ഭീമന്‍ രഘു സിപിഎമ്മില്‍; എകെജി സെന്ററിലെത്തിയ താരത്തെ സ്വീകരിച്ച് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ബി ജെ പി ബന്ധം ഉപേക്ഷിച്ച നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേക്ക്. സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസായി എ കെ ജി സെന്ററിലെത്തിയ ഭീമന്‍ രഘു, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. സി പി എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം ഭീമന്‍ രഘു എം വി ഗോവിന്ദനെ അറിയിച്ചു. സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയും ഭീമന്‍ രഘുവിനൊപ്പമുണ്ടായിരുന്നു.
എം വി ഗോവിന്ദന്‍ തന്നെ ചുവന്ന പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത് എന്ന് ഭീമന്‍ രഘു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിമാരായ വി അബ്ദുറഹ്‌മാനും ശിവന്‍കുട്ടിയും ഈ സമയം എ കെ ജി സെന്ററിലുണ്ടായിരുന്നു. ചിന്തശേഷിയുള്ളവര്‍ക്ക് ബി ജെ പിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ബി ജെ പി തരുന്നില്ല എന്നും ഭീമന്‍ രഘു കുറ്റപ്പെടുത്തി.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചെന്നും ഭീമന്‍ രഘു പറഞ്ഞു. താന്‍ പല സ്ഥലത്തും ചെല്ലുമ്പോള്‍ അവിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകാറില്ലെന്നും അതൊക്ക മനപ്രയാസം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ' സുരേഷ് ഗോപി ചേട്ടനെ പ്രചരണത്തിനായി വിളിച്ചിരുന്നു. എന്നാല്‍ ചേട്ടന്റെ പി എ ആണ് ഫോണ്‍ എടുത്തത്. കുറെ തവണ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തു. പത്തനാപുരത്ത് പ്രചരണത്തിന് വരാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു,' ഭീമന്‍ രഘു പറഞ്ഞു.
മാനസികമായി ഏറെ വേദനയുണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നും ഭീമന്‍ രഘു പറഞ്ഞു. താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാലേ ബി ജെ പിക്ക് എന്തെങ്രിലും നേട്ടമുണ്ടാക്കാനാകൂ എന്നും സി പി എം കേരളത്തില്‍ ആ നിലയില്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് 2000 വോട്ട് മാത്രമുള്ളിടത്ത് 13000 വോട്ട് തനിക്ക് പിടിക്കാനായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്ന് മുതല്‍ പാര്‍ട്ടി വിടണം എന്ന ചിന്ത തന്റെ ഉള്ളിലുണ്ടായിരുന്നു. ലിഖിതമായ ഭരണഘടനയുള്ളത് കൊണ്ടാണ് സി പി എം തിരഞ്ഞെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ഭരണഘടന സി പി എമ്മിനുണ്ട്. ഡല്‍ഹിയിലെ രണ്ട് പേരാണ് തന്നെ ബി ജെ പിയിലേക്ക് ക്ഷണിച്ചത് എന്നും ഭീമന്‍ രഘു പറഞ്ഞു. നരേന്ദ്ര മോദി ബിജെപിയുടെ നേതാവാണെന്നും പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ബി ജെ പിയെ രണ്ട് പേരാണ് ഭരിക്കുന്നത്. സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ ശരിയായ പ്രവര്‍ത്തനമല്ല നടത്തിയത് എന്നും താന്‍ ബിജെപിക്കാരനായപ്പോള്‍ ഇപ്പോള്‍ സിനിമയൊന്നും ഇല്ലേ എന്ന് പലരും ചോദിച്ചിരുന്നു എന്നും ഭീമന്‍ രഘു പറഞ്ഞു. മുഖ്യമന്ത്രി നിലപാടും തന്റേടവും കഴിവുമുള്ള വ്യക്തിയാണെന്നും സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി മികച്ച കാഴ്ചപ്പാടുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications