സുരേഷ് ഗോപി ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്..! 'ജാനകി എന്ന പേര് മാറ്റിയില്ലെങ്കില്‍ റിലീസ് ചെയ്യേണ്ട'
നടന്‍ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് പ്രതിസന്ധിയില്‍. സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ജൂണ്‍ 27 നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കെ ആണ് സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്. ജാനകി എന്ന പേര് മാറ്റണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.
എന്നാല്‍ ഇത് സാധ്യമല്ല എന്ന് സിനിമയുടെ നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. സിനിമ ഈ വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കനാകില്ലെന്ന് സംവിധയകന്‍ പ്രവീണ്‍ നാരായണനും വ്യക്തമാക്കി. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ സിനിമയ്ക്കാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് വിളിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

സിനിമയിലെ കഥാപാത്രമായ 'ജാനകി' എന്ന പേര് ടൈറ്റിലില്‍ നിന്നും കഥാപാത്രത്തിന്റെ പേരില്‍ നിന്നും മാറ്റണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ എമ്പുരാന്‍ സിനിമയില്‍ ഗുജറാത്ത് കലാപം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സുരേഷ് ഗോപി സെന്‍സര്‍ ബോര്‍ഡിന്റെ റീ എഡിറ്റിംഗിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
മാത്രമല്ല എമ്പുരാന്‍ സിനിമയിലെ എന്‍ഡ് ക്രെഡിറ്റില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിയുടെ സിനിമയ്ക്ക് തന്നെ സെന്‍സര്‍ ബോര്‍ഡ് കട്ട് വെച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിയായ ശേഷം സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ജാനകി VS സ്റ്റേറ്റ് ഓഫ് കേരള.
സുരേഷ് ഗോപിയ്‌ക്കൊപ്പം അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന ചിത്രം കോര്‍ട്ട് റൂം ത്രില്ലര്‍ ആണ്. നേരത്തെ ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയായി U/A 13+ റേറ്റിംഗ് ലഭിച്ചിരുന്നു. ചിത്രത്തിന് ഒരു കട്ട് പോലുമില്ലാതെയായികുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരുന്നത്. ജെ. ഫനീന്ദ്ര കുമാറാണ് ജെഎസ്‌കെയുടെ നിര്‍മാതാവ്. സേതുരാമന്‍ നായര്‍ കങ്കോലാണ് സഹ നിര്‍മാതാവ്.
നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.












Click it and Unblock the Notifications