മാളികപ്പുറം രാഷ്ട്രീയ സിനിമയോ?; താന്‍ അഭിനയിക്കുന്നത് കൊണ്ടാവാം ആ ചോദ്യം; തുറന്നുപറഞ്ഞ് ഉണ്ണി
കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം കഴിഞ്ഞ ദിവസമാണ് തീയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാല്‍ സിനിമ ഒരു രാഷ്ട്രീയ സിനിമയാണെന്ന തരത്തില്‍ പ്രചരണം സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നിരുന്നു. ബി ജെ പി നേതാക്കള്‍ അടക്കം ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.

മാളികപ്പുറം ഒരു രാഷ്ട്രീയ ചിത്രമല്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഞാന്‍ ഒരിക്കലും ഒരു രാഷ്ട്രീയ ചിത്രം ചെയ്തിട്ടില്ല. ചെയ്യുന്നുണ്ടെങ്കില്‍ അത് അങ്ങനെ ഒരു സിനിമയാണെന്ന് പറയും. മാളികപ്പുറം ഒരു കുടുംബ ചിത്രമാണ്. കല്ലു എന്നൊരു കുട്ടിക്ക് ശബരിമലയില്‍ പോകണം, അത്രയേ ഉള്ളൂ ഈ സിനിമയുടെ കഥ.

കുടുംബ പ്രേക്ഷകര്‍ക്ക് തീയേറ്ററില്‍ എത്തി എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന സിനിമയാണ് മാളികപ്പുറം. ഈ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നു എന്നതുകൊണ്ടാണ് രാഷ്ട്രീയ ചിത്രമാണോ എന്ന ചോദ്യം വന്നതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ പൂജയ്ക്ക് വന്ന ആളുകള്‍ മുതലുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചതെന്ന് അവതാരകന്‍ പറഞ്ഞു.

എന്നാല്‍ അതൊക്കെ സുഹൃത്ത് ബന്ധങ്ങളുടെ പേരില്‍ വന്നതാവാമെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വലതുപക്ഷ രാഷ്ട്രീയ ചായ്വുള്ള വ്യക്തിയാണോ ഉണ്ണി മുകുന്ദന്‍ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്നാല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ലല്ലോ ഞാന്‍ പറഞ്ഞത്, ഞാന്‍ ഗുജറാത്തിലായതുകൊണ്ടും ഞാന്‍ ഇങ്ങനെയായതുകൊണ്ടും ഒരു നരേറ്റീവില്‍ എന്നെ കാണരുതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അഭിമുഖത്തില്‍ ബാലയുമായുള്ള വിഷയവും അവതാരകന്‍ ചോദിച്ചു. ആ ചോദ്യത്തിന് ഉണ്ണി മുകുന്ദന്റെ മറുപടി ഇങ്ങനെയായിരുന്നു, അദ്ദേഹം നല്ല ഒരാളാണ്, ഞാന്‍ എന്റെ ജീവിതത്തില്‍ എല്ലാം നല്ല അനുഭവങ്ങളായിട്ടാണ് കാണുന്നത്. അനുഭവങ്ങളിലൂടെ വളര്‍ന്ന ഒരാളാണ് ഞാന്‍. എന്നെ സംബന്ധിച്ചും അത് ഒരു അനുഭവമായിരുന്നു.

ആ ഒരു വിഷയത്തില്‍ പല വേര്‍ഷന്‍സും വന്നതുകൊണ്ടാണ് ഒരു പ്രസ്താവന നടത്തേണ്ടി വന്നത്. എന്നെ ഇഷ്ടപ്പെടുന്ന, എന്നെ ഞാനാക്കി മാറ്റിയ ഒരു സമൂഹമുണ്ട്, കുടുംബങ്ങളുണ്ട്, എന്നെ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാം. അവര്‍ക്ക് വേണ്ടിയാണ് അന്നൊരു വിശദീകരണം നല്‍കിയതെന്ന് ഉണ്ണ്ി മുകുന്ദന്‍ പറഞ്ഞു.

അതേസമയം, മാളികപ്പുറം സിനിമ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കണ്ട രാഷ്ട്രീയ നേതാക്കള്‍ ഉണ്ണി മുകുന്ദനെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മാളികപ്പുറം കണ്ടു. ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍ ആണെന്നാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു.

ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവര്‍ക്കെല്ലാം തങ്ങളുടെ യാത്രയില്‍ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാനിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. 'ഭക്തന്റെ കൂടെ ഈശ്വരന്‍ മനുഷ്യ രൂപത്തിലെത്തും' എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് പകര്‍ന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെണ്‍കുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവള്‍ എടുക്കുന്ന റിസ്‌ക്കും സൂക്ഷ്മമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.

രണ്ടാം പകുതിയില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്‌സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പം രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ ചിത്രം നെഞ്ചോടു ചേര്‍ത്തുവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല- കെ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications