കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടീ ഇന്നസെന്റ്, സാറിന്റെ അസുഖമൊക്കെ മാറിയോ? 2 സ്ത്രീജന്മങ്ങളുടെ ചിരിയില്‍ ഇല്ലാതായെന്ന് സിദ്ദിഖ്!!

Google Oneindia Malayalam News

കൊച്ചി: കോവിഡ് കാലത്തെ ഓണാഘോഷത്തിനിടയില്‍ ഷോപ്പിംഗ് പോയതും രണ്ട് സ്ത്രീകളുടെ അബദ്ധത്തില്‍ താന്‍ നാണം കെട്ട് പോയതും നര്‍മരൂപേണ പറഞ്ഞ് നടന്‍ സിദ്ദിംഗ്. വീട്ടുകാരുമായി പുറത്തുപോയപ്പോള്‍ നടന്ന രസകരമായ അനുഭവമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ സിദ്ദിഖ് പങ്കുവെച്ചത്. പോസ്റ്റ് ഇങ്ങനെ.

1

ഒരു കൊറോഓണക്കാലം...

ഓണമാണ് വരുന്നത് കുറേ സാധനങ്ങള്‍ വാങ്ങാനുണ്ട്. രാവിലെ പത്രത്തില്‍ തലയും പൂത്തി ഇരുന്നാല്‍ മതിയല്ലോ ഇവിടുത്തെ കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയും ഇല്ല.. ഇന്നാ ചായ.. രാവിലെ ഭാര്യയുടെ വക....

ഷൂട്ടിങ് ഉണ്ടായിരുന്നപ്പോള്‍ ദാ ഞാന്‍ ഇറങ്ങുന്നു എന്നും പറഞ്ഞ് അങ്ങ് പോയാ മതിയായിരുന്നു. ഇപ്പോ ഇവരു പറയുന്നത് എല്ലാം ഇരുന്ന് കേള്‍ക്കണം. ഈ കൊറോണ പറ്റിച്ച ഒരു പണി..

അതിനെന്താ വാങ്ങാമല്ലോ.. ഞാന്‍ സമാധാനത്തിന്റെ പാതയിലൂടെ നീങ്ങാന്‍ തീരുമാനിച്ചു.

ഉച്ചക്ക് ഊണ് കഴിഞ്ഞാല്‍ ഉടനെ ഇറങ്ങണം.. എന്നാലെ 6 മണിക്ക് മുന്‍പ് തിരിച്ചെത്താന്‍ പറ്റൂ. ഓ.. ഞാന്‍ അതും സമ്മതിച്ചു.

കുറച്ചു ദിവസമായി ഒന്ന് ഷേവ് ചെയ്തിട്ട്, താടിയും മീശയും ഒക്കെ നരച്ചു. മുടി നരച്ചിട്ടില്ല (നരക്കാന്‍.. ഇല്ലല്ലോ )

താടിയും മീശയും എല്ലാം വടിച്ചുകളഞ്ഞപ്പോ നല്ല സുഖം..വൃത്തിയായി കുളിച്ചു.. അലക്കിത്തേച്ച മുണ്ടും ഒരു പഴയ സില്‍ക്ക് ജുബ്ബയും എടുത്തിട്ടു.

നിങ്ങള്‍ എന്തിനാ ഈ മീശ വടിച്ചുകളയുന്നത്? ഒരുപാട് പ്രായം തോന്നും.. ഭാര്യയുടെ വക. 60 കഴിഞ്ഞ എന്നെ ഇപ്പോഴും ചെറുപ്പമായി കാണാനാണ് അവള്‍ക്കിഷ്ട്ടം.

വാപ്പാച്ചിയെ കണ്ടാല്‍ ഇപ്പൊ നല്ലൊരു അച്ചായന്‍ ആണെന്ന് തോന്നും.. മോന്റെ കമന്റ്
വാ വാ ഇറങ്ങ് ഇറങ് ഭാര്യ തിരക്ക് കൂട്ടി , ഞാനും ഭാര്യയും മോളും കൂടി ഷോപ്പിംഗിന് പുറപ്പെട്ടു.

ആണ്‍ മക്കള്‍ 2 പേരും ഇന്നലെ പോയി അവര്‍ക്കാവശ്യമുള്ളതൊക്കെ വാങ്ങിയിരുന്നു.

ഭാര്യയെയും മകളെയും ലുലു മാളില്‍ വിട്ടു. ഞാന്‍ നേരെ എന്റെ ഒരു സുഹൃത്തിനെ കാണാന്‍ പോയി.

5 മണി കഴിഞ്ഞപ്പോ ഭാര്യയുടെ ഫോണ്‍.. കഴിഞ്ഞു. ലുലു മാളിന്റെ കാര്‍ പാര്‍ക്കില്‍ വെയിറ്റ് ചെയ്താല്‍ മതി. ഞങ്ങള്‍ അങ്ങോട്ട് വരാം. ശരി.. ഞാനേറ്റു.

പടച്ചോനെ.. എന്തൊക്കെയാണ് ഈ വാങ്ങികൂടിയിരിക്കുന്നത്.. ഞാന്‍ അന്തം വിട്ടു. കുറേ പാക്കറ്റുകളുണ്ട്.. ഡ്രസ്സ്, പച്ചക്കറികള്‍, ഫ്രൂട്ട്‌സ്, ഗ്രോസസ്റി, കുക്കര്‍, മിക്സ്സി , അങ്ങിനെ അങ്ങിനെ..
ഇതെല്ലാം കൂടി എന്തിനാ ഇപ്പോ വാങ്ങാന്‍ പോയത്.. എന്നിലേ പിശുക്കനായ കുടുംബനാഥന്‍ ഉണര്‍ന്നു.

ആവശ്യമുള്ളത് മാത്രമേ വാങ്ങിയിട്ടുള്ളു... ഭാര്യ..
എനിക്ക് ഡ്രസ്സ് എടുത്തിട്ട് ഇപ്പൊ എത്ര നാളായി എന്ന് വാപ്പച്ചിക്ക് അറിയോ?... മകള്‍

ഏറ്റുമുട്ടിയാല്‍ വിജയിക്കില്ല എന്നു മനസിലായത് കൊണ്ട് ഞാന്‍ മുഖം വീര്‍പ്പിച്ച് മിണ്ടാതിരുന്നു.

കഴിക്കാനിരിക്കുമ്പോ അതില്ലേ , ഇതില്ലേ എന്ന് ചോദിച്ച് എന്റെ മേക്കിട്ട് കേറാന്‍ വരുവല്ലോ?... ഇതൊക്കെ കാശു കൊടുത്ത് മേടിച്ചാലേ എനിക്ക് എന്തെങ്കിലും ഉണ്ടാക്കിത്തരാന്‍ പറ്റൂ..

6 മാസമായി സിനിമയുമില്ല, ഒരു വരുമാനവുമില്ല.. അതൊന്നും പറഞ്ഞാല്‍ ബുദ്ധിയില്ലാത്ത ഇവറ്റകള്‍ക്ക് മനസിലാവില്ലല്ലോ എന്ന് ചിന്തിച്ച് ബുദ്ധിമനായ ഞാന്‍ മൗനിയായി.

പിന്നേയ്...ചെന്നിട്ട് ചായ കുടിക്കണമെങ്കില്‍ പാലു വാങ്ങണം.. ആ കടയുടെ മുന്നില്‍ ഒന്നു നിറുത്ത്..ഭാര്യയുടെ കല്പനയാണ്.. ഡ്രൈവര്‍ ആയ ഞാന്‍ ചായ കുടിക്കാനുള്ള ആഗ്രഹം ഉള്ളതുകൊണ്ട് അക്ഷരം പ്രതി അനുസരിച്ചു. കടയോട് ചേര്‍ത്ത് കാര്‍ നിറുത്തി.

ചേട്ടാ.. 3 കവര്‍ പാല്‍ വേണം. കാറിലിരുന്നുകൊണ്ട് തന്നെ ഭാര്യ കടക്കാരനോട് പറഞ്ഞു.

ഞാന്‍ വഴക്ക് പറഞ്ഞതുകൊണ്ട് മോള് മിണ്ടാതെ പിന്‍സീറ്റില്‍ മുഖം വീര്‍പ്പിച്ചിരുന്നു.

ഞാന്‍ നോക്കുമ്പോ രണ്ട് സ്ത്രീകള്‍ ഞങ്ങളുടെ കാറിനു നേരെ നടന്നു വരുന്നു...കാര്‍ കടയോട് ചേര്‍ത്തുനിര്‍ത്തിയത് കൊണ്ട് അവര്‍ ഞാനിരിക്കുന്ന ഡ്രൈവിംഗ് സീറ്റിന്റെ സൈഡിലൂടെ കടന്നുപോയി.പെട്ടെന്ന് എന്തോ കണ്ടതുപോലെ അവര്‍ പിന്നിലേക്ക് നടന്നു വന്ന് കാറിന്റെ ഗ്ലാസില്‍ തട്ടി..

സാറേ.. ഒന്ന് ഗ്ലാസ് താഴ്ത്തിയെ.. ഞങ്ങള്‍ ഒന്നു കണ്ടോട്ടെ..

ഞാന്‍ ഗ്ലാസ് താഴ്ത്തി. അവര്‍ കൂടെ ഉണ്ടായിരുന്ന സ്ത്രിയെ കൈ കാട്ടി വിളിച്ചു..
ദേ ഇതാരാന്ന് നോക്കിയേ..

ആരാ.. അവരു ചോദിച്ചു..

എടീ... ഇന്നസെന്റ്! ഞാന്‍ തരിച്ചിരുന്നു പോയി..

സാറേ എവിടെ പോവാ?...

സാറിന്റെ അസുഖമൊക്കെ മാറിയോ?

കാന്‍സറായിരുന്നു അല്ലേ..?

സാറിനു ദൈവം ഒന്നും വരുത്തില്ല.. ഞങ്ങള്‍ ഒക്കെ പ്രാര്‍ത്ഥിക്കുന്നുണ്ട്..

എന്റെ കവിളത്തും താടിയിലൂമെല്ലാം അവര് തലോടി.. കോറോണയും സാമൂഹിക അകലവുമെല്ലാം ആ സ്‌നേഹത്തിനു മുന്നില്‍ ചീറ്റിപ്പോയി..

ഭാര്യയുടെയും മകളുടെയും അടകിപ്പിടിച്ച ചിരി എനിക്ക് കേള്‍ക്കാം..

സാറിന് ഞാന്‍ എന്താ തരാ.. എന്റെ കയ്യില്‍ ഇതേ ഒള്ളു സാറേ...
ഇതെന്റെ ഓണ സമ്മാനം..

അവര്‍ ഒരു പാക്കറ്റ് പപ്പടം എന്റെ കയ്യിലേക്ക് തന്നു..

ഞാന്‍ കയ്യില്‍ കിട്ടിയ കുറച്ചു രൂപ അവര്‍ക്ക് നീട്ടി.. അയ്യോ കാശൊന്നും വേണ്ട സാറേ.. ഇതെന്റെ സമ്മാനമാ...

സാരമില്ല ചേച്ചി ആ പൈസ വാങ്ങിക്കോ.. ഇതു ഞങ്ങളുടെ സമ്മാനം... ഭാര്യയുടെ വക..

അപ്പോഴാണ് ആ സ്ത്രീ എന്റെ ഭാര്യയേയും മകളെയും ശ്രദ്ധിക്കുന്നത്..

ആഹാ.. സാറിന് രണ്ട് പെണ്‍മക്കളാണല്ലേ...

അടുത്ത വെടി...

ഇത് എന്റെ ഭാര്യയും പിന്നിലിരിക്കുന്നത് എന്റെ മകളുമാണെന്ന് പറയാന്‍ തുടങ്ങുന്നതിനു മുമ്പേ എന്റെ മകള്‍ ചാടിക്കേറിപ്പറഞ്ഞു..

ഞങ്ങള്‍ക്ക് രണ്ട് ചേട്ടന്മാരും കൂടി ഉണ്ട് ചേച്ചി..

പാല്‍ വാങ്ങിയോ എന്നൊന്നും നോക്കാതെ ഞാന്‍ കാര്‍ വിട്ടു..

രണ്ട് സ്ത്രീ ജന്മങ്ങളുടെ പൊട്ടിച്ചിരിയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി ഞാന്‍ വീട്ടിലെത്തി..

നേരെ റൂമില്‍ കയറി സില്‍ക്ക് ജുബ്ബ ഊരി വലിച്ചെറിഞ്ഞു..
വളിച്ച മുഖത്തു നോക്കി ഞാന്‍ ഒരുതീരുമാനം എടുത്തു .. ഇനി മീശ വടിക്കില്ല..

അകത്ത് നിന്നും ഭാര്യ വിളിച്ചു പറഞ്ഞു, മോളെ വാപ്പച്ചിയോട് ചായ കുടിക്കാന്‍ വരാന്‍ പറ..

അത് കേട്ട് മോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു..

Recommended Video

cmsvideo
മമ്മൂട്ടിയെ അന്ന് ജാതി പറഞ്ഞ് അധിക്ഷേപിച്ചു! | Oneindia Malayalam

അപ്പച്ചാ.. അപ്പച്ചന്റെ മൂത്ത മോള് ചായ കുടിക്കാന്‍ വിളിക്കണു..

English summary
actor siddique says 2 women's mistakenly identify him as actor innocent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X