ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റി, ഭാര്യയോട് സംസാരിച്ചു
കൊച്ചി: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന് ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് നല്കിവന്നിരുന്ന വെന്റിലേറ്റര്‍ സഹായം നീക്കം ചെയ്തു. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ കൂടി നിരീക്ഷണം തുടരും. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ശ്രീനിവാസനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലുള്ള ഭാര്യയോടും അടുത്ത സുഹൃത്തക്കളോടും ശ്രീനിവാസന് സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മകന് ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അഭിനയിക്കാന്‍ പോവണമെന്ന് ശ്രീനിവാസന് പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു.
വിഎം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡബ്ബിംഗിനായി എറണാകുളത്തെത്തിയപ്പോഴായിരുന്നു ശ്രീനിവാസന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. ശ്രീനിവാസന് ഹൃദയസതംഭനമെന്ന് ഇന്നലെ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കിയിരുന്നു.