തിരഞ്ഞെടുപ്പ് പ്രചരണത്തിന് നടൻ ശിവരാജ് കുമാറിനെ ഇറക്കി കോൺഗ്രസ്; കർണാടകയിൽ പോരാട്ടം കടുക്കുന്നു
ബെംഗളൂരു: കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി നടൻ ശിവരാജ് കുമാർ. കഴിഞ്ഞ ദിവസം ശിവയുടെ ഭാര്യ ഗീത ശിവകുമാർ കോൺഗ്രസിൽ ചേർന്നിരുന്നു. താൻ കോൺഗ്രസിനെ പിന്തുണയ്ക്കുന്നുവെന്നും ഭാര്യയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും ശിവരാജ് കുമാർ പറഞ്ഞു. അന്തരിച്ച മുതിർന്ന നടൻ ഡോ രാജ്കുമാറിന്റെ മകനാണ് ശിവ രാജ്കുമാർ. മുൻ മുഖ്യമന്ക്രി എസ് ബംഗാരപ്പയുടെ മകളാണ് ഗീത.
ഗീത ശിവകുമാറിന്റെ സഹോദരൻ മധു ഭംഗാരപ്പയും കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ശിവമോഗയിലെ സോരഭ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ' ഭാര്യ കോൺഗ്രസിൽ ചേർന്നതിൽ തനിക്ക് വളരെ അധികം സന്തോഷമുണ്ട്. സംസ്ഥാനത്ത് പുതിയൊരു മാറ്റം ഉണ്ടാകുന്നതിന് വേണ്ടിയാണ് അവർ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചത്. എന്റെ ഭാര്യയുടെ എല്ലാ തീരുമാനങ്ങളേയും ഞാൻ എല്ലായപ്പോഴും പിന്തുണച്ചിട്ടുണ്ട്. മധുവിന് വേണ്ടിയും ഞങ്ങൾ രണ്ട് പേരും തിരഞ്ഞെടുപ്പ് പ്രചരണം നടത്തും', ശിവരാജ് കുമാർ പറഞ്ഞു.

'ഗീയുടെ പിതാവ് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ അവളെ രാഷ്ട്രീയം പഠിപ്പിക്കേണ്ട കാര്യമില്ല. നിരവധി സാമൂഹിക പ്രവർത്തനങ്ങളിവ്‍ അവർ ഭാഗമായിട്ടുണ്ട്', ശിവരാജ് പറഞ്ഞു.
രാഹുൽഗാന്ധിയുടെ പ്രയത്‌നത്തിലും അദ്ദേഹത്തോടുള്ള ആരാധന കൊണ്ടുമാണ് ഗീത ശിവകുമാർ കോൺഗ്രസിൽ ചേർന്നതെന്ന് കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നേരത്തേ ഗീത തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജെ ഡി എസ് സ്ഥാനാർത്ഥിയായി ബി എസ് യെദിയൂരപ്പയ്ക്കെതിരെ ആയിരുന്നു പോരാട്ടം.അതേസമയം ഗീതയുടെ സഹോദരൻ മധു ഭംഗാരപ്പ മറ്റൊരു സഹോദരനും ബിജെപിയുടെ സിറ്റിംഗ് എംഎൽഎയുമായ കുമാർ ബംഗാരപ്പയ്ക്കെതിരെയാണ് മത്സരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിൽ സിനിമാ താരങ്ങളെ ഇറക്കി പ്രചരണം നയിക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടികൾ ബി ജെ പിക്ക് വേണ്ടി പ്രമുഖ കന്നഡ താരങ്ങളായ കിച്ചാ സുധീപും നടൻ ദർശനും പ്രചരണം നയിക്കും. നേരത്തേ കിച്ചാ സുധീപ് കോൺഗ്രസിൽ ചേരുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. നടനുമായി ഡികെ ശിവകുമാർ ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട് സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് വേണ്ടി കിച്ചാ സുധീപ് പ്രചരണത്തിന് ഇറങ്ങിയിരുന്നു.












Click it and Unblock the Notifications