ആശംസകളുമായി മോദി; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് സാക്ഷിയായി വന്‍താരനിര
തൃശ്ശൂര്‍: നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടേയും രാധികയുടേയും മകള്‍ ഭാഗ്യയുടെ വിവാഹം കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനുമായിട്ടായിരുന്നു വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാക്ഷിയാകാന്‍ എത്തിയിരുന്നു. മലയാള സിനിമയിലെ പ്രമുഖരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
സിനിമാ ലോകത്ത് നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുശ്ബൂ എന്നിവര്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ ചടങ്ങിനെത്തിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇന്നലെ തന്നെ കുടുംബസമേതം ഗുരുവായൂരില്‍ എത്തിയിരുന്നു. ഇന്നലെയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തിയത്. കൊച്ചിയില്‍ വിമാനമിറങ്ങിയ മോദി ഇന്ന് രാവിലെയാണ് ഗുരുവായൂരില്‍ എത്തിയത്.

Image Credit: Screengrab/Youtube
ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയ മോദിയെ കാണാന്‍ വന്‍ ജനാവലിയാണ് കോളേജ് പരിസരത്ത് തടിച്ചുകൂടിയത്. ഇവിടെ നിന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തി അല്‍പനേരം വിശ്രമിച്ച ശേഷമാണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്. കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് കയറിയ പ്രധാനമന്ത്രി വിശേഷാല്‍ പൂജകളിലും പങ്കെടുത്തു. ദര്‍ശനത്തിന് ശേഷമാണ് മോദി വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹം നടന്ന മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു. ഇതിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു പോയി. രണ്ട് മണിക്കൂറോളമാണ് നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിലവഴിച്ചത്. ഗുരുവായൂരപ്പന്റെ ദാരുശില്‍പം മോദിക്ക് സമര്‍പ്പിച്ചു. താമര മൊട്ടുകള്‍ കൊണ്ട് തുലാഭാരം നടത്തിയ മോദി കേരളീയ വേഷത്തില്‍ ആണ് ഗുരുവായൂര്‍ അമ്പലത്തിലെത്തിയത്.
പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് പൊഫ.വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. തൃപയാര്‍ ക്ഷേത്രം കൂടി സന്ദര്‍ശിച്ചായിരിക്കും മോദി കേരളം വിടുന്നത്. അതേസമയം വിവാഹത്തിന് ശേഷം ഈ മാസം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും റിസപ്ഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ക്ക് വേണ്ടിയാണ് കൊച്ചിയില്‍ വിരുന്നൊരുക്കിയിരിക്കുന്നത്.
ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് തിരുവനന്തപുരത്തെ വിരുന്ന്. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്‍- ശ്രീദേവി ദമ്പതികളുടെ മകനാണ് ശ്രേയസ്. ജൂലൈയില്‍ ആയിരുന്നു ശ്രേയസിന്റേയും ഭാഗ്യയുടേയും വിവാഹനിശ്ചയം. സുരേഷ് ഗോപി-രാധിക ദമ്പതികള്‍ക്ക് ഗോകുല്‍, ഭാവ്‌നി, മാധവ് എന്നീ മക്കളുമുണ്ട്. ഒരു മകള്‍ ലക്ഷ്മി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.












Click it and Unblock the Notifications