ബിജെപി സ്ഥാനാര്‍ഥിയാകുമോ എന്ന് ചോദ്യം; വിചിത്ര പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍...
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വാര്‍ത്ത. പാലക്കാട് മണ്ഡലത്തില്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കുമെന്നും പറയപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട പ്രചാരണത്തിന് നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ പ്രതികരണം വളരെ വിചിത്രമായ രീതിയില്‍ ആയിരുന്നു. മാളികപ്പുറം സിനിമയുടെ വിജയം സംബന്ധിച്ച് ചോദിച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ രാഷ്ട്രീയ കാര്യങ്ങള്‍ കൂടി സംസാരിച്ചത്. ഈ സമയം ചോദ്യമുന്നയിച്ച വ്യക്തിയെ ചേര്‍ത്ത് പിടിച്ച് ഉണ്ണി മുകുന്ദന്‍ നടക്കുകയായിരുന്നു.

യുവ നടന്‍മാരില്‍ ഏറെ തിളങ്ങി നില്‍ക്കുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. സിനിമയും വിവാദങ്ങളുമെല്ലാമായി പലപ്പോഴും മാധ്യമങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. അദ്ദേഹം. നടന്‍ ബാലയുമായുള്ള തര്‍ക്കവും ഉണ്ണി മുകുന്ദന്റെ മറുപടിയുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ആദ്യമെത്തിയവരില്‍ ഉണ്ണി മുകുന്ദനുമുണ്ടായിരുന്നു.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ വേരുറപ്പിക്കാന്‍ ബിജെപി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ജനപ്രിയരായവരെ സ്ഥാനാര്‍ഥികളാക്കുക എന്ന ലക്ഷ്യമാണ് പാര്‍ട്ടിക്കുള്ളത്. നടന്‍ സുരേഷ് ഗോപി ഇത്തവണയും തൃശൂരില്‍ മല്‍സരിക്കുമെന്നാണ് വിവരം. സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ മല്‍സരിക്കുമ്പോള്‍ തൊട്ടടുത്ത മണ്ഡലമായ പാലക്കാട് ഉണ്ണി മുകുന്ദനെ കളത്തിലിറക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് വാര്‍ത്തകള്‍.
പാലക്കാട് ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. നേരത്തെ ശോഭാ സുരേന്ദ്രനും സി കൃഷ്ണകുമാറുമെല്ലാം തിളക്കമുള്ള പ്രകടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കാഴ്ചവച്ചത്. പാര്‍ട്ടിക്ക് ഓരോ തിരഞ്ഞെടുപ്പിലും വോട്ടുകളുടെ എണ്ണം ഉയര്‍ന്നുവരികയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെതിരെ മെട്രോമാന്‍ ഇ ശ്രീധരനെ മല്‍സരിപ്പിച്ചതും ബിജെപിയുടെ തന്ത്രമായിരുന്നു.
ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ബിജെപി അഞ്ച് സീറ്റില്‍ ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ കേരള ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കര്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഉണ്ണി മുകുന്ദന്‍ പാലക്കാട് മല്‍സരിക്കുമെന്ന വാര്‍ത്ത. പാലക്കാട് സ്വദേശിയായ ഉണ്ണിയെ സ്വന്തം നാട്ടില്‍ മല്‍സരിപ്പിച്ച് നേട്ടം കൊയ്യാനാണ് ബിജെപി ആലോചിക്കുന്നതെന്നും പറയപ്പെടുന്നു.
പ്രചരിക്കുന്ന വാര്‍ത്ത സംബന്ധിച്ച ചോദ്യമാണ് മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി മുകുന്ദനോട് ചോദിച്ചത്. മൂവി മാന്‍ ബ്രോഡ്കാസ്റ്റ് പ്രതിനിധിയാണ് ചോദ്യമുന്നയിച്ചത്. മാളികപ്പുറത്തിന്റെ വിജയം, കളക്ഷന്‍, ജനങ്ങള്‍ ആരാധ്യ പുരുഷനായി കാണുന്നു... തുടങ്ങിയ വിഷയങ്ങളിലെല്ലാം ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. പിന്നീടാണ് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച ചോദ്യം വന്നത്.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് പറയുന്നുണ്ടല്ലോ, എന്താണ് പ്രതികരണം എന്നായിരുന്നു ചോദ്യം. ഈ വേളയില്‍ വാ ഇനി നമുക്ക് നടന്ന് സംസാരിക്കാമെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍ മാധ്യമപ്രവര്‍ത്തകന്റെ തോളില്‍ കൈയ്യിട്ട് നടക്കുകയായിരുന്നു. ഈ വേളയിലും ചോദ്യം ഉന്നയിച്ചു. വണ്ടി അവിടെയുണ്ട്. നമുക്ക് അങ്ങോട്ട് നടക്കാമെന്ന് ഉണ്ണി വീണ്ടും പ്രതികരിച്ചു. നടന്റെ കൂടെയുള്ളവര്‍ ഇത് കണ്ട് ചിരിക്കുകയും പല കമന്റുകള്‍ പറയുന്നുണ്ടായിരുന്നു. ഈ വേളയില്‍ മതി പോട്ടെ, എന്ന് പറഞ്ഞ് മറ്റുള്ളവര്‍ ഉണ്ണി മുകുന്ദനെ വിളിച്ചുകൊണ്ടുപോകുകയായിരുന്നു.












Click it and Unblock the Notifications