനിനോട് വിശദീകരണം നൽകാൻ സംഘടന ആവശ്യപ്പെട്ടിരുന്നു. വിൻസിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കിയേക്കുമെന്നാണ് സൂചന. അതേസമയം സംഘടനയ്ക്ക് താൻ മറുപടി നൽകുമെന്നാണ് ഷൈൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.












Click it and Unblock the Notifications